തിരൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്; നവീകരണ പ്രവൃത്തി എങ്ങുമെത്തിയില്ല

Posted on: July 13, 2015 1:08 pm | Last updated: July 13, 2015 at 1:08 pm
SHARE

തിരൂര്‍: നവീകരണ പ്രവര്‍ത്തനത്തിന്റെ പേരില്‍ തിരൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് അടച്ചുപൂട്ടി മൂന്നാഴ്ച പിന്നിട്ടിട്ടും നിര്‍മാണ പ്രവൃത്തി എങ്ങുമെത്തിയില്ല.
ബസ് ഉടമകളുടെയും ജീവനക്കാരുടെയും എതിര്‍പ്പ് വകവെയ്ക്കാതെ കഴിഞ്ഞമാസം 20 മുതല്‍ ബസ് സ്റ്റാന്‍ഡ് അടച്ചിടാന്‍ നഗരസഭാ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഇത് ടൗണിലെ കച്ചവടക്കാര്‍ക്കും തിരിച്ചടിയായിരുന്നു. എന്നാല്‍ വേഗത്തില്‍ പണി പൂര്‍ത്തിയാക്കുമെന്ന് നഗരസഭ ഉറപ്പ് നല്‍കിയെങ്കിലും നിര്‍മാണ പ്രവൃത്തി ഇപ്പോള്‍ നിശ്ചലമായിരിക്കുകയാണ്.
ആദ്യ ആഴ്ചയില്‍ ഡാറിംഗ് പൊളിച്ച് മാറ്റുന്നതിനും ലെവലിംഗ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനുമായിരുന്നു. എന്നാല്‍ പിന്നീട് ഒരു പ്രവര്‍ത്തനങ്ങളും നടക്കാത്ത അവസ്ഥയായി. നിര്‍മാണ പ്രവര്‍ത്തി നടത്താതെ ബസ് സ്റ്റാന്‍ഡ് അടച്ചിട്ടതില്‍ ജനങ്ങളില്‍ പ്രധിഷേധത്തിനിടയാക്കിയിട്ടുണ്ട്. ദിവസവും ബസ് സ്റ്റാന്‍ഡിനെ ആശ്രയിക്കുന്ന നൂറുകണക്കിന് ആളുകളാണ് അലക്ഷ്യമായി നഗരത്തില്‍ അലയേണ്ടി വരുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നുള്ള ചീഫ് ടൗണ്‍ പ്ലാനിംഗ് (സി ടി പി) ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. നേരത്തെ തയ്യാറാക്കിയിരുന്ന പ്ലാനിംഗില്‍ മാറ്റം വരുത്തണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലെവലിംഗ് പ്രക്രിയക്ക് ശേഷം പുതിയ പ്ലാനിനായി തിരുവനന്തപുരത്തേക്ക് അയക്കുകയായിരുന്നു. സി ടി പിയില്‍ നിന്നും പുതിയ പ്ലാന്‍ അംഗീകാരമാകണമെങ്കില്‍ ഇനിയും ഒരാഴ്ച കാത്തിരിക്കേണ്ടിവരും. ഇതോടെ നഗരത്തില്‍ തിരക്കുണ്ടാകുന്ന റമസാനിലെ വരും ദിവസങ്ങളിലും പെരുന്നാള്‍ ദിവസവും ജനം കൂടുതല്‍ ബുദ്ധിമട്ടിലാകും.
ബസ് സ്റ്റാന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ സി സി ടി വി ക്യാമറകള്‍, പുതിയ പോലീസ് ഔട്ട് പേസ്റ്റ്, ബസ് സ്റ്റാന്‍ഡ് ഗെയ്റ്റ് എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ പ്ലാന്‍ സമര്‍പ്പിച്ചിട്ടുള്ളത്.