കസ്റ്റഡി മരണം വീണ്ടും

Posted on: July 14, 2015 6:00 am | Last updated: July 14, 2015 at 12:36 am
SHARE

SIRAJ.......അടിപിടിക്കേസില്‍ കസ്റ്റഡിയിലെടുത്ത സിബിയെന്ന യുവാവിന്റെ മരണത്തെക്കുറിച്ചു പോലീസിലെ പരാതി പരിഹാര സെല്‍ നടത്തിയ പ്രാഥമികാന്വഷണത്തിലെ കണ്ടെത്തലുകള്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. സിബിയുടെ തലയുടെ പിന്‍ഭാഗത്തേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് വൈദ്യപരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് സ്റ്റേഷനില്‍ നിന്നേറ്റതാണെന്ന നിഗമനത്തിലാണ് സെല്‍. ജൂണ്‍ 29ന് വൈകീട്ട് മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ നിന്ന് സിബിയെ ജീപ്പിലേക്ക് വലിച്ചിട്ട് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതായി ദൃക്‌സാക്ഷികളില്‍ നിന്ന് മൊഴിലഭിച്ചതായും കസ്റ്റഡിയിലെടുക്കുമ്പോള്‍ പോലീസുകാര്‍ ചെയ്യേണ്ട പ്രാഥമിക മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ലെന്ന് അന്വേഷണത്തില്‍ അറിഞ്ഞുവെന്നും സെല്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് വെളിപ്പെടുത്തി. മദ്യപിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തയാളുടെ രക്തസാമ്പിള്‍ പരിശോധനക്ക് അയക്കണമെന്നാണ് ചട്ടം. ഇത് പാലിച്ചിട്ടില്ലെന്ന് പരാതിപരിഹാര സെല്‍ മാത്രമല്ല, ഡി ജി പി സെന്‍കുമാറും സമ്മതിക്കുന്നുണ്ട്. കസ്റ്റഡിയിലെടുക്കുമ്പോള്‍ സിബിക്ക് തലക്ക് പരിക്കുണ്ടായിരുന്നില്ലെന്നും സ്റ്റേഷനില്‍ എത്തിയ ശേഷമാണ് അവശനായതെന്നും മാതാപിതാക്കളും പരാതിപ്പെടുന്നു. 29ന് കസ്റ്റഡിയിലെടുക്കുന്ന വേളയില്‍ ആശുപത്രി പരിസരത്ത് വെച്ചു പോലീസ് മര്‍ദിക്കുന്നതായി അയല്‍വാസിയായ സ്ത്രീ കണ്ടതായും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് മദ്യലഹരിയില്‍ മറ്റൊരു യുവാവുമായി നടന്ന അടിപിടിയിലേറ്റ പരുക്കാണ് മരണ കാരണമെന്നാണ് പോലീസ് ഭാഷ്യം.
തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവ് പോലീസ് മര്‍ദനത്തില്‍ മരിച്ചതിനെ തുടര്‍ന്നു കസ്റ്റഡിയിലെ മുഷ്ടി പ്രയോഗവും മൂന്നാം മുറയും കര്‍ശനമായി തടയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് പാഴ്‌വാക്കായി മാറി. കസ്റ്റഡിയിലെടുക്കുന്നവരോടുള്ള പോലീസിന്റെ മനുഷ്യത്വരഹിതമായ സമീപനത്തിന് അറുതി വരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കയാണെന്നാണ് ഈ കസ്റ്റഡി മരണവും പോലീസ് സ്റ്റേഷനുകളില്‍ നിന്നും പലപ്പോഴായി പുറത്തുവന്ന മര്‍ദനങ്ങളുടെ വാര്‍ത്തകളും വ്യക്തമാക്കുന്നത്. യുവതിയേയും കുട്ടിയേയും കാണുന്നില്ലെന്ന് പരാതി നല്‍കാനായി കാഞ്ഞങ്ങാട്ട് സ്റ്റേഷനില്‍ ചെന്ന രാജന്‍ എന്ന ആദിവാസി യുവാവിന് പോലീസുകാരില്‍ നിന്ന് ക്രൂരമര്‍ദനമേല്‍ക്കേണ്ടിവന്നത് കഴിഞ്ഞ ജനുവരി 30നായിരുന്നു. