Connect with us

National

നല്ല ദിനങ്ങള്‍ക്കായി 25 വര്‍ഷം കാത്തിരിക്കണമെന്ന് അമിത് ഷാ

Published

|

Last Updated

ഭോപാല്‍/ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വാഗ്ദാനമായ “നല്ല ദിനങ്ങള്‍” വാരാന്‍ ഇനിയും 25 വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്ന് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ. അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷ് ഭരണത്തിന് മുമ്പ് മാത്രമാണ് ഇന്ത്യ നല്ല ദിനങ്ങള്‍ അനുഭവിച്ചത്. ഈ നിലയിലേക്ക് ഇന്ത്യയെ തിരിച്ചെത്തിക്കാന്‍ ബി ജെ പിക്ക് സംസ്ഥാനങ്ങളില്‍ കൂടി തിരഞ്ഞെടുപ്പ് വിജയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, അമിത് ഷായുടെ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും എ എ പിയും രംഗത്തെത്തി. “രാജ്യത്ത് നല്ല ദിനങ്ങള്‍ വരാന്‍ 25 വര്‍ഷം എടുക്കുമായിരിക്കും. എന്നാല്‍, താങ്കളുടെ നല്ല ദിനങ്ങള്‍ വന്നിരിക്കുന്നു. താങ്കള്‍ക്കെതിരായ എല്ലാ കേസുകളും ഒത്തുക്കിത്തീര്‍ക്കൂ. എന്നിട്ട് ആസ്വദിക്കൂ. ജനങ്ങള്‍ നരകത്തില്‍ പോകട്ടെ”- കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് പ്രതികരിച്ചു. നല്ല ദിനങ്ങള്‍ക്കായി ഇനിയും 25 വര്‍ഷം കാത്തിരിക്കാന്‍ വേണ്ടിയാണോ ജനം ബി ജെ പിയെ അധികാരത്തെലേറ്റിയതെന്ന് എ എ പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ചോദിച്ചു.
എന്നാല്‍, അമിത് ഷാ ഇത്തരത്തില്‍ പ്രസംഗിച്ചിട്ടില്ലെന്നാണ് ബി ജെ പി പറയുന്നത്. ബ്രിട്ടീഷ് ഭരണകാലത്തിന് മുമ്പുണ്ടായിരുന്നതു പോലുള്ള നല്ല കാലത്തിലേക്ക് ഇന്ത്യയെ എത്തിക്കാന്‍ 25 വര്‍ഷം വേണ്ടിവരുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മാധ്യമങ്ങള്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ബി ജെ പി സെക്രട്ടറിയും മാധ്യമവിഭാഗം ചുമതലക്കാരനുമായ ശ്രീകാന്ത് ശര്‍മ പറഞ്ഞു.

Latest