Connect with us

National

വിവരാവകാശ അപേക്ഷകള്‍: ആവര്‍ത്തനം ഒഴിവാക്കാന്‍ പുതിയ നിര്‍ദേശവുമായി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: വിവരാവകാശ അപേക്ഷകളുടെ ആവര്‍ത്തനം ഒഴിവാക്കാന്‍ പുതിയ നിര്‍ദേശവുമായി കേന്ദ്രം. നിരന്തരം ചോദിക്കുന്ന ചോദ്യങ്ങള്‍ കണ്ടെത്താനും അവ സ്വമേധയാ പ്രസിദ്ധീകരിക്കാനുമാണ് വിവിധ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതുവഴി ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതും അവക്കുള്ള ഉത്തരങ്ങള്‍ തയ്യാറാക്കുന്നതിനുള്ള സമയനഷ്ടവും ഊര്‍ജ നഷ്ടവും ഒഴിവാക്കാനാകും. ഇതു സംബന്ധിച്ച പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് ഈ നിര്‍ദേശം.
തീര്‍ത്തും അനിവാര്യവും അറിയാന്‍ കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്നതുമായ വിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്തുന്നതിന് വകുപ്പുകളെ പ്രോത്സാഹിപ്പിക്കണം. ഇത്തരം ആര്‍ ടി ഐ അപേക്ഷകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ഉത്തരം അതോടൊപ്പം ചേര്‍ക്കുകയും വേണം. ഇത്തരം ചോദ്യങ്ങള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണമെന്ന് ഉദ്യോഗസ്ഥകാര്യ സ്ഥിരം സമിതി നിര്‍ദേശിക്കുന്നു. കമ്മിറ്റിയുടെ ശിപാര്‍ശകള്‍ കര്‍ശനമായി പാലിക്കാന്‍ ഉദ്യോഗസ്ഥകാര്യ, പരിശീലന മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചിട്ടുമുണ്ട്.
ചില മന്ത്രാലയങ്ങള്‍ ഇപ്പോള്‍ തന്നെ ഇത്തരം വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ജീവനക്കാരുടെ നിയമനം, സ്ഥലം മാറ്റം തുടങ്ങിയ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് നിരവധി ആര്‍ ടി ഐ അപേക്ഷകള്‍ ലഭിക്കുന്നു. ഇവക്കെല്ലാം വെവ്വേറെ ഉത്തരം നല്‍കുന്നത് ഭാരിച്ച ജോലിയായി മാറിയിരക്കുന്നുവെന്നാണ് ഉദ്യോഗസ്ഥകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

Latest