32 ലക്ഷം രൂപയുടെ വിദേശ സിഗരറ്റുകള്‍ പിടികൂടി

Posted on: July 15, 2015 9:19 am | Last updated: July 15, 2015 at 9:19 am
SHARE

കോയമ്പത്തൂര്‍: ഷാര്‍ജയില്‍നിന്നും ദുബായില്‍നിന്നും കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരില്‍നിന്ന് 32. 7 ലക്ഷം രൂപ വിലമതിക്കുന്ന വിദേശനിര്‍മിത സിഗരറ്റ് റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. പി ജയചന്ദ്രന്‍ (44), അബ്ദുള്‍ റഹിമാന്‍ (49), ഷോണ്‍ വിഗ്‌നേഷ് (23), സയ്യിദ് മുഹമ്മദ് (29), എ രാജ മൊഹമ്മദ് (34), നൗഫല്‍ മുക്താര്‍ (22) എന്നീ യാത്രക്കാരുടെ പേരില്‍ കേസെടുത്തു.— എയര്‍ അറേബ്യ വിമാനത്തില്‍ അതിരാവിലെയെത്തിയ യാത്രക്കാരില്‍നിന്നാണ് സിഗരറ്റ് പിടിച്ചത്. വീട്ടില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളടങ്ങിയ പേഴ്‌സണല്‍ ബാഗേജ് എന്ന നിലയില്‍ കൊണ്ടുവന്ന സിഗരറ്റ് കാര്‍ട്ടണ്‍സുമായി ഗ്രീന്‍ചാനലില്‍കൂടി കടന്നുവരുമ്പോഴാണ് റവന്യു ഇന്റലിജന്‍സ് അധികൃതരുടെ വലയില്‍ വീണത്. മൂന്നരലക്ഷത്തോളം സിഗരറ്റ് കാര്‍ട്ടണുകളിലായി ഉണ്ടായിരുന്നു.— ഇതര ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളില്‍ പരിശോധന കര്‍ശനമാക്കിയ സാഹചര്യത്തില്‍ കോയമ്പത്തൂരിനെയാണ് കള്ളക്കടത്തിന് ഉപയോഗിക്കുന്നതെന്ന് അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. 1,700 കാര്‍ട്ടണ്‍സിലായിരുന്ന സിഗരറ്റ് പ്രത്യേകതരത്തില്‍ പാക്കുചെയ്ത് കസ്റ്റംസ് ശ്രദ്ധയില്‍പ്പെടാത്തവിധം ഒളിച്ചുവെച്ചിരിക്കുകയായിരുന്നു. സിഗരറ്റ് കടത്തിയവരെല്ലാം കേരള, കര്‍ണാടക സ്വദേശികളാണ്.