ക്രൂഡ് വില താഴ്‌ന്നേക്കും; ഇറാന്‍ കൂടുതല്‍ ആയുധ സജ്ജമാകും

Posted on: July 15, 2015 6:00 am | Last updated: July 15, 2015 at 1:36 am
SHARE

Petrol_pumpവാഷിംഗ്ടണ്‍/ടെഹ്‌റാന്‍: ഇറാനും വന്‍ ശക്തികളും തമ്മില്‍ സാധ്യമായ ആണവ കരാറിന്റെ ഭാവി നിരവധി ആഭ്യന്തര ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. ഇറാന്‍ പരമോന്നത നേതൃത്വത്തിന്റെ കാഴ്ചപ്പാട് കരാറില്‍ നിര്‍ണായകമാകും. അതുപോലെ അമേരിക്കന്‍ കോണ്‍ഗ്രസ് ഈ കരാറിനെ എങ്ങനെ കാണുമെന്നതും പ്രധാനമാണ്. ഡെമോക്രാറ്റുകള്‍ ന്യൂനപക്ഷമായ കോണ്‍ഗ്രസ് കരാറിനെതിരെ ശക്തമായി നിലനിന്നാല്‍ ഒരു പക്ഷേ അത് ഇന്നത്തെ രൂപത്തില്‍ നടപ്പാകാതെ വന്നേക്കാം.
എണ്ണ വിപണിയെയാണ് കരാര്‍ നേരിട്ട് ആദ്യം ബാധിക്കാന്‍ പോകുന്നത്. ഇറാന്റെ എണ്ണ സമ്പത്ത് കൂടുതല്‍ ഫലപ്രദമായി വിപണനം നടത്താന്‍ ഈ കരാര്‍ വഴിയൊരുക്കും. ഉപരോധം നീങ്ങുന്നതോടെ ഇറാനില്‍ നിന്നുള്ള എണ്ണയുത്പന്നങ്ങള്‍ വന്‍ തോതില്‍ കമ്പോളത്തില്‍ എത്തും. ഇത് ക്രൂഡ് ഓയില്‍ വില കുറയുന്നതിന് വഴിവെച്ചേക്കാം. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇത് ഗുണകരമായിരിക്കും. ഇന്നലെ കരാര്‍ വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ 2.3 ശതമാനമാണ് ക്രൂഡ് വില താഴ്ന്നത്. എന്നാല്‍ പിന്നീട് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ നിലപാട് സംബന്ധിച്ച അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തില്‍ വില ഉയര്‍ന്നു.
ഇറാനില്‍ 30 മില്യണ്‍ ബാരല്‍ ശേഖരം വില്‍പ്പനക്ക് തയ്യാറായി ഉണ്ടെന്നാണ് ഫാക്ട്‌സ് ഗ്ലോബല്‍ എനര്‍ജിയുടെ കണക്ക്. കരാറിന്റെ മഷിയുണങ്ങും മുമ്പ് തന്നെ എണ്ണ കയറ്റുമതി കുത്തനെ കൂട്ടാന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി വ്യക്തമാക്കിയിരുന്നു.
ഉപരോധം നീങ്ങുന്നത് ഇറാനെ കൂടുതല്‍ ആയുധ സജ്ജമാക്കും. റഷ്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് മിസൈലുകളും മറ്റും ഇറക്കുമതി ചെയ്യുന്നതിന് ഇത് ഇറാനെ സഹായിക്കും. എന്നാല്‍ ഇത്തരം ഇറക്കുമതിയില്‍ നിയന്ത്രണം വേണമെന്ന് അമേരിക്കയിലെ പ്രമുഖ സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഇസില്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇറാന്‍ കൂടുതല്‍ ആയുധമണിയട്ടെ എന്ന നിലപാടിലാണ് വൈറ്റ് ഹൗസ്. ഇസ്‌റാഈലിന്റെ എതിര്‍പ്പ് ഇക്കാര്യത്തില്‍ അവഗണക്കാനാണ് സാധ്യത.