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ചതിന്റെ പേരിലുള്ള കേസുമായി ബന്ധപ്പെട്ട് ജനുവരി 28ന് ഹോസ്ദുര്‍ഗ് സ്റ്റേഷനില്‍ ചെന്ന ഹസൈനാരും പോലീസുകാരുടെ മുഷ്ടിബലമറിഞ്ഞു. പരുക്കേറ്റു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ അവിടെ ചെന്നും പോലീസുകാര്‍ ഹസൈനാരെ ഭീഷണിപ്പെടുത്തി. മേലധികാരികള്‍ക്ക് പരാതി നല്‍കരുതെന്ന് പറഞ്ഞായിരുന്നു ഭീഷണി. കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ വയനാട്ടിലെ ചെന്ദലോട് സ്‌റ്റേഷനിലെത്തിയ മുണ്ടിയാങ്കല്‍ ജയേഷിനെ ഭാര്യയുടെയും കൈക്കുഞ്ഞിന്റെയും മുന്നില്‍ പോലീസ് ലാത്തിയുപയോഗിച്ചു ചല്ലിച്ചതച്ചത് ജനുവരി രണ്ടിനായിരുന്നു. മദ്യപിച്ച് ബസില്‍ സ്ത്രീകളെ ശല്യം ചെയ്തവരെ തടയാന്‍ ശ്രമിച്ച ചിറ്റൂര്‍ കൂത്തുകല്ലില്‍ ബാബു എന്ന ആദിവാസി യുവാവിനെ ഷോളയൂര്‍ പോലീസും ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥനും ചേര്‍ന്ന് മര്‍ദിച്ചതും ഇതേ ദിവസമാണ്.
കസ്റ്റഡി മരണങ്ങള്‍ വിവാദമാകുമ്പോള്‍, സര്‍ക്കാര്‍ ചില നടപടിളൊക്കെ പ്രഖ്യപിക്കാറുണ്ടെങ്കിലും വിവാദം ആറിത്തറുക്കുമ്പോള്‍ എല്ലാം മരവിക്കുന്നതാണ് അനുഭവം. മാത്രമല്ല, ഇത്തരം കേസുകളില്‍ പ്രതിസ്ഥാനത്തുള്ള പോലീസുകാര്‍ ശിക്ഷിക്കപ്പെടുന്നത് അപൂര്‍വവുമാണ്. കസ്റ്റഡി മരണങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്നതിനാല്‍ മരണകാരണം മര്‍ദനമല്ലെന്ന് സ്ഥാപിക്കാനും പ്രതികളെ രക്ഷപ്പെടുത്താനുമാണ് ഭരണത്തിലിരിക്കുന്നവര്‍ വ്യഗ്രത കാണിക്കാറുള്ളത്. കസ്റ്റഡി മരണങ്ങളെക്കുറിച്ചു അനേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, കസ്റ്റഡിയിലെയും ജയിലുകളിലെയും മരണവും പീഡനവും തടയണമെന്ന് സപ്രീം കോടതിയില്‍ നിന്ന് എട്ട് ഉത്തരവുകളുണ്ടായെങ്കിലും സംസ്ഥാന സര്‍ക്കാറുകള്‍ വേണ്ടത്ര പ്രതിബന്ധത കാണിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നുണ്ട്. സ്‌റ്റേഷനുകളിലും ജയിലുകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുക, കായികക്ഷമതാ പരീക്ഷയോടൊപ്പം പേഴ്‌സനാലിറ്റി ടെസ്റ്റ് കൂടി നിര്‍ബന്ധമാക്കുക, സ്റ്റേഷനുകളില്‍ മൂന്നാം മുറ പ്രയോഗിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുക തുടങ്ങിയ നടപടികളിലൂടെ കുറേയൊക്കെ ഇത് നിയന്ത്രിക്കാനാകും. പോലീസുകാര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചാല്‍ സേനയുടെ ആത്മവീര്യം നഷ്ടമാകുമെന്നാണ് ഈ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചപ്പോള്‍ ചില ഉന്നതോദ്യോഗസ്ഥരില്‍ നിന്നുണ്ടായ പ്രതികരണം. ശിക്ഷാനടപടികള്‍ വേണ്ടെന്നുവെച്ചു സാരോപദേശങ്ങളിലൂടെ നന്നാക്കാമെന്നാണെങ്കില്‍ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ മൂന്നാംമുറ പ്രയോഗത്തിന്റെയും കസ്റ്റഡി മരണങ്ങളുടെയും നിരക്ക് ഇനിയും വര്‍ധിക്കുകയേ ഉള്ളു.