നാഥനില്ലാ കളരിയായി മഞ്ചേരി മെഡിക്കല്‍ കോളജ്

Posted on: July 13, 2015 1:21 pm | Last updated: July 13, 2015 at 1:21 pm
SHARE

manjeri medicalമഞ്ചേരി: അടുത്തമാസം മൂന്നാമത്തെ ബാച്ചിന് പ്രവേശനം നല്‍കാനുള്ള നടപടി ആരംഭിക്കാനിരിക്കെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇനിയും പ്രിന്‍സിപ്പല്‍ ചുമതലയേറ്റില്ല. ഡോ. പി വി നാരായണന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായി ചുമതലയേറ്റതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് നാഥനില്ലാ കളരിയായി.
മഞ്ചേരിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ കാരണം പലര്‍ക്കും പ്രിന്‍സിപ്പലായി ചുമതലയേല്‍ക്കാന്‍ മടിയാണ്. രണ്ടാഴ്ചയിലധികമായി മഞ്ചേരിയില്‍ പ്രന്‍സിപ്പലുടെ കസേര ഒഴിഞ്ഞു കിടക്കുകയാണ്. ഇന്‍ചാര്‍ജായി ഒരാളുണ്ടെങ്കിലും അദ്ദേഹത്തിന് പല പരിമിതികളുണ്ട്. രണ്ടു വര്‍ഷം ശമ്പളം കൂടാതെയായിരുന്നു ഡോ. നാരായണന്‍ മഞ്ചേരിയില്‍ ജോലി ചെയ്തത്. ഇന്നും പഴയ കുടിശിക ജോലി ചെയ്തത് കിയിട്ടില്ല.
എഴുപത് കോടി രൂപയുടെ ഫണ്ട് കണ്ടെത്തിയ ശേഷമാണ് പ്രിന്‍സിപ്പല്‍ സ്വന്തം തട്ടകത്തേക്ക് സ്ഥലംമറ്റം വാങ്ങിയത്. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മഞ്ചേരിയിലെ പി ഹിബ എന്ന മിടുക്കിയും അസൗകര്യങ്ങളാല്‍ വീര്‍പ്പ് മുട്ടുന്ന മഞ്ചേരി ഒഴിവാക്കി കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പ്രവേശനം തേടിയിരക്കുന്നത്. ആശുപത്രി കെട്ടിടത്തിന്റെ മുകളിലെ രണ്ടു നിലകളിലായാണ് 199 എം ബി ബി എസ് വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്നത്. ഇവര്‍ക്കു ഇനിയും ഹോസ്റ്റലുകളായിട്ടില്ല. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ക്വാര്‍ട്ടേഴ്‌സുകളില്ല.
പാണക്കാട് ശിഹാബ് തങ്ങള്‍ സ്മാരക ജനറല്‍ ആശുപത്രി എന്ന ബോര്‍ഡ് താഴെ ഇറക്കിവെച്ച് തത്സ്ഥാനത്ത് മെഡിക്കല്‍ കോളജ് ആശുപത്രി എന്ന പുതിയ ബോര്‍ഡ് സ്ഥാപിച്ചു എന്നതൊഴിച്ചാല്‍ ഒരു പുതുമയും അവകാശപ്പെടാനില്ല. മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ പോയതോടെ സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലാര്‍ക്ക്, എല്‍ ഡി ക്ലാര്‍ക്ക് എന്നിവരും മുപ്പതോളം എല്‍ ഡി ക്ലാര്‍ക്ക് എന്നിവരും മുപ്പതോളം സീനിയര്‍ – ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍മാരും സ്ഥലംവിട്ടു.
പ്രിന്‍സിപ്പലായി ആലപ്പുഴ മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ശ്രീദേവി ഉടന്‍ ചുമതലയേല്‍ക്കുമന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നെങ്കിലും മഞ്ചേരിയിലേക്ക് വരാന്‍ താത്പര്യമില്ലെന്നായിരുന്നു അവരുടെ പ്രതികരണം. പലരെയും ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. പുതിയ മെഡിക്കല്‍ കോളജായതിനാല്‍ പലരും അറച്ചു നില്‍ക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ പറയുന്നത്.
വാത രോഗികളുടെ വാര്‍ഡ് അടച്ചുപൂട്ടിയതുള്‍പ്പെടെ നിലവിലെ രോഗികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പല സൗകര്യങ്ങളും ഇല്ലാതാക്കിയുള്ള വികസനമാണ് മെഡിക്കല്‍ കോളജിന്റെ പേരില്‍ നടക്കുന്നത്. ഹൃദ്രോഗം, വൃക്കരോഗം എന്നീ ചികിത്സാ യനിറ്റുകള്‍ തുടങ്ങുന്നതിലും അധികൃതര്‍ പരാജയപ്പെട്ടു. ഡയാലിസിസ് മെഷീനുകള്‍ നോക്കുകുത്തികളായി. മഞ്ചേരിയില്‍ ചികിത്സ തേടിയെത്തുന്ന ഹൃദ്രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കുന്ന ദുരവസ്ഥയിലാണ് കാര്‍ഡിയോളജി ഡോ. ജഷീല്‍.
സ്ത്രീകള്‍ക്കും ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് സ്ഥാപിച്ച ആശുപത്രിയും മഞ്ചേരിക്ക് നഷ്ടമായി. കാത്ത് ലാബ് സ്ഥാപിക്കാനോ, ഡയാലിസിസ് യൂനിറ്റ് കൊണ്ടുവരാനോ എം പി ഫണ്ടില്‍ നിന്ന് നാല് കോടി രൂപ അനുവദിക്കാന്‍ പോലും രാഷ്ട്രീയ കക്ഷികള്‍ക്കോ ജനപ്രതിനിധികള്‍ക്കോ സാധിച്ചിട്ടില്ല. മെഡിക്കല്‍ കോളജ് വന്നതോടെ നിരവധി ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കാന്‍ എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ ഡെങ്കിപ്പനിയും മറ്റും വര്‍ധിച്ച സാഹചര്യത്തില്‍ പ്രത്യേക വാര്‍ഡ് സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ഗൈനക്കോളജിസ്റ്റുകള്‍ വര്‍ധിച്ചെങ്കിലും ഇപ്പോഴും പൂര്‍ണ ഗര്‍ഭണികളെ കോഴിക്കോട്ടേക്ക് റഫര്‍ ചെയ്യുകയാണ്. വാഹനാപകടങ്ങള്‍ സംഭവിച്ചാലും സ്ഥിതി മറിച്ചല്ല. മഞ്ചേരി മെഡിക്കല്‍ കോളജില്‍ മികച്ച പ്രിന്‍സിപ്പലും ജനസേവകരായ ഡോക്ടര്‍മാരും സൗകര്യങ്ങളും ലഭ്യമാക്കേണ്ടിയിരിക്കുന്നു.