പ്രേമം സിനിമയുടെ വ്യാജന്‍; അന്വേഷണസംഘം ചെൈന്നയിലേക്ക്

Posted on: July 13, 2015 6:00 am | Last updated: July 13, 2015 at 1:25 am
SHARE

തിരുവനന്തപുരം: പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണസംഘം ചെന്നൈയിലേക്ക്. ചിത്രത്തിന്റെ അവസാനവട്ട ജോലികള്‍ പൂര്‍ത്തിയാക്കിയ ചെന്നൈയിലെ സ്റ്റുഡിയോയിലാണ് അന്വേഷണ സംഘം എത്തുന്നത്. കേരളത്തിലെ സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് സംഘം ചെന്നൈയിലെത്തുന്നത്. സൈബര്‍ പോലീസിന്റെ സഹായത്തോടെയാകും അന്വേഷണ സംഘം ഇവിടെ പരിശോധന നടത്തുക.
കൊച്ചി, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലെ സ്റ്റുഡിയോയിലാണ് ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തീകരിച്ചത്. ഇതില്‍ കൊച്ചിയിലും തിരുവനന്തപുരത്തും ആന്റി പൈറസി സെല്‍ പരിശോധന നടത്തിയിരുന്നു. ചെന്നൈ സ്റ്റുഡിയോയില്‍ മാത്രമാണ് ഇനി പരിശോധന നടത്താനുള്ളത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍, മറ്റ് അണിയറ പ്രവര്‍ത്തകര്‍, സെന്‍സര്‍ ബോര്‍ഡ് ജീവനക്കാര്‍ എന്നിവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തി വരികയാണ്.
സൈബര്‍ സെല്ലില്‍ നിന്ന് പിടിച്ചെടുത്ത സിഡികള്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബില്‍ പരിശോധനക്ക് അയക്കുന്ന കാര്യവും പരിഗണനയിലാണ്. കോടതി വിധി ലഭിച്ചാല്‍ പരിശോധന നടത്തും. അതേസമയം അന്വേഷണസംഘം ഇതുവരെ പിടിച്ചെടുത്ത ആറ് ഹാര്‍ഡ് ഡിസ്‌ക്കുകളും എട്ട് സി ഡികളും ഇന്ന് കോടതിയില്‍ ഹാജരാക്കും. സി ഡികള്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ഹാര്‍ഡ് ഡിസ്‌ക്കുകള്‍ ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ എഡിറ്റിംഗ് സ്റ്റുഡിയോയില്‍ നിന്നുമാണ് പിടിച്ചെടുത്തിട്ടുള്ളത്.
സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ സി ഡി എവിടെ നിന്ന് ലഭിച്ചു എന്ന അന്വേഷണം പുരോഗമിക്കുകയാണ്. കൊല്ലം ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. ഈ അന്വേഷണത്തില്‍ എന്തെങ്കിലും പുരോഗതിയുണ്ടായാല്‍ മാത്രമേ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകൂ. ക്രൈംബ്രാഞ്ച് എ ഡി ജി പി ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടന്നതിനെ തുടര്‍ന്ന് പുതിയ സിനിമകളുടെ സെന്‍സറിംഗ് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ നേരത്തെ അറിയിച്ചിരുന്ന പ്രകാരം ഇന്ന് സെന്‍സറിംഗ് പുനരാരംഭിച്ചേക്കും.