ന്യൂഹൊറൈസണ്‍ പേടകം പ്ലൂട്ടോക്ക് തൊട്ടടുത്ത്; നാസക്ക് ചരിത്രനേട്ടം

Posted on: July 15, 2015 6:00 am | Last updated: July 15, 2015 at 1:28 am
SHARE

2A85A9AC00000578-3160464-image-a-23_1436875434656
കേപ് കനാവറല്‍: പ്ലൂട്ടോയുടെ രഹസ്യം തേടിയുള്ള മനുഷ്യന്റെ യാത്ര വിജയത്തിലേക്ക്. പ്ലൂട്ടോയുടെ വിശേഷങ്ങളറിയാന്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് യു എസിലെ കേപ് കനാവര്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് നാസ വിക്ഷേപിച്ച ന്യൂഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയുടെ ഏറ്റവും അരികിലെത്തി. 2006 ജനുവരി 19ന് വിക്ഷേപിച്ച പേടകം ഇന്നലെ വൈകീട്ട് ഇന്ത്യന്‍ സമയം 5.19നാണ് പ്ലൂട്ടോയുടെ ഏറ്റവും അടുത്തെത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മനുഷ്യ നിര്‍മിത പേടകം പ്ലൂട്ടോയുടെ അരികിലെത്തുന്നത്.
പ്ലൂട്ടോയുടെ 12500 കിലോമീറ്റര്‍ അടുത്തുകൂടിയാണ് പേടകം കടന്നുപോയത്. 3462 ദിവസങ്ങള്‍ സൗരയൂഥത്തിലൂടെ സഞ്ചരിച്ചാണ് ന്യൂഹൊറൈസണ്‍ പ്ലൂട്ടോക്ക് അരികിലെത്തിയത്. പ്ലൂട്ടോയുടെ ഏറ്റവും കൃത്യമായ വിവരങ്ങളും ക്ലോസ് അപ്പ് ചിത്രങ്ങളും വരും ദിവസങ്ങളില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. ന്യൂഹൊറൈസണ്‍സില്‍ നിന്ന് റേഡിയോ സിഗ്നലുകള്‍ ഭൂമിയിലെത്താന്‍ നാലര മണിക്കൂര്‍ സമയമെടുക്കും.
ഇത്തിരിക്കുഞ്ഞന്‍ ഗ്രഹമെന്ന് പറഞ്ഞ് തള്ളിയിരുന്ന പ്ലൂട്ടോ അത്ര ചെറുതല്ലെന്ന് ന്യൂഹൊറൈസണില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഗ്രഹങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ചെറിയതെന്ന് അറിയപ്പെട്ടിരുന്ന പ്ലൂട്ടോക്ക് 1473 മൈല്‍ (2370 കിലോമീറ്റര്‍) വ്യാസമാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ പുതിയ വിവരങ്ങള്‍ അനുസരിച്ച് ഇതിനേക്കാള്‍ 50 മൈല്‍കൂടി വ്യാസം അധികമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കുള്ളന്‍ ഗ്രഹമായ എറിസിനേക്കാള്‍ വലുപ്പമുണ്ട് പ്ലൂട്ടോക്ക് എന്ന് വ്യക്തമായി. മാത്രമല്ല, പ്ലൂട്ടോയ്ക്ക് ഷാരോണ്‍ എന്ന് പേരിട്ട ഒരു ഉപഗ്രഹം മാത്രമേ ഉള്ളൂവെന്നായിരുന്നു ശാസ്ത്രലോകം ഇതുവരെ കരുതിയിരുന്നത്. ന്യൂഹൊറൈസണ്‍ ഇതും തിരുത്തിയിരുന്നു. അഞ്ച് ഉപഗ്രഹങ്ങള്‍ പ്ലൂട്ടോയെ വലംവെക്കുന്നുവെന്ന വിവരമാണ് ന്യൂഹൊറൈസണ്‍ ശാസ്ത്രലോകത്തിന് നല്‍കിയത്. ഈ ഉപഗ്രഹങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ന്യൂ ഹൊറൈസണില്‍ നിന്ന് വരും ദിവസങ്ങളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
2006ല്‍ രാജ്യാന്തര ജ്യോതിശാസ്ത്ര സമിതി പ്ലൂട്ടോയെ കുള്ളന്‍ ഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി ഗ്രഹങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പ്ലൂട്ടോയേക്കാള്‍ വലിയ ഗ്രഹസദൃശമായ വസ്തുക്കള്‍ കിയ്പര്‍ വലയത്തില്‍ കണ്ടെത്തിയതോടെ ആയിരുന്നു ഇത്.
പ്ലൂട്ടോയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് നാസ ഹൊറൈസണ്‍സ് പേടകം അയച്ചത്. ഏഴ് ശാസ്ത്ര ഉപകരണങ്ങള്‍ അടങ്ങിയതാണ് ഈ പേടകം. റാല്‍ഫ് ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോമീറ്റര്‍, ആലിസ് അള്‍ട്രാവയലറ്റ് സ്‌പെക്ട്രോമീറ്റര്‍, റെക്‌സ് റേഡിയോ സയന്‍സ് എക്‌സ്പിരിമെന്റ്, ലോറി ലോങ് റേഞ്ച് ഇമേജര്‍, സ്വാപ് സോളര്‍ വിന്‍ഡ്, പ്ലാസ്മ സ്‌പെക്ട്രോമീറ്റര്‍, പെപ്‌സി, എസ്ഡിസി എന്നിവയാണ് ഈ ഉപകരണങ്ങള്‍.