എടവണ്ണപ്പാറയില്‍ തെരുവ്‌നായ ശല്യം രൂക്ഷം

Posted on: July 14, 2015 11:29 am | Last updated: July 14, 2015 at 11:29 am
SHARE

dogഎടവണ്ണപ്പാറ: എടവണ്ണപ്പാറയിലും സമീപ പ്രദേശങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമാവുന്നു. രാത്രി കാലങ്ങളില്‍ തെരുവ് നായകള്‍ എടവണ്ണപ്പാറ അങ്ങാടിയില്‍ ധാരാളം കറങ്ങി നടക്കുന്നത് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു.
മാസങ്ങള്‍ക്ക് മുമ്പ് സുബഹി നമസ്‌കാരത്തിന് പള്ളിയില്‍ പോവുകയായിരുന്ന അധ്യാപകന്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായിരുന്നു. കോലോത്തുംകടവില്‍ പശുവിനെ തെരുവുനായകള്‍ കടിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. സമാനമായ സംഭവങ്ങള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാത്രി മുതല്‍ രാവിലെ വരെയാണ് തെരുവ് നായകളുടെ ശല്യമെന്ന നാട്ടുകാര്‍ പറയുന്നു. പ്രഭാത സവാരിക്കാര്‍, ജോലിക്ക് പോകുന്നവര്‍, മദ്‌റസ, ട്യൂഷന്‍ പോകുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് ശല്യം കൂടുതല്‍ നേരിടുന്നത്. പ്രഭാത സവാരിക്കാരില്‍ പലരും കൈകളില്‍ വടിയേന്തിയാണ് ഇപ്പോള്‍ വ്യായാമം നടത്തുന്നത്. തെരുവ് നായകളില്‍ പേയിളകിയ നായകളുടെ കടിയേറ്റ പശുവിന് പേ ഇളകിയ സംഭവം സമീപ പഞ്ചായത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാര്‍ക്കറ്റിന് സമീപം, പാടങ്ങള്‍, വിജനമായ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് തെരുവ് നായകള്‍ ഏറെയും കാണപ്പെടുന്നത്.