Connect with us

Malappuram

ജില്ലാതല ഓഫീസര്‍മാരുടെ തസ്തികകളില്‍ ഉടന്‍ നിയമനം: മുഖ്യമന്ത്രി

Published

|

Last Updated

ജില്ലയില്‍ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ
പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കുന്നു



മലപ്പുറം: ജില്ലയിലെ വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥരുടെ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തുന്നതിന് അടിയന്തിരമായ നടപടി കൈകൊള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
ഈ ആവശ്യവുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കണ്ട ജില്ലാ പഞ്ചായത്തിന്റെ നിവേദക സംഘത്തോടാണ് മുഖ്യമന്ത്രി ഈ ഉറപ്പ് നല്‍കിയത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയോടൊപ്പമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാടിന്റെ നേതൃത്വത്തിലുള്ള നിവേദക സംഘം മുഖ്യ മന്ത്രിയെ കണ്ടത്.
ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ സംസ്ഥാന തലവന്‍മാരുടെ യോഗം പ്രത്യേകം വിളിച്ച് ചേര്‍ക്കാമെന്നും എത്രയും ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഇത് പോലുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് ശ്ലാഘനീയമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആരോഗ്യ വകുപ്പില്‍ നിന്ന് ജില്ലാ പഞ്ചായത്തിന് കൈമാറിയ മൂന്ന് അലോപതി ജില്ലാ ആശുപത്രികളുടെ സ്റ്റാഫ് പാറ്റേണ്‍ ജില്ലാ ആശുപത്രിക്കനുസരിച്ച് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള നിവേദനവും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നീ താലൂക്ക് ആശുപത്രികള്‍ ജില്ലാ ആശുപത്രികളാക്കി ഉയര്‍ത്തി കൊണ്ട് ഉത്തരവായതല്ലാതെ ഇതിനനുസരിച്ചുള്ള ജീവനക്കാരുടെ തസ്തിക അനുവദിക്കാത്തത് കൊണ്ട് ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയതിന്റെ ഗുണം രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്നും ഈ കാര്യത്തില്‍ വളരെ ഗൗരവമായ ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ആരോഗ്യ വകുപ്പ് മന്ത്രിയുമായി ആലോചിച്ച് ഈ കാര്യത്തിലും അടിയന്തിര നടപടികളെടുക്കാമെന്ന് മുഖ്യ മന്ത്രി നിവേദക സംഘത്തിന് ഉറപ്പ് നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോടൊപ്പം സ്ഥിരം സമിതി അധ്യക്ഷരായ സക്കീന പുല്‍പ്പാടന്‍, ടി. വനജ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ അബ്ദുല്‍ ലത്തീഫ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

---- facebook comment plugin here -----

Latest