Connect with us

Kerala

തീരദേശ ജില്ലകളില്‍ 12 മണ്ണെണ്ണ ബങ്കുകള്‍; ആദ്യ ബങ്ക് തിരുവനന്തപുരത്ത്‌

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളില്‍ 12 മണ്ണെണ്ണ ബങ്കുകള്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ ആദ്യഘട്ടം പൂര്‍ത്തിയായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് വൈകുന്നേരം നാലിന് തിരുവനന്തപുരം ജില്ലയിലെ മര്യനാട്ടില്‍ നിര്‍വഹിക്കും. ഇതോടെ പദ്ധതിയിലെ ആദ്യ ബങ്ക് സ്ഥാപിക്കുന്നതിന് തുടക്കമാകും.
മത്സ്യത്തൊഴിലാളികള്‍ക്കുളള മണ്ണെണ്ണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. പദ്ധതി പ്രകാരം നിലവില്‍ പെര്‍മിറ്റുളള മത്സ്യത്തൊഴിലാളികള്‍ക്ക് ലിറ്ററിന് 25 രൂപ സബ്‌സിഡിയോടെ 140 ലിറ്റര്‍ മുതല്‍ 190 ലിറ്റര്‍ വരെ എന്‍ജിന്‍ ക്ഷമതക്ക് അനുസൃതമായി മണ്ണെണ്ണ വിതരണം ചെയ്യും. ഇതിനായാണ് തീരദേശ ജില്ലകളില്‍ 12 മണ്ണെണ്ണ ബങ്കുകള്‍ സ്ഥാപിക്കുന്നത്. മത്സ്യഫെഡ് വഴിയാണ് സബ്‌സിഡിയോടെയുളള വെളള മണ്ണെണ്ണ വിതരണം ചെയ്യുക.
തിരുവനന്തപുരം ജില്ലയില്‍ വിഴിഞ്ഞം, മരിയനാട്, കൊല്ലത്ത് നീണ്ടകര, ആലപ്പുഴയില്‍ അമ്പലപ്പുഴ, ആര്‍ത്തുങ്കല്‍, എറണാകുളത്ത് തോപ്പുംപടി, തൃശൂരില്‍ അഴീക്കോട്, മലപ്പുറത്ത് പൊന്നാനി, ഉണ്യാല്‍, കോഴിക്കോട് ജില്ലയില്‍ പുതിയാപ്പ, കണ്ണൂരില്‍ മാപ്പിളബേ, കാസര്‍ഗോഡ് ജില്ലയില്‍ കസബ എന്നിവിടങ്ങളിലാണ് മണ്ണെണ്ണ ബങ്കുകള്‍ സ്ഥാപിക്കുന്നത്. പദ്ധതിക്കായി 2014-15 ബജറ്റില്‍ സര്‍ക്കാര്‍ 100 കോടി രൂപ നീക്കിവെച്ചിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എന്നീ ഓയില്‍ കമ്പനികള്‍ നാല് ബങ്കുകള്‍ വീതമാണ് സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ 22,000 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കും. പ്രതിമാസം 3,225 കിലോ ലിറ്റര്‍ വെളള മണ്ണെണ്ണയാണ് ലിറ്ററിന് 25 രൂപ സബ്‌സിഡിയോടെ മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നത്. പത്ത് എച്ച് പി വരെയുളള എന്‍ജിന്റെ പെര്‍മിറ്റുകള്‍ക്ക് പ്രതിമാസം 140 ലിറ്ററും പത്തിന് മുകളില്‍ 15 എച്ച് പി വരെയുളളവക്ക് 150 ലിറ്ററും 15 എച്ച് പിക്ക് മുകളില്‍ 190 ലിറ്ററും വെളള മണ്ണെണ്ണയാണ് വിതരണം ചെയ്യുന്നത്. ഒരു പെര്‍മിറ്റുടമക്ക് പദ്ധതിയിലൂടെ എന്‍ജിന്റെ എച്ച് പിക്ക് അനുസൃതമായി പ്രതിമാസം 3500 രൂപമുതല്‍ 5000 രൂപവരെ സബ്‌സിഡി ലഭിക്കും. പദ്ധതി പ്രകാരം ഉപയോഗത്തിന് അനുസൃതമായി പ്രതിമാസം 8,06,25,000 രൂപ സബ്‌സിഡിയായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ ബേങ്ക് അക്കൗണ്ടിലൂടെ നല്‍കും.

Latest