സ്വര്‍ണക്കടത്ത്: അന്വേഷണം കേരളത്തിലെ വിവിധ ജ്വല്ലറികളിലേക്ക്‌

Posted on: July 14, 2015 5:55 am | Last updated: July 14, 2015 at 1:08 am
SHARE

goldകൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം കേരളത്തലെ വിവിധ ജ്വല്ലറികളിലേക്ക് നീളുന്നു.
സ്വര്‍ണം കടത്തിക്കൊണ്ടുവന്നത് കേരളത്തിലെ ചില ജ്വല്ലറികള്‍ക്കു വേണ്ടിയാണെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും ഇതേക്കുറിച്ച കസ്റ്റംസ് മൗനം പാലിക്കുകയാണ്. ജ്വല്ലറികള്‍ക്ക് കള്ളക്കടത്ത് സ്വര്‍ണം എത്തിച്ചുകൊടുത്ത ഏതാനും പേരെ കൂടി പിടികൂടുന്നതോടെ അന്വേഷണം പ്രമുഖ സ്ഥാപനങ്ങളിലേക്ക് എത്തുമെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന.
കള്ളക്കടത്തിന്റെ സൂത്രധാരനായ പി എ നൗഷാദിന്റെ സംഘം കടത്തിക്കൊണ്ടു വന്ന സ്വര്‍ണം ജ്വല്ലറികളിലേക്ക് തന്നെയാണ് പോയതെന്ന് വ്യക്തമാണെങ്കിലും ജ്വല്ലറികള്‍ക്കെതിരെ വ്യക്തമായ മൊഴികള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു മാസം മുമ്പ് നൗഷാദ് അറസ്റ്റിലാകുമ്പോള്‍ കള്ളക്കടത്തിന്റെ വ്യാപ്തിയെക്കുറിച്ച് കസ്റ്റംസിന് വ്യക്തമായ രൂപമില്ലായിരുന്നു. നൗശാദിനെ ചോദ്യം ചെയ്ത് ജയിലിലടച്ചതിന് ശേഷമാണ് എമിഗ്രേഷന്‍ വിഭാഗത്തിലെ പോലീസുകാരനായ ജാബിനിലേക്ക് അന്വേഷണം എത്തുന്നതും 15000 കിലോ സ്വര്‍ണം ഒന്നര വര്‍ഷത്തിനിടെ കടത്തിയതിന്റെ വിവരങ്ങള്‍ ലഭിക്കുന്നതും. ഇതോടെ കള്ളക്കടത്ത് ശൃംഖലയിലെ ശേഷിക്കുന്ന കണ്ണികളെ കൂടി കണ്ടെത്തി സ്വര്‍ണം ജ്വല്ലറികളിലേക്ക് എത്തിയതിന് തെളിവുണ്ടാക്കാനാണ് കസ്റ്റംസ് ശ്രമിക്കുന്നത്.
അറസ്റ്റിലായ നൗഷാദിന്റേയും ഫൈസലിന്റേയും അടുത്ത ബന്ധുക്കളടക്കം 11 പേരെയാണ് കേസില്‍ ഇനി പിടികിട്ടാനുള്ളത്. മലപ്പുറം സ്വദേശികളായ രണ്ടു പേരും എറണാകുളം സ്വദേശികളായ ഒരാളും ഒഴികെ മറ്റുള്ളവരെല്ലാം മൂവാറ്റുപുഴ സ്വദേശികളാണ്. ഇവരില്‍ ഒരാള്‍ വിദേശത്താണെന്നും കസ്റ്റംസിന് വിവരം ലഭിച്ചു. മറ്റുള്ളവരെല്ലാം ഒളിവില്‍ പോയിരിക്കയാണ്. നൗശാദ് അടക്കം അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ഇവര്‍ക്ക് സമന്‍സ് അയച്ചെങ്കിലും ആരും ഹാജരായില്ല. തുടര്‍ന്ന് ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ കസ്റ്റംസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇവരില്‍ മലപ്പുറം പട്ടിക്കാട് സ്വദേശി മുഹമ്മദ് സലീം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ മാറ്റി വെച്ചു.
നെടുമ്പാശ്ശേരി വഴി കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം ജ്വല്ലറികളില്‍ എത്തിച്ചു കൊടുത്തിരുന്നത് ഇവരില്‍ ചിലരാണെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടുന്നതോടെ ഏതെല്ലാം ജ്വല്ലറികളിലേക്ക് എങ്ങനെയെല്ലാം സ്വര്‍ണം എത്തിയെന്നതിന് തെളിവാകും. ഇതിന് ശേഷമാകും സ്വര്‍ണക്കടത്തിന്റെ യഥാര്‍ഥ ഗുണഭോക്താക്കളായ ജ്വല്ലറികളിലേക്ക് അന്വേഷണം എത്തുക. കാലാകാലങ്ങളില്‍ കള്ളക്കടത്തായി എത്തിച്ച സ്വര്‍ണം ജ്വല്ലറികള്‍ ആഭരണങ്ങളാക്കി വിറ്റഴിച്ചു കൊണ്ടിരിക്കുന്നതിനാല്‍ തൊണ്ടി മുതല്‍ പിടിച്ചെടുക്കാന്‍ കഴിയില്ലെങ്കിലും സാഹചര്യ ത്തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചാല്‍ ജ്വല്ലറികള്‍ക്കെതിരെയും ശക്തമായ കേസ് ഉണ്ടാകുമെന്നാണ് കസ്റ്റംസ് പറയുന്നത്. നൗഷാദും ജാബിനുമടക്കം 31 പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇവരില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ 11 പേര്‍ക്ക് ഇതുവരെ സമന്‍സ് അയച്ചു. കള്ളക്കടത്ത് ശൃംഖലയില്‍ പെട്ട കൂടുതല്‍ പേര്‍ കേസില്‍ പ്രതികളാകുമെന്നാണ് സൂചന.