സ്‌കോട്ട്‌ലാന്‍ഡില്‍ ‘രാജ്ഞിവിരുദ്ധ’ ഒപ്പു ശേഖരണം

Posted on: July 13, 2015 6:00 am | Last updated: July 13, 2015 at 1:53 am
SHARE

englond-scotland
ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയതെന്ന ഖ്യാതിയോടെ പുതുതായി നിര്‍മിച്ച ആഡംബര ആശുപത്രിക്ക് എലിസബത്ത് രാജ്ഞിയുടെ പേര് നല്‍കുന്നതിനെതിരെ സ്‌കോട്ട്‌ലാന്‍ഡിലെ ജനങ്ങള്‍. നേരത്തേ ഗ്ലാസ്‌ഗോ യൂനിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്ന് നാമകരണം ചെയ്ത ആശുപത്രിക്ക് ഈയടുത്താണ് എലിസബത്ത് രാജ്ഞിയുടെ പേരിട്ടത്. ഇത് ജനാധിപത്യവിരുദ്ധമാണെന്ന് കാണിച്ച് 10,000ത്തോളം സ്‌കോട്ട്‌ലാന്‍ഡുകാര്‍ ഒപ്പിട്ട ഭീമഹരജി നല്‍കിയിരിക്കുകയാണ്. ഗ്രേറ്റ് ബ്രിട്ടനില്‍ നിന്ന് വേര്‍പെട്ടു പോകാന്‍ ഹിതപരിശോധന നടത്തിയ സ്‌കോട്ട്‌ലാന്‍ഡില്‍ അന്ന് ഐക്യപക്ഷം വിജയിച്ചുവെങ്കിലും അവിടെ സ്വാതന്ത്ര്യ ദാഹം സജീവമാണെന്നതിന് തെളിവാണ് ഈ ഒപ്പു ശേഖരണം. 842 മില്യണ്‍ പൗണ്ട് ചെലവിട്ട് നിര്‍മിച്ച പുതിയ ആശുപത്രിക്ക് 89കാരിയായ രാജ്ഞിയുടെ പേര് നല്‍കുന്നത് ജനാധിപത്യത്തെ അവഹേളിക്കലാണെന്ന് ഒപ്പു ശേഖരണം നടത്തിയ ഗ്രൂപ്പുകള്‍ പറഞ്ഞു. ആശുപത്രിക്ക് സ്‌കോട്ട്‌ലാന്‍ഡിലെ ആദ്യ വനിതാ കൗണ്‍സിലര്‍മാരില്‍ ഒരാളും 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ തീപ്പൊരി സോഷ്യലിസ്റ്റ് നേതാവുമായ മേരി ബാര്‍ബറുടെ പേര് നല്‍കണമെന്നും അവര്‍ പറയുന്നു.
രാജ്ഞിയുടെ പേര് നല്‍കുമ്പോള്‍ രാജഭരണമാണ് ഉദ്‌ഘോഷിക്കപ്പെടുന്നത്. പൊതു കെട്ടിടങ്ങള്‍ക്ക് അവരുടെ പേര് നല്‍കുന്നത് സ്വീകാര്യമല്ല- ഒപ്പു ശേഖരണ ക്യാമ്പയിന് നേതൃത്വം നല്‍കിയ ജോണ്‍ ബിറ്റി പറഞ്ഞു. സ്‌കോട്ട്‌ലാന്‍ഡ് ആധുനിക, ജനാധിപത്യ നഗരമാണ്. ഇവിടെ പൊതു സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ എത്രയോ നല്ല പേരുകളുണ്ടെന്ന് ജോണ്‍ കൂട്ടിച്ചേര്‍ത്തു. സ്‌കോട്ട് ജനതയുടെ 552 മില്യണ്‍ പൗണ്ട് നികുതി പണം ചെലവിട്ടാണ് ആശുപത്രി നിര്‍മിച്ചത്. രാജ്ഞിയുടെ പേരില്‍ നിരവധി ആശുപത്രികള്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു.