കടുവകള്‍ കാടിറങ്ങുന്നു; കാരണം വ്യക്തമാകാതെ വനംവകുപ്പ്

Posted on: July 15, 2015 9:42 am | Last updated: July 15, 2015 at 9:42 am
SHARE

മാനന്തവാടി: കടുവകള്‍ നാടിറങ്ങുന്നതും മനുഷ്യനെയും മൃഗങ്ങളെയും കൊന്ന് തിന്നുമ്പോഴും ഇതിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താനാകാതെ വനം വകുപ്പ് വട്ടം കറങ്ങുന്നു. സമീപ കാലത്തായാണ് ജില്ലയിലെ പല ഭാഗങ്ങളിലും കടുവ ഇറങ്ങി മനുഷ്യനെയും വളര്‍ത്തു മൃഗങ്ങളേയും ആക്രമിക്കുന്ന പ്രവണത കൂടുതലായി കണ്ടു വരുന്നത്. രണ്ട് വര്‍ഷം മുമ്പ് തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറയിലും പരിസര പ്രദേശങ്ങളിലും തുടര്‍ച്ചയായി വളര്‍ത്തു മൃഗങ്ങളെ കൊന്ന് തിന്നിരുന്നു. ജനരോഷത്തെ തുടര്‍ന്ന് കടുവയെ കൂട് വെച്ച് പിടികൂടുകയാണ് ചെയ്തത്. വനത്തില്‍ കൊണ്ടു വിട്ട ഈ കടവുവയാണ് ബത്തേരി ചെറിയ നായ്ക്കട്ടിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. പിന്നീട് വനം വകുപ്പ് വെടിവെച്ച് കൊല്ലുകയും ചെയ്തു. ഇതേ സാഹചര്യമാണ് ഇപ്പോള്‍ വീണ്ടും ജില്ലയില്‍ ഉണ്ടായിട്ടുള്ളത്.
ഓടപ്പള്ളം, വള്ളുവാടി എന്നിവിടങ്ങളിലാണ് കടുവ ഇറങ്ങി തുടര്‍ച്ചയായി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു കൊന്നത്. എന്നാല്‍ കടുവ ജനവാസ കേന്ദ്രങ്ങളില്‍ ഇടക്കിടെ എത്തുന്നതിന്റെ കാരണം കണ്ടെത്തുന്നതിന് വനം വകുപ്പിന് കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. ഒരു കടുവയുടെ ആവാസ മേഖല എന്ന് പറയുന്നത് 70 മുതല്‍ 100 ചതുരശ്ര മീറ്റര്‍ വരെയുള്ള പ്രദേശമാണ്. തന്റെ സാമ്രാജ്യം ഏതെന്ന് വ്യക്തമാക്കുന്നതിനായി കടുവകള്‍ മരത്തില്‍ നഖം കൊണ്ട് അടയാളപ്പെടുത്താറുണ്ട്. ഇവിടെക്ക് മറ്റു മൃഗങ്ങള്‍ക്ക് പ്രവേശനം ഇല്ലെന്നതാണ് ഇത് കൊണ്ട് സൂചിപ്പിക്കുന്നത്. ഇരയെ വേട്ടയാടി മാത്രമെ കടുവകള്‍ പിടികൂടാറുള്ളൂ.
ഈ സാഹചര്യത്തിലാണ് വനം വകുപ്പ്ുമായി ബന്ധപ്പെട്ട വിദഗ്ധരുടെ നിര്‍ദേശത്തിന് പ്രസക്തി ഏറുന്നത്. പ്രായം കൂടുന്തോറും കടുവകള്‍ക്ക് ഇരയെ വേട്ടയാടി പിടിക്കാനുള്ള ശേഷി കുറഞ്ഞ് വരും. ഇത്തരത്തിലുള്ള കടവുകളാണ് ജനവാസ കേന്ദ്രത്തിലിറങ്ങി കെട്ടിയിട്ടതും കൂട്ടിലുള്ളതുമായ മൃഗങ്ങളെ കൊല്ലുന്നതെന്നാണ് നിഗമനം. തന്റെ ഇരയെ പൂര്‍ണമായി ഭക്ഷിക്കുക എന്നതും കടുവയുടെ ഒരു സവിശേഷതയാണ്. ഇക്കാരണത്താലാണ് കൊന്നിടുന്ന മൃഗങ്ങളുടെ സമീപങ്ങളില്‍ തന്നെ കടുവയുടെ സാന്നിധ്യം തുടര്‍ച്ചയായ ദിവസങ്ങളില്‍ കാണപ്പെടുന്നതും. അതേ സമയം തന്നെ പൂര്‍ണ ആരോഗ്യമുള്ള കടുവകളും ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി ആക്രമണകാരിയാകുന്നതിന്റെ കാരണമാണ് ചോദ്യ ചിഹ്നമായി അവശേഷിക്കുന്നത്. ഉയര്‍ന്നിരിക്കുന്ന മറ്റൊരു ആരോപണം കര്‍ണാടകയിലെ ബന്ദിപ്പൂര്‍, നാഗര്‍ ഹോള, മുതുമല എന്നിവിടങ്ങലിറങ്ങി ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന കടുവകളെ പിടികൂടാന്‍ വയനാടന്‍ കാടുകളില്‍ കൊണ്ടു വിടുന്ന രഹസ്യ അജണ്ട കര്‍ണാടക വനം വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നാണ്. എന്നാല്‍ ഇത് പൂര്‍ണമായും തള്ളിക്കളയാന്‍ കേരള വനം വകുപ്പ് തയ്യാറല്ല. ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ഭക്ഷണം തേടിയാണ് നാട്ടിലിറങ്ങുന്നതെങ്ക്ില്‍ കാട്ടില്‍ യഥേഷ്ടം ഭക്ഷണം ലഭിക്കുന്ന കടുവകള്‍ ജില്ലയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇടക്കിടെ എത്തുന്നതാണ് കേരള വനം വകുപ്പിന് ഏറെ തലവേദന സൃഷ്ടിച്ചിരിക്കുന്നത്.