ഈദാഘോഷം വിദേശത്തേക്ക് പോകാന്‍ വന്‍ ബുക്കിംഗ്

Posted on: July 14, 2015 9:39 pm | Last updated: July 14, 2015 at 9:39 pm
SHARE

ദുബൈ: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് യു എ ഇ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ ഇത്തവണത്തെ ഈദ് ആഘോഷം വിദേശത്തേക്ക് മാറ്റാന്‍ ആളുകള്‍ ഒരുക്കംതുടങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ വന്‍തോതിലുള്ള വിമാനടിക്കറ്റ് ബുക്കിംഗാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രവാസികളില്‍ നല്ലൊരു വിഭാഗം പെരുന്നാള്‍ ആഘോഷം നേരത്തെ നാട്ടിലേക്ക് മാറ്റിയതിന് പിന്നാലെയാണ് സ്വദേശികളില്‍ ബഹുഭൂരിഭാഗവും ആഘോഷം വിദേശത്തേക്ക് മാറ്റിയിരിക്കുന്നത്. ഇതുമൂലം ഇന്ത്യ ഉള്‍പെടെയുള്ള സെക്ടറിലേക്ക് ടിക്കറ്റിന് വന്‍ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. വേനലവധിയും ഈദും ഒന്നിച്ചായതാണ് വിമാനങ്ങളില്‍ തിരക്ക് വര്‍ധിക്കാനും ടിക്കറ്റ് നിരക്ക് കുത്തനെ കൂടാനും ഇടയാക്കിയിരിക്കുന്നത്.
വന്‍തോതിലാണ് അടുത്ത ദിവസങ്ങളില്‍ ബുക്കിംഗ് ഉണ്ടായിരിക്കുന്നതെന്ന് ഷറഫ് ട്രാവല്‍സ് ജനറല്‍ മാനേജര്‍ പ്രംജിത്ത് ബംഗാര വ്യക്തമാക്കി. ഈദ് അവധി പ്രഖ്യാപിച്ചതോടെയാണ് ആളുകള്‍ കൂട്ടമായി വിദേശ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നത്. ഈജിപ്ത്, ഒമാന്‍, മാലി ദ്വീപുകള്‍, ശ്രീലങ്ക എന്നിവിടങ്ങളിലേക്കാണ് സ്വദേശി കുടുംബങ്ങളില്‍ ബഹുഭൂരിഭാഗവും ഹൃസ്വസന്ദര്‍ശനാര്‍ഥം പോകാന്‍ ആഗ്രഹിക്കുന്നത്. ഈ റൂട്ടുകളിലേക്ക് മിതമായ നിരക്കേ ഈടാക്കുന്നുള്ളൂവെന്നതും ആളുകളെ ആകര്‍ഷിക്കുന്ന ഘടകമാണ്. ഒരു വിഭാഗം സ്ഥിരം കേന്ദ്രങ്ങളായ യൂറോപ്പിലേക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ട്.