Connect with us

National

പുന:പരിശോധനാ ഹരജി തള്ളിയാല്‍ യാഖൂബ് മേമനെ 30ന് തൂക്കിലേറ്റും

Published

|

Last Updated

മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസുകളിലെ പ്രതി യാക്കൂബ് മേമന്‍ സമര്‍പ്പിച്ച ഹരജി തള്ളിയാല്‍ അയാളെ ജൂലൈ 30നകം തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. തന്റെ വധശിക്ഷ ചോദ്യം ചെയ്ത് സമര്‍പിച്ച ഹരജിയിലെ വിധി പ്രതികൂലമാണെങ്കില്‍ 30ന് മേമന തൂക്കിലേറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. 250 പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടന കേസില്‍വധശിക്ഷക്ക് വിധിക്കപ്പെട്ട മേമന്‍ നല്‍കിയ ഹരജി നേരത്തേ സുപ്രീംകോടതിയും രാഷ്ട്രപതിയും തള്ളിയിരുന്നു. തുടര്‍ന്ന് മേമന്‍ തിരുത്തല്‍ ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.ശിക്ഷ നടപ്പാവുകയാണെങ്കില്‍ മുംബൈ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ആദ്യ വധശിക്ഷയാവുമിത്.
മുബൈ സ്‌ഫോടനക്കേസില്‍ ഗൂഢാലോചന കുറ്റത്തിന് ടാഡ കോടതി വധശിക്ഷയ്ക്ക് വിധിച്ച യാഖൂബ് മേമനെ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. മേമന്റെ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് മുംബൈ തീവ്രവാദ വിരുദ്ധ കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. തൂക്കിലേറ്റാനുള്ള എല്ലാ സൗകര്യങ്ങളും നാഗ്പൂര്‍ ജയിലില്‍ ഉണ്ട്. തൂക്കിലേറ്റാനുള്ള തീയതിക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്പ ഫട്‌നാവിസ് അംഗീകാരവും നല്‍കിയിട്ടുണ്ട്.
മേമന്റെ വധശിക്ഷ നേരത്തെ സുപ്രീം കോടതി ശരിവെച്ചിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ആദ്യം മേമന്റെ ദയാഹരജി തള്ളിയതിനാല്‍ പുന:പരിശോധനാ ഹരജി സുപ്രീംകോടതി തള്ളാനാണ് എല്ലാ സാധ്യതകളും. ദയാഹര്‍ജി തള്ളിയ രാഷ്ട്രപതി വധശിക്ഷയ്ക്കുള്ള തീയതി തീരുമാനിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. വധശിക്ഷ ചോദ്യം ചെയ്തുള്ള മേമന്റെ പുന:പരിശോധനാ ഹര്‍ജി ഏപ്രില്‍ ഒന്പതിനാണ് സുപ്രീംകോടതി തള്ളിയത്. തുടര്‍ന്നാണ് മേമന്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജൂലായ് 21ന് ഈ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.