അന്യസംസ്ഥാനങ്ങളിലെ കേരളത്തിന്റെ ഭൂമിയില്‍ വ്യാപക കൈയേറ്റം

Posted on: July 13, 2015 6:00 am | Last updated: July 13, 2015 at 11:02 pm
SHARE

1404417670_1404417670_1404417670_g0407k
തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ കേരളത്തിന്റെ ഉടമസ്ഥതയിലുള്ള സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുന്നു. ഉദ്യോഗസ്ഥരെ സ്വാധീനിച്ചും അനധികൃത രേഖകള്‍ ചമച്ചും കേരളത്തിന്റെ ഭൂമി വ്യാപകമായി കൈയേറുകയാണ്. കേരളത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കൈയേറ്റം നടത്തി പട്ടയം സമ്പാദിച്ചവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അവകാശപ്പെട്ട ഭൂമി അന്യാധീനപ്പെടുമ്പോഴും കര്‍ശന നടപടിയെടുക്കാന്‍ കേരള സര്‍ക്കാറും തയ്യാറാകുന്നില്ല. വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നാല് സംസ്ഥാനങ്ങളിലായി 118.147 ഏക്കര്‍ ഭൂമിയാണ് കേരളത്തിനുള്ളത്. ഇതില്‍ രണ്ട് ഏക്കറോളം ഭൂമി സ്വകാര്യ വ്യക്തികളും അതത് സംസ്ഥാന സര്‍ക്കാറുകളും സ്വന്തമാക്കിക്കഴിഞ്ഞു. കുറേ ഭൂമിയാകട്ടെ, നിയമക്കുരുക്കില്‍പ്പെട്ട് കിടക്കുകയാണ്.
തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് കേരളത്തിന്റെ ഉടമസ്ഥതയില്‍ ഭൂമിയുള്ളത്. തമിഴ്‌നാട്ടിലാണ് കൂടുതല്‍ ഭൂമിയും നഷ്ടപ്പെട്ടത്. പൊതുമരാമത്ത്, ടൂറിസം, പുരാവസ്തു, വനം, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, ഇന്ത്യന്‍ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്‍ എന്നീ വകുപ്പുകളുടെ അധീനതയിലാണ് ഈ ഭൂമി. കേരളത്തിന്റെ വനഭൂമി തമിഴ്‌നാടും കര്‍ണാടകയും കൈയേറുന്നുവെന്ന പരാതി വ്യാപകമായിരിക്കെയാണ് റവന്യൂ ഭൂമിയും നഷ്ടപ്പെടുന്നത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ വനഭൂമി കൈയേറി കര്‍ണാടക സര്‍ക്കാര്‍ ജണ്ട കെട്ടിയിരുന്നു.
തമിഴ്‌നാട്ടിലാണ് കൂടുതല്‍ റവന്യൂ ഭൂമിയും അന്യാധീനപ്പെട്ടത്. സംരക്ഷിത സ്മാരകമായ പത്മനാഭപുരം കൊട്ടാരത്തോടനുബന്ധിച്ച ഭൂമി പോലും കൈയേറിയവയില്‍ ഉള്‍പ്പെടും.
