തടവുകാരെ മോചിപ്പിക്കാന്‍ സ്വര്‍ണ വ്യാപാരിയുടെ സഹായം

Posted on: July 14, 2015 10:19 pm | Last updated: July 14, 2015 at 10:19 pm
SHARE

ദുബൈ: കടബാധ്യതകള്‍മൂലം ജയിലില്‍ കഴിഞ്ഞിരുന്ന 100 തടവുകാര്‍ക്ക് മോചനം. ഇന്ത്യക്കാരനും പ്യുവര്‍ ഗോള്‍ഡ് ജ്വല്ലേഴ്‌സ് ചെയര്‍മാനുമായ ഫിറോസ് മര്‍ച്ചന്റ് എന്ന സ്വര്‍ണ വ്യാപാരിയുടെ നല്ല മനസാണ് തടവുകാരുടെ മോചനത്തിന് പിന്നില്‍.
ഷാര്‍ജ, അജ്മാന്‍, ഫുജൈറ തുടങ്ങിയ സ്ഥലങ്ങളിലെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്കാണ് മോചനം ലഭിക്കുക. ഇതിനായി 3 ലക്ഷം ദിര്‍ഹമാണ് ഫിറോസ് മര്‍ച്ചന്റ് മുടക്കുന്നത്. വീടുവരെ എത്താനുള്ള യാത്രാ ചിലവുകളും എയര്‍ ടിക്കറ്റും ഇതില്‍ ഉള്‍പെടും.
ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യക്കാര്‍ക്കാണ് മോചനം ലഭിക്കുക. വിദ്യാഭ്യാസത്തിനും ചികില്‍സക്കുമായി പണം കടം വാങ്ങി ജയിലില്‍ അകപ്പെട്ടവരാണ് മോചിതരാകുന്ന തടവുകാര്‍. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പ്രിസണ്‍സാണ് തടവുകാരെ തിരഞ്ഞെടുക്കുന്നത്. അവരുടെ ബാധ്യകള്‍ തീര്‍പ്പാക്കാനുള്ള പണം നല്‍കുക മാത്രമാണ് പ്യുവര്‍ ഗോള്‍ഡ് ഗ്രൂപ്പ് ചെയ്യുന്നത്.
2011 മുതലാണ് ഫിറോസ് മര്‍ച്ചന്റ് തടവുകാരുടെ കടബാധ്യത പരിഹരിച്ച് അവരെ മോചിതരാക്കുന്ന കര്‍മപദ്ധതിക്ക് തുടക്കമിട്ടത്. മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലുമായി 320ഓളം സ്‌റ്റോറുകളാണ് പ്യുവര്‍ ഗോള്‍ഡിനുള്ളത്.