പോലീസുകാരന്റെ പല്ല് എറിഞ്ഞ് വീഴ്ത്തിയ സംഭവം: വിചാരണ ഇന്നാരംഭിക്കും

Posted on: July 15, 2015 9:01 am | Last updated: July 15, 2015 at 9:08 am
SHARE

മഞ്ചേരി: കല്ലുകൊണ്ടെറിഞ്ഞ് പോലീസുകാരന്റെ നാല് പല്ലുകള്‍ പൊട്ടിയ കേസിന്റെ വിചാരണ ഇന്ന് മഞ്ചേരി അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍ ആരംഭിക്കും.
ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ കരിപ്പത്തൊടി സമീര്‍ (28), കല്ലിങ്ങല്‍ അനീസ് ബാബു (30), പറമ്പത്ത് കുഞ്ഞിമൊയ്തീന്‍ (45), അമ്പലപ്പടി മനോജ് (43), മുക്കണ്ണന്‍ സിദ്ദീഖ് (43), പുന്നപ്പാല അനൂപ് (22), തട്ടാരക്കാടന്‍ ശരീഫ് എന്ന നാണി (27), പന്നിക്കോടന്‍ അനൂപ് (22) ചെട്ട്യാരമ്മല്‍ അശ്‌റഫ് (34), ചെഞ്ചിറ കബീര്‍ (26), തൊണ്ടന്‍വീട്ടില്‍ സുനില്‍(44), കൊട്ടമ്പാറ ഫിറോസ് ബാബു, പകിടീരി രഞ്ജിത് (39), അജീഷ്, കുഴിക്കാടന്‍ നൗഷാദലി, ഖമറുദ്ദീന്‍ ആലുക്കാപ്പറമ്പന്‍, ചെമ്പന്‍ കുഞ്ഞാണി, സുഫിയാന്‍ വട്ടത്തൊടി, അയ്യൂബ് ഖാന്‍ കോന്തക്കുളവന്‍(30), റസല്‍ കുന്നത്തീരി എന്നിവരാണ് പ്രതികള്‍.2012 ആഗസ്റ്റ് രണ്ടിന് എല്‍ ഡി എഫ് ആഹ്വാനം ചെയ്ത കേരള ഹര്‍ത്താലില്‍ കാസര്‍കോഡ് ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് പിറ്റേ ദിവസം എല്‍ ഡി എഫ് ആചരിച്ച കരിദിനത്തോടനുബന്ധിച്ച് വണ്ടൂരില്‍ നടത്തിയ പ്രകടനം അക്രമാസക്തമാവുകയായിരുന്നു. മുന്‍കൂട്ടി അനുമതി വാങ്ങാതെ നടത്തിയ പ്രകോപനപരമായ പ്രകടനം തടയാനെത്തിയ പോലീസിനെ കല്ല്, വടി എന്നിവ കൊണ്ട് അക്രമിക്കുകയായിരുന്നു. കല്ലേറില്‍ സി പി ഒ വ്യതീഷിന്റെ നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ഹോംഗാര്‍ഡ് രാജുവിന് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് കേസ്.
പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സാജു ജോര്‍ജ്ജ് ഹാജരാകും.
വണ്ടൂര്‍ എസ് ഐ മനോജ് പറയറ്റ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ആകെ 13 സാക്ഷികളാണുള്ളത്. ഇതില്‍ ആദ്യ മൂന്നു സാക്ഷികളെ സബ് ജഡ്ജ് രാജന്‍ തട്ടില്‍ മുമ്പാകെ ഇന്ന് വിസ്തരിക്കും.