Connect with us

National

41 ജില്ലകളില്‍ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും: രാജ്യത്തെ 12 ജില്ലകള്‍ അതീവ ഗുരുതരമായ ചുഴലിക്കാറ്റ് ഭീഷണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ 12 ജില്ലകള്‍ അതീവ ഗുരുതരമായ നിലയില്‍ ചുഴലിക്കാറ്റ് സാധ്യതയുള്ളവയാണെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം ശാസ്ത്രജ്ഞര്‍. 41 ജില്ലകളില്‍ ഗുരുതരമായ നിലയില്‍ ചുഴലിക്കാറ്റ് സാധ്യതയുണ്ട്. 13 തീരദേശ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് ട്രോപിക്കല്‍ സൈക്ലോണ്‍ പരിധിയില്‍ വരുന്നതെന്നും ഇതുസംബന്ധിച്ച പഠനം വ്യക്തമാക്കുന്നു. ഇതില്‍ കിഴക്കന്‍ തീരത്തെ പശ്ചിമ ബംഗാള്‍, ആന്ധ്രാ പ്രദേശ്, ഒഡീഷ, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവയും പടിഞ്ഞാറന്‍ തീരത്ത് ഗുജറാത്തുമാണ് ഏറ്റവും ഭീതിദമായ ചുഴലിക്കാറ്റിന് ഇരയാകുകയെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ആന്ധ്രയിലെ നെല്ലൂര്‍, ഈസ്റ്റ് ഗോദാവരി, കൃഷ്ണ എന്നിവയും പോണ്ടിച്ചേരിയിലെ യാനമും ഒഡീഷയിലെ ബാലസോര്‍, ഭദ്രക്, കേന്ദ്രപാറ, ജഗ്ജിത് സിംഗ്പൂര്‍ എന്നിവയും പശ്ചിമ ബംഗാളിലെ സൗത്ത്, 24 നോര്‍ത്ത് പര്‍ഗാനാ, മേദിനിപൂര്‍, കൊല്‍ക്കത്ത എന്നിവയുമാണ് 12 അതീവ അപകടസാധ്യതാ ജില്ലകള്‍. ഇവയെല്ലാം കിഴക്കന്‍ തീരത്താണ്.
1891 മുതല്‍ 2010 വരെയുള്ള കാലയളവില്‍ രാജ്യത്തുണ്ടായ ചുഴലിക്കാറ്റുകളെയാണ് പുതിയ പഠനത്തില്‍ വിശകലന വിധേയമാക്കിയത്. അതീവ ഗുരുതരമായ നിലയില്‍ ചുഴലിക്കാറ്റ് സാധ്യതയുള്ള 12 ജില്ലകളിലാണ് ഇക്കാലയളവില്‍ മാരകമായ ചുഴലിക്കാറ്റുകള്‍ ഉണ്ടായിട്ടുള്ളതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് പശ്ചിമ ബംഗാളിലെ മേദിനിപൂര്‍ ജില്ലയില്‍ 22 ചുഴലിക്കാറ്റുകളാണ് ആഞ്ഞുവീശിയത്. ഇതില്‍ 10 എണ്ണം അതിശക്തമായിരുന്നു. ബാലസോറില്‍ 28 ചുഴലിക്കാറ്റുകളുണ്ടായി. ഇതില്‍ അഞ്ചെണ്ണം അതിശക്തമായിരുന്നു.
ചുഴലിക്കാറ്റിനൊപ്പമുണ്ടാകുന്ന ഭീമന്‍ തിരകളും വെള്ളപ്പൊക്കവുമാണ് മരണനിരക്ക് കൂട്ടുന്നതെന്ന് ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗം തലവന്‍ മൃത്യുഞ്ജയ് മഹാപത്ര പറഞ്ഞു. ഈ ഗവേഷണ പ്രബന്ധം അന്താരാഷ്ട്ര ശാസ്ത്ര മാഗസിനുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തീരപ്രദേശം മുഴുവനായി ട്രോപ്പിക്കല്‍ സൈക്ലോണ്‍ സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന്റെ തീവ്രത വ്യത്യാസപ്പെട്ടിരിക്കും. ബംഗാള്‍ ഉള്‍ക്കടലിലും അറേബ്യന്‍ കടലിലും ലോകത്തെ ഏഴ് ശതമാനം ചുഴലിക്കാറ്റുകളേ രൂപപ്പെടുന്നുള്ളൂ. എന്നാല്‍ അവയുടെ ആഘാതം വളരെ വലുതാണ്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ തീരങ്ങളില്‍ ചുഴലിക്കാറ്റ് ആഞ്ഞു വീശുമ്പോള്‍ പ്രത്യേകിച്ചും- മഹാപത്ര പറഞ്ഞു.

---- facebook comment plugin here -----

Latest