ഗുരുതര രോഗങ്ങള്‍ക്കിരയാവുന്നവര്‍ക്ക് സൗജന്യ ചികിത്സാ പദ്ധതികളുമായി ജില്ലാ ഭരണകൂടം

Posted on: July 15, 2015 8:50 am | Last updated: July 15, 2015 at 8:50 am
SHARE

കോഴിക്കോട്: ഗുരുതര രോഗങ്ങള്‍ക്കിരയാവുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതിയുമായി ജില്ലാ ഭരണകൂടം. ചില വ്യക്തികള്‍ക്ക് പെട്ടന്നുണ്ടാകുന്ന രോഗങ്ങള്‍ പലപ്പോഴും കുടുംബങ്ങളുടെ താളംതെറ്റിക്കുന്നു. കുടുംബനാഥന്‍ കിടപ്പിലാകുന്നതോടെ ചികിത്സാ ചെലവിന് മറ്റ് കടുംബാംഗങ്ങള്‍ വലയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സൗജന്യ ചികിത്സ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കലക്ടര്‍ എന്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. വിശപ്പില്ലാ നഗരമെന്ന ആശയവുമായി നടപ്പാക്കിയ ഓപ്പറേഷന്‍ സുലൈമാനിക്ക് ശേഷം കലക്ടറുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സുപ്രധാന പദ്ധതിയാണിത്.
പദ്ധതിയുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ (ഡി സി ഐ പി) ഭാഗമായാണ് ഇതേക്കുറിച്ചുള്ള പഠനങ്ങള്‍ നടക്കുന്നത്. ജില്ലയിലെ സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക. ഇതിനായി ക്യാഷ്‌ലെസ് ഹെല്‍ത്ത് കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തും. ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന് സമാനമായ സൗകര്യങ്ങളായിരിക്കും പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് ചുരുങ്ങിയ ചെലവിലും പദ്ധതിയില്‍ വാര്‍ഷിക അംഗത്വം എടുക്കാം. രോഗചികിത്സയുമായി ബന്ധപ്പെട്ട് നിലവിലുള്ള സര്‍ക്കാര്‍ സഹായ പദ്ധതികളെ ഏകോപിപ്പിച്ച് അവയുടെ ഗുണഫലം പദ്ധതിയില്‍ ലഭ്യമാക്കും. പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാവും സഹായ പദ്ധതികള്‍ ഏകോപിപ്പിക്കുക. ഇവയില്‍ കൂടുതലായി വരുന്ന ചികിത്സാ ചെലവുകള്‍ ക്രോസ് സബ്‌സിഡി വഴിയും വാര്‍ഷിക ഫണ്ട് പിരിവിലൂടെയും കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകള്‍ ഉപയോഗിച്ചുമാണ് സ്വരൂപിക്കുക.