പത്മനാഭപുരം കൊട്ടാരത്തോട് ചേര്‍ന്നുള്ള 12.5 സെന്റ് ഭൂമി കാണാനില്ലെന്നാണ് റവന്യൂ വകുപ്പിന്റെ രേഖ. 6.30 ഏക്കര്‍ ഭൂമിയാണ് ആകെ ഇവിടെയുള്ളത്. ഇതിന് പുറമെ കൊട്ടാരം സ്ഥിതിചെയ്യുന്ന ഭൂമിയില്‍ പതിനഞ്ച് സെന്റ് സ്വകാര്യ വ്യക്തി കൈയേറി പട്ടയം വരെ സ്വന്തമാക്കി. 1974ലെ റീസര്‍വേ അനുസരിച്ചാണ് സ്വകാര്യ വ്യക്തിക്ക് പട്ടയം ലഭിച്ചത്. ഇതിന്റെ യാതൊരു രേഖകളും ലഭ്യമല്ലെന്നാണ് റവന്യൂ വകുപ്പ് നല്‍കുന്ന വിശദീകരണം. കാണാതായ 12.5 സെന്റ് ഭൂമി കണ്ടെത്താന്‍ വേണ്ടി കേരള- തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിനിധികള്‍ സംയുക്ത സര്‍വേ നടത്താന്‍ തീരുമാനിച്ചെങ്കിലും തമിഴ്‌നാട് തണുപ്പന്‍മട്ടിലാണ് ഇതിനോട് പ്രതികരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള തെങ്കാശി താലൂക്കിലെ കുറ്റാലം കൊട്ടാരം സ്ഥിതിചെയ്യുന്ന 55.60 ഏക്കര്‍ ഭൂമിയില്‍ 20.5 സെന്റ് സ്ഥലം ഹിന്ദു റിലീജ്യസ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് എന്ന സംഘടനയാണ് കൈയേറ്റം നടത്തിയത്. കൊട്ടാരം സ്ഥിതി ചെയ്യുന്ന ആകെ ഭൂമിയുടെ ഉടമസ്ഥാവകാശം തന്നെ തര്‍ക്കത്തില്‍ നില്‍ക്കുമ്പോഴാണ് ഈ കൈയേറ്റം. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പിന്മുറക്കാര്‍ ഈ ഭൂമിക്ക് മേല്‍ ഇപ്പോഴും അവകാശവാദം ഉന്നയിക്കുന്നുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പിന്മുറക്കാരും കേരള- തമിഴ്‌നാട് സര്‍ക്കാറും കക്ഷികളായ കേസ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റെ പരിഗണനയിലാണ്.
ചെന്നൈയിലുണ്ടായിരുന്ന ഭൂമിയുടെ സ്ഥിതിയും മറിച്ചല്ല. ചെന്നൈ നുങ്കംപക്കം വില്ലേജില്‍ ഗ്രീന്‍സ് റോഡിലുണ്ടായിരുന്ന എട്ട് ഏക്കര്‍ ഭൂമിയില്‍ നിന്ന് 3.05 ഏക്കര്‍ സ്ഥലം ആശാന്‍ മെമ്മോറിയലിനും മൂന്ന് ഏക്കര്‍ സ്ഥലം അപ്പോളോ ആശുപത്രിക്കും നേരത്തെ വിട്ടുകൊടുത്തിരുന്നു. ശേഷിച്ചിരുന്ന 1.40 ഏക്കര്‍ സ്ഥലം തമിഴ്‌നാട് സര്‍ക്കാര്‍ തന്നെ കൈയേറി. മൂന്ന് വശത്തെ റോഡ് വീതി കൂട്ടിയ ശേഷം ശേഷിക്കുന്ന സ്ഥലത്ത് തമിഴ്‌നാട് പോലീസിന് ക്വാര്‍ട്ടേഴ്‌സും പണിതു. അവശേഷിച്ച 0.55 ഏക്കര്‍ ഭൂമി കെ ടി ഡി സിക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയാണ്.
ഡല്‍ഹി കപൂര്‍ത്തല പ്ലോട്ടില്‍ നിന്ന് രണ്ട് ഏക്കര്‍ സ്ഥലം കേരള എജ്യുക്കേഷന്‍ സൊസൈറ്റിക്ക് വിട്ടുനല്‍കിയിരുന്നു. ന്യൂഡല്‍ഹി കേരള ഹൗസ്, ട്രാവന്‍കൂര്‍ ഹൗസ്, കപ്പൂര്‍ത്തല പ്ലോട്ട്, പ്രഗതി മൈതാനിയിലെ കേരള പവലിയന്‍, ചെന്നൈ തുള്ളോക്ക് ഗാര്‍ഡന്‍, കന്യാകുമാരി കേരളാ ഹൗസ്, ചെങ്കോട്ട ടിമ്പര്‍ ഡിപ്പോ, പൊള്ളാച്ചി ടിമ്പര്‍ ഡിപ്പോ. കര്‍ണാടകയിലെ നഞ്ചന്‍കോട് ടിമ്പര്‍ ഡിപ്പോ, യു പി വാരണാസിയിലെ സത്രം എന്നിവിടങ്ങളാണ് കേരള സര്‍ക്കാര്‍ ഉടമസ്ഥതയില്‍ അന്യസംസ്ഥാനങ്ങളിലുള്ള മറ്റു ഭൂമികള്‍.