Connect with us

Editorial

നിയമ കമ്മീഷന്റെ വെളിപ്പെടുത്തല്‍

Published

|

Last Updated

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളും ദളിതരും സര്‍വ രംഗങ്ങളിലും വിവേചനം നേരിടുകയാണെന്ന പരാതിയെ സാധൂകരിക്കുന്നതാണ് വധശിക്ഷ വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്നവരെ സംബന്ധിച്ചു പുറത്തുവന്ന നിയമകമ്മീഷന്റെ കണക്കുകള്‍. 2013 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളില്‍ രാജ്യത്തെ തടവറകളില്‍ തൂക്കുകയര്‍ പ്രതീക്ഷിച്ചു കഴിയുന്ന 385 പേരില്‍ 75 ശതമാനവും ദളിത് ന്യൂനപക്ഷ വിഭാഗക്കാരാണെന്നാണ് ജസ്റ്റിസ് എ പി ഷാ അധ്യക്ഷനായ നിയമകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗൗരവതരമായി പരിശോധിക്കേണ്ട വിഷയമാണിതെന്ന് ഡല്‍ഹി നാഷനല്‍ യൂനിവേഴ്‌സിറ്റിയില്‍ നടന്ന ഒരു ചടങ്ങില്‍ മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി കൂടിയായ ഷാ അഭിപ്രായപ്പെടുകയുമുണ്ടായി.
രാജ്യത്ത് കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരില്‍ കൂടുതലും ദളിത് പിന്നാക്ക വിഭാഗക്കാരായത് കൊണ്ടല്ല ഇത്. മറിച്ച്, കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ജാതിയും മതവും സാമൂഹിക നിലയും മാനദണ്ഡമാക്കിയാണ് ബന്ധപ്പെട്ടവര്‍ അത് കൈകാര്യം ചെയ്യുന്നത് എന്നതുകൊണ്ടാണ്. ന്യൂനപക്ഷങ്ങളെ അപരാധികളും അപകടകാരികളുമാക്കി ചിത്രീകരിക്കുന്ന ഫാസിസത്തിന്റെ അപകടകരമായ പ്രത്യയശാസ്ത്ര പദ്ധതിയില്‍ അകപ്പെട്ടിരിക്കയാണ് നീതിപാലകരില്‍ നല്ലൊരു വിഭാഗവും. പ്രതിയുടെ സ്വത്വമോ നിറമോ മതമോ വേഷമോ അല്ല ഒരാളോട് സ്വീകരിക്കേണ്ട നിലപാടിന്റെ മാനദണ്ഡം എന്നാണ് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നതെങ്കിലും ഏട്ടിലെ പശു പുല്ല് തിന്നില്ലല്ലോ. ഒരു ജനതയുടെ സാംസ്‌കാരിക ഔന്നത്യം നിര്‍ണയിക്കുന്ന ഘടകങ്ങളില്‍ പ്രധാനം ന്യൂനപക്ഷങ്ങളോടും ദുര്‍ബലരാക്കപ്പെട്ടവരോടുമുള്ള കരുണാവായ്പാണെന്നാണ് തത്വം. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത് പാടേ നഷ്ടമായിക്കൊണ്ടിരിക്കുന്നു.പൊതുധാരാ മാധ്യമങ്ങളും പൊതുസമൂഹവും വര്‍ഗീയ ഫാസിസം ആസൂത്രിതമായി വളര്‍ത്തിയെടുത്ത ഈ ചിന്താഗതിയിലേക്ക് വഴുതിപ്പോയിരിക്കുന്നു. മുംബൈയിലും മറ്റും മുസ്‌ലിംകള്‍ക്ക് ഫഌറ്റ് വാടക്ക് കൊടുക്കാന്‍ വിസമ്മതിക്കുന്നതിന്റെ പശ്ചാത്തലമിതാണ്. ഒരേ സാഹചര്യമുള്ള രണ്ട് പ്രണയ വിവാഹ വ്യവഹാരങ്ങളില്‍ ഒരുത്തിയെ പിതാവിനൊപ്പം വിടുകയും മറ്റേ പെണ്‍കുട്ടിയെ കമിതാവിനൊപ്പം പറഞ്ഞയക്കുകയും ചെയ്ത ന്യായാസനത്തിന്റെ നിലപാടും ഈ സ്വാധീനത്തിന്റെ വ്യാപനമാണ് വ്യക്തമാക്കുന്നത്.
ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പീഡനത്തിന്റെയും വിവേചനത്തിന്റെയും നേര്‍ചിത്രങ്ങളാണ് ഏറ്റുമുട്ടല്‍ കൊലകളും വര്‍ഗീയ സംഘര്‍ഷങ്ങളും. ഇത്തരം സംഭവങ്ങള്‍ 99 ശതമാനവും മതന്യൂനപക്ഷങ്ങളെ, വിശേഷിച്ചും മുസ്‌ലിംകളെ ലക്ഷ്യം വെച്ചാണെന്ന് ആഭ്യന്തര മന്ത്രിയായിരിക്കെ സുഷീല്‍ കുമാര്‍ ഷിന്‍ഡെ തന്നെ തുറന്നുസമ്മതിച്ചതാണ്. ഭൂരിപക്ഷ വര്‍ഗീയത ആസൂത്രിതമായി സംഘടിപ്പിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങളില്‍ പലപ്പോഴും പ്രതിചേര്‍ക്കപ്പെടുന്നത് മുസ്‌ലികളാണ്. കുറ്റം ഇന്ത്യന്‍ മുജാഹിദീന്‍ പോലെ, സാങ്കല്‍പികമോ യാഥാര്‍ഥ്യമോ എന്ന് ഇനിയും തെളിയിക്കപ്പെടാത്ത ഏതെങ്കിലും “മുസ്‌ലിം ഭീകര” സംഘടനയുടെ പേരില്‍ ചാര്‍ത്തി നിരപരാധികളെ വേട്ടയാടുകയാണ് നീതിപാലക, കുറ്റാന്വേഷണ സംഘടനകളുടെ ശൈലി. മുസ്‌ലിം ഭീകരതയുടെ പേരില്‍ ചാര്‍ത്തപ്പെട്ട മിക്ക സ്‌ഫോടനങ്ങളുടെ പിന്നിലും ഹിന്ദുത്വ ഭീകരതയാണെന്ന് സ്വാമി അസീമാനന്ദയെ പോലെ സംഭവങ്ങളിലെ പങ്കാളികള്‍ കുറ്റസമ്മതം നടത്തിയിട്ടും അതിന്റെ പേരില്‍ തുടക്കത്തില്‍ ജയിലിലടക്കപ്പെട്ട നിരപരാധികളായ പലരും ഇന്നും ജയില്‍ മോചിതരായിട്ടില്ല. മാത്രമല്ല, എന്‍ ഐ എ നടത്തിയ നിഷ്പക്ഷ അന്വേഷണത്തിലെ കണ്ടെത്തലുകളെ അട്ടിമറിച്ചു പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ട നിരപരാധികളെ കുറ്റക്കാരാക്കാനുള്ള ആസൂത്രിത ശ്രമത്തിലാണ് ഇപ്പോഴത്തെ എന്‍ ഐ എ അടക്കമുള്ള കുറ്റാന്വേഷണ വിഭാഗമെന്നാണ് പുതിയ വിവരം.
ഭരണകൂടങ്ങളില്‍ നിന്നും നീതിപാലകരില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മനുഷ്യര്‍ ഏല്‍ക്കേണ്ടി വരുന്ന വിവേചനത്തിന്റെയും പീഡനത്തിന്റെയും കഥകള്‍, പൊതുധാരാ മാധ്യമങ്ങളുടെ ആസൂത്രിതമായ തസ്‌കരണത്തിനിടയിലും നമ്മുടെ ചെവികളിലെത്തുന്നുണ്ട്. മാവോവാദി ബന്ധം ആരോപിച്ചു, അവിടെ നടക്കുന്ന വ്യാപകമായ ദളിത് വേട്ടയില്‍ ആയിരക്കണക്കിന് നിരപരാധികളാണ് ജയിലിലടക്കപ്പെടുന്നത്. പ്രബുദ്ധകേരളം പോലും ഇത്തരം വിവേചനപരമായ ഇടപെടലുകളില്‍ നിന്ന് മുക്തമല്ലെന്ന് മുത്തങ്ങയിലെ വെടിവെപ്പടക്കമുള്ള പല സംഭവങ്ങളും ചൂണ്ടിക്കാട്ടുന്നു. അമേരിക്കയില്‍ “വെളുത്ത” പോലീസ് “കറുത്ത” തൊലിയുള്ളവനോട് ചെയ്യുന്നത് തന്നെയാണ് ഇന്ത്യയില്‍ സൈന്യവും പോലീസും ആദിവാസികളെ പോലുള്ള ദുര്‍ബല വിഭാഗങ്ങളോടും ന്യൂനപക്ഷങ്ങളോടും അനുവര്‍ത്തിക്കുന്നത്. വര്‍ഗീയവും ജാതീയവുമായ ചിന്തക്കടിപ്പെട്ട ഇത്തരം ഉദ്യോഗസ്ഥര്‍ തയാറാക്കുന്ന കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യുന്ന കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരിലും തൂക്കുമരത്തിലേക്ക് ആനയിക്കപ്പെടുന്നവരിലും കൂടുതലും ഈ വിഭാഗങ്ങളില്‍ പെട്ടവരായില്ലെങ്കിലല്ലേ അത്ഭുതം!