Connect with us

Kerala

കര്‍ണാടക വനം വകുപ്പ് റോഡ് അടച്ചു; മലയാളി കുടുംബങ്ങള്‍ ആശങ്കയില്‍

Published

|

Last Updated

ചെറുപുഴ: മുന്തേരിയിലേക്കുള്ള റോഡ് കര്‍ണാടക വനം വകുപ്പ് യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചു. ചെറുപുഴ കാനവയലില്‍ നിന്ന് മുന്തേരിയിലേക്ക് എട്ട് കിലോമീറ്റര്‍ വനത്തിന് അകത്തു കൂടിയുള്ള റോഡാണ് അടച്ചത്. ഈ റോഡിലൂടെയുള്ള യാത്ര നിയന്ത്രിച്ചതായുള്ള ബോര്‍ഡും കര്‍ണാടക വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.

നിരവധി മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തേക്കുള്ള ഏക വഴിയാണ് മുണ്ടറോട്ട് റെയിഞ്ച് അധികൃതര്‍ അടച്ചത്. കാട്ടിനകത്തെ ഈ ഗ്രാമത്തില്‍ മലയാളികളുടെ ആയിരക്കണക്കിന് ഏക്കര്‍ കൃഷി സ്ഥലങ്ങള്‍ ഉണ്ട്. ഏലം, കാപ്പി, ഗ്രാമ്പു, ഓറഞ്ച്, വാഴ, കവുങ്ങ്, തെങ്ങ് മുതലായവയാണ് പ്രധാന കൃഷികള്‍. പതിറ്റാണ്ടുകള്‍ മുമ്പ് നിര്‍മിച്ച റോഡാണ് ഇപ്പോള്‍ കര്‍ണാടക അടച്ചത്. കര്‍ണാടയില്‍ ഉള്‍പ്പെട്ട ഈ ഗ്രാമത്തിലെ താമസക്കാര്‍ മലയാളികളാണ്. എല്ലാവരും സ്വന്തം പേരില്‍ ഭൂമി വാങ്ങിയതുമാണ്.
സ്‌കൂളും ആശുപത്രിയും മറ്റ് സൗകര്യങ്ങളുമില്ലാതെ ആളുകള്‍ കുടിയൊഴിയാന്‍ തുടങ്ങിയതോടെ ഈ സ്ഥലം കര്‍ണാടക സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി പരാതിയുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് വഴിയടച്ചതെന്നും പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളവും കര്‍ണാടകയും സംയുക്തമായി റോഡ് വീതി കൂട്ടി ടാറിംഗ് നടത്തുന്നതിന് ആലോചിച്ചതാണ്. പിന്നീട് വനം വകുപ്പ് അനുമതി നിഷേധിച്ചതോടെ അതിന് മങ്ങലേല്‍ക്കുകയായിരുന്നു. ഇപ്പോള്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കാന്‍ വരെ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്.
കാട്ടുപാതയില്‍ ആനശല്യവും രൂക്ഷമാണ്. മലയാളികള്‍ ആയതിനാല്‍ കര്‍ണാടകയും കര്‍ണാടകത്തിലായതിനാല്‍ കേരളവും ഇവരുടെ ദുരിതം കാണാന്‍ തയ്യാറാകുന്നില്ല. കാട്ടിനുള്ളിലെ ദുരിതത്തിന് എന്ന് അറുതിവരുമെന്നാണ് ഇവരുടെ ചോദ്യം. രാത്രിയില്‍ ഈ വഴിയിലൂടെയുള്ള യാത്ര നേരത്തെ തന്നെ അനുവദിച്ചിരുന്നില്ല.

Latest