അട്ടപ്പാടിയിലെ കുറുംബ പാക്കേജ് പാതിവഴിയില്‍

Posted on: July 13, 2015 6:00 am | Last updated: July 13, 2015 at 12:52 am
SHARE

പാലക്കാട്: അട്ടപ്പാടിയില്‍ മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയ കുറുംബ പാക്കേജ് പദ്ധതി സ്തംഭനാവസ്ഥയില്‍. ആറ് കോടി രൂപ ചെലവില്‍ തുടങ്ങിയ പദ്ധതികളില്‍ ഏറ്റെടുത്ത പ്രവൃത്തികളെല്ലാം നിലച്ചു. ഇടത് മുന്നണി ഭരണക്കാലത്താണ് 148 കോടി യുടെ കേന്ദ്ര ഫണ്ട് അനുവദിച്ചത്. ഇതില്‍ 16 കോടിയാണ് അട്ടപ്പാടിയിലെ കുറുംബ ആദിവാസിമേഖലയുടെ വികസനത്തിന് നീക്കിവെച്ചിരുന്നു. യു ഡി എഫ് അധികാരത്തില്‍ വന്നശേഷം മൂന്ന് വര്‍ഷംമുമ്പ് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയെങ്കിലും പിന്നീട് തുടര്‍ നടപടിയുണ്ടായില്ല.
ചിണ്ടക്കിആനവായ് റോഡിന് 11. 4 കോടിയും ബാക്കി തുകകൊണ്ട് 94 വീട് നിര്‍മിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരുവര്‍ഷംമുമ്പ് തുടങ്ങിയ റോഡ് നിര്‍മാണം എവിടെയുമെത്തിയില്ല. ഇതോടെ കുറുംബ മേഖല ഒറ്റപ്പെട്ടിരിക്കുകയാണ്. കുറുംബ വിഭാഗത്തില്‍ 543 കുടുംബങ്ങളാണുള്ളത്. ഇവരുടെ 19 ഊരുകളിലും വികസനം എത്തിയിട്ടില്ല. ഇപ്പോഴും പരമ്പരാഗതരീതിയിലുള്ള ‘പാഡി(മണ്‍കുടിലുകള്‍)കളിലാണ് ഇവരുടെ താമസം. ഊരുകള്‍ വനത്തിലായതിനാല്‍ വൈദ്യുതിലൈന്‍ വലിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കില്ല. എല്‍ പി സ്‌കൂളും ആരോഗ്യ കേന്ദ്രവുമുണ്ടെങ്കിലും സ്‌കൂളിലെത്തുന്നത് വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രം. ഹോസ്റ്റല്‍ ഇടിഞ്ഞുവീഴാറായി. ഈ മേഖലയിലേക്ക് റേഷന്‍കട അനുവദിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ട് വര്‍ഷം മൂന്നായി.
പരമ്പരാഗത കൃഷിയും തൊഴിലുറപ്പ് പദ്ധതിയുമാണ് വരുമാനമാര്‍ഗം. ജലസേചന സൗകര്യം ഇല്ലാത്തതിനാല്‍ കൃഷിയും പരിമിതമായി. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതിനാല്‍ കൃഷി തുടരാനാവാത്ത അവസ്ഥയാണ്. വികസന പദ്ധതികളെ ഫണ്ട് തട്ടിപ്പിനുള്ള മാര്‍ഗങ്ങളായി ഉദ്യോഗസ്ഥരും സര്‍ക്കാറും കാണുന്നു. പാക്കേജ് ആരംഭിച്ച് മൂന്ന് വര്‍ഷമായിട്ടും അവലോകനംപോലും നടന്നിട്ടില്ല. അട്ടപ്പാടിയില്‍ പട്ടിണിയും ശിശുമരണങ്ങളും കൊണ്ട് ആദിവാസികള്‍ നട്ടം തിരിയുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വിനിയോഗിക്കാതെ തുക ലാപ്‌സായി പോകുന്നത്. ഇതിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. സര്‍ക്കാറിന്റെ ഇത്തരത്തിലുള്ള അനാസ്ഥമൂലം ആദിവാസികളുടെ ദുരിതം മുതലെടുത്താണ് അട്ടപ്പാടിയില്‍ മവോയിസ്റ്റുകളടക്കമുള്ളവര്‍ ശക്തിപ്രാപിക്കുന്നതെന്നും സാമൂഹ്യസംഘടനകള്‍ ആരോപിക്കുന്നു.