Connect with us

Malappuram

മെഡിക്കല്‍ കോളജ് ഭൂമിയിലെ അനധികൃത അറവ്ശാല; പരാതിയുമായി മാനേജ്‌മെന്റ്

Published

|

Last Updated

മഞ്ചേരി: മെഡിക്കല്‍ കോളജ് ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത അറവ്ശാലക്കെതിരെ പോലീസിനും നഗരസഭക്കും പരാതി. കോളജ് മാനേജ്‌മെന്റ് കമ്മിറ്റിയാണ് കോളജ് വളപ്പിലെ മാലിന്യങ്ങള്‍ക്കെതിരെ അധികൃതര്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് പിറകില്‍ നാടിക്കുന്നില്‍ കോളജ് കമ്മിറ്റി വില കൊടുത്തുവാങ്ങിയ ഭൂമി കൈയേറിയാണ് അനധികൃത കശാപ്പുശാല പ്രവര്‍ത്തിക്കുന്നത്.
ആടുമാടുകളുടെ രക്തവും മറ്റു മാലിന്യങ്ങളും ഇവിടെ പരന്നൊഴുകി വൃത്തികേടാകുന്നതായി പരാതിയുണ്ട്. മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെയും സ്റ്റാഫിന്റെയും ക്വാര്‍ട്ടേഴ്‌സുകള്‍ പണിയാനാണ് ഈ സ്ഥലം കണ്ടെത്തിയിട്ടുള്ളത്. കോളജിലേക്കാവശ്യമായ കുടിവെള്ളം വൈദ്യുതി, റോഡ് എന്നിവയൊന്നും പ്രാബല്യത്തില്‍ വന്നിട്ടില്ല. ചെരണിയില്‍ നിന്ന് പൈപ്പ്‌ലൈന്‍ കീറി ക്യാമ്പസില്‍ ശുദ്ധജലമെത്തിക്കുകയാണ് പദ്ധതി. എന്നാല്‍ ചെരണിയില്‍ റോഡ് മുറിച്ച് പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയിട്ടില്ലത്രെ. എങ്കിലും ബാക്കി ഭാഗത്തുള്ള ജോലികള്‍ തകൃതിയായി നടക്കുന്നുണ്ട്.
നഗരസഭയും ആശുപത്രി വികസന സമിതി മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് വാട്ടര്‍ അതോറിറ്റി എന്നിവയും ചേര്‍ന്ന് ചര്‍ച്ച ചെയ്തു അന്തിമതീരുമാനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മെഡിക്കല്‍ കോളജ് ഉദ്ഘാടന സമയം മന്ത്രിമാരാണ് ബൈപാസില്‍ നിന്ന് കോളജിലേക്ക് റോഡ് വാഗ്ദാനം ചെയ്തത്. സര്‍വേ നടപടിയായി എന്നതൊഴിച്ചാല്‍ പൊതുമരാമത്ത് വകുപ്പ് തുടര്‍ നടപടികളെടുത്തിട്ടില്ല. വൈദ്യുതിയുടെ കാര്യവും പൂര്‍ത്തീകരിച്ചിട്ടില്ല. ക്യാമ്പസില്‍ പ്രത്യേകം ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാനായിരുന്ന വിഭാവനം ചെയ്തത്. എന്നാല്‍ തുടര്‍നടപടികളൊന്നും വൈദ്യുതി വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇതിന്റെയെല്ലാം പൂര്‍ത്തീകരണത്തിന് പ്രിന്‍സിപ്പല്‍ ചുമതലയേല്‍ക്കണം. ഇതേവരെ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്‍ചാര്‍ജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇനി വരുന്നത് പ്രിന്‍സിപ്പലായിരിക്കും.
ഇന്‍ചാര്‍ജായാതിനാല്‍ പല പരിമിതികളുമുണ്ട്. ഇതേവരെയുണ്ടായ പ്രിന്‍സിപ്പല്‍ ഡോ.പി വി നാരായണനും ഇന്‍ചാര്‍ജായിരുന്നു. അതിനാല്‍ മറ്റുള്ളവരുടെ ശമ്പളബില്ലില്‍ ഒപ്പിടാന്‍ അര്‍ഹതയുണ്ടായിരുന്നില്ല. ഡോ.നാരായണനും ശമ്പളം ലഭിച്ചിരുന്നില്ല. ലക്ഷങ്ങളുടെ ഫണ്ടുണ്ടായിട്ടും പല കാര്യങ്ങളും ചെയ്യാന്‍ ഇന്‍ചാര്‍ജ് മാത്രമായിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ തയ്യാറാകാത്തതില്‍ സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും മുറുമുറുപ്പുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുറേ കാലം വൈസ് പ്രിന്‍സിപ്പലായി പരിചയമുണ്ടായിരുന്നതിനാലും അദ്ദേഹം കോഴിക്കോട്ടുകാരനായതിനാലും അവിടെ പ്രിന്‍സിപ്പലായി ചുമതലയേറ്റു.
ആലപ്പുഴ മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ശ്രീവേദിയെ മഞ്ചേരിയിലേക്ക് പ്രിന്‍സിപ്പലായി നിയമിച്ചിട്ടും അവര്‍ വന്നിട്ടില്ല. ഡി എം ഇയാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. കുറേ കാലമായി ഡി എം ഇയും ഇന്‍ചാര്‍ജാണ്. തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷേര്‍ളി വാസുവും കോട്ടയം പ്രിന്‍സിപ്പലും ഡി എം ഇ ആകാന്‍ ശ്രമം നടത്തുന്നുണ്ട്. ഇപ്പോഴത്തെ ഡി എം ഇ ഡോ.ശ്രീകുമാരിയും ഇന്‍ചാര്‍ജായതിനാല്‍ നേരിട്ടുള്ള നിയമനങ്ങള്‍ നടക്കുന്നില്ല. മെഡിക്കല്‍ നിയമനങ്ങള്‍ക്കും സ്ഥലം മാറ്റങ്ങള്‍ക്കും ലക്ഷങ്ങളുടെ കോഴയാണ് ഒഴുകുന്നത്. ഐ എം എ, കെ ജി എം ഒ എ, കെ ജി എം സി ടി അസോസിയേഷന്‍ എന്നീ സംഘടനകള്‍ക്ക് പുതിയ മെഡിക്കല്‍ കോളജുകള്‍ തന്നെ ആവശ്യമില്ല.
33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഞ്ചേരിയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വരുന്നത്. മൂന്നാം ബാച്ച് തുടങ്ങാന്‍ എം സി ഐ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. പ്രവേശം പൂര്‍ത്തിയായാല്‍ വീണ്ടും മെഡിക്കല്‍ കൗണ്‍സില്‍ സംഘം പരിശോധനക്കെത്തും. അപ്പോഴേ വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകള്‍, അധ്യാപകരുടെയും സ്റ്റാഫിന്റെയും നിയമനങ്ങള്‍, അവര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സുകളുടെ ജോലികള്‍ എല്ലാം പൂര്‍ത്തിയാകണം.

Latest