Connect with us

Editorial

പ്രവാസി വോട്ടില്‍ സമവായം വൈകരുത്

Published

|

Last Updated

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുവെന്നത് ഏറെ ശ്ലാഘനീയമാണ്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയില്‍ പ്രവാസികള്‍ നല്‍കുന്ന സംഭാവന വളരെ വലുതാണ്. അവരുടെ പ്രവാസം ആ അര്‍ഥത്തില്‍ അവരുടെ മാത്രം കാര്യമല്ലാതാകുകയും സാമൂഹികമായ ദൗത്യമാകുകയും ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പു ഘട്ടങ്ങളിലും അല്ലാത്തപ്പോഴും പ്രവാസികളായ മലയാളികള്‍ നാട്ടിലുള്ളവരേക്കാള്‍ കൂടുതലായി രാഷ്ട്രീയ സംവാദങ്ങളിലേര്‍പ്പെടുകയും അഭിപ്രായരൂപവത്കരണം നടത്തുകയും ചെയ്യുന്നു. എന്നാല്‍ ജനാധിപത്യത്തിന്റെ പ്രത്യക്ഷ പങ്കാളിത്തമായ വോട്ടെടുപ്പില്‍ അവര്‍ക്ക് പങ്കാളികളാകാന്‍ സാധിക്കുന്നില്ല. രജിസ്റ്റര്‍ ചെയ്തിടത്ത് വന്ന് വോട്ട് രേഖപ്പെടുത്തണമെന്ന വ്യവസ്ഥയാണ് ഇതിന് തടസ്സം. പലര്‍ക്കും തിരഞ്ഞെടുപ്പ് കാലത്ത് അവധി ലഭിക്കില്ല. ലഭിച്ചാല്‍ തന്നെ വന്‍ തുക മുടക്കി നാട്ടിലെത്താന്‍ സാധിക്കുന്നില്ല. തപാല്‍ വോട്ട് അനുവദിക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളുടെ പരിധിയില്‍ പ്രവാസികള്‍ വരുന്നില്ലെന്നതാണ് പ്രശ്‌നം.
അവരവര്‍ ജോലി ചെയ്യുന്ന ഇടങ്ങളില്‍ വോട്ട് രേഖപ്പെടുത്താന്‍ ജനപ്രാതിനിധ്യനിയമത്തിന്റെ 20 എ വകുപ്പില്‍ ഭേദഗതി ആവശ്യമാണ്. ഈ ആവശ്യമുന്നയിച്ചാണ് പ്രവാസി വ്യവസായി ഡോ. ഷംസീര്‍ പരമോന്നത കോടതിയെ സമീപിച്ചത്. പ്രവാസികള്‍ക്ക് 2010ല്‍ ജനപ്രാതിനിധ്യ നിയമ ഭേദഗതിയിലൂടെ അനുവദിച്ച വോട്ടവകാശം വിനിയോഗിക്കാനുള്ള പ്രയോഗിക ബുദ്ധിമുട്ടുകള്‍ നീക്കണമെന്ന് ഹരജി ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19, 21 എന്നിവയുടെ ലംഘനമായ ജനപ്രാതിനിധ്യ നിയമത്തിലെ 20 എ വകുപ്പ് ഭേദഗതി ചെയ്യണം. പ്രവാസികള്‍ക്ക് അതത് രാജ്യങ്ങളിലെ എംബസികളിലോ, തപാല്‍ വഴിയോ, ഇലക്‌ടോണിക് സംവിധാനം വഴിയോ വോട്ടവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 114 രാജ്യങ്ങള്‍ പ്രവാസികള്‍ക്കായി പ്രത്യേക വോട്ടിംഗ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഇതില്‍ 20 രാജ്യങ്ങള്‍ ഏഷ്യയില്‍ നിന്നുള്ളവയാണെന്നും ഹരജിയില്‍ പറഞ്ഞു.
ഹരജി പരിഗണിച്ച ജസ്റ്റിസ് കെ എസ് രാധാകൃഷണന്‍ അധ്യക്ഷനായ ബഞ്ച് തുടക്കത്തിലേ അനുകൂല സമീപനമാണ് സ്വീകരിച്ചത്. ഈ വിഷയം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച കോടതി കൈക്കൊണ്ട അന്തിമ നിലപാടും പ്രവാസി വോട്ടിന് അനുകൂലമാണ്. തിടുക്കപ്പെട്ട് നടപ്പാക്കുന്നതിനെ മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എതിര്‍ത്തത്. സമയമെടുത്ത് കുറ്റമറ്റരീതിയില്‍ പ്രവാസി വോട്ട് സാധ്യമാക്കുമെന്ന് കമ്മീഷന്‍ കോടതിയെ ബോധിപ്പിക്കുകയും ചെയ്തു. ഈ പ്രക്രിയയുടെ തുടര്‍ച്ചയെന്ന നിലയില്‍ രാജ്യത്താദ്യമായി പ്രവാസി വോട്ട് അനുവദിച്ച സംസ്ഥാനമായി മാറാനുള്ള ഒരുക്കത്തിലാണ് കേരളം. അത് അങ്ങനെത്തന്നെയാണ് വേണ്ടത്. ഏറ്റവും വലുതും സജീവവുമായ പ്രവാസി സമൂഹം ഈ മണ്ണില്‍ നിന്നാണല്ലോ.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് തീരുമാനമെടുക്കാനാകും. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സര്‍വ കക്ഷിയോഗം വിളിച്ചുചേര്‍ത്തത്. യോഗത്തില്‍ അന്തിമ തീരുമാനം കൈകൊള്ളാന്‍ സാധിച്ചില്ല. വോട്ടിംഗിന്റെ രീതി സംബന്ധിച്ചാണ് അഭിപ്രായവ്യത്യാസമുയര്‍ന്നത്. പ്രവാസിയുടെ വോട്ട് നാട്ടിലുള്ള മറ്റൊരാളെക്കൊണ്ട് ചെയ്യിക്കുന്ന പ്രോക്‌സി വോട്ടിംഗിനെ എല്ലാ കക്ഷികളും എതിര്‍ത്തു. ഓണ്‍ലൈന്‍ വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനോട് ഭരണപക്ഷാംഗങ്ങള്‍ യോജിച്ചെങ്കിലും, ഇത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത സാങ്കേതികമായി പരിശോധിക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷം നിലപാടെടുത്തു. കൂടുതല്‍ ആലോചനകള്‍ക്ക് ശേഷം ബുധനാഴ്ച അവര്‍ നിലപാട് അറിയിക്കും. ഏത് രീതി വേണമെന്ന് തീരുരുമാനിച്ച് അറിയിച്ചാല്‍ അതിനുള്ള ക്രമീകരണങ്ങള്‍ തങ്ങള്‍ കൈക്കൊള്ളുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. പന്ത് സംസ്ഥാന രാഷ്ട്രീയ നേതൃത്വത്തിന്റെ കോര്‍ട്ടിലാണെന്ന് ചുരുക്കം. ഒറ്റക്കെട്ടായ തീരുമാനമെടുത്ത് അറിയിക്കാന്‍ വൈകുന്നത് ഇത്തവണയും പ്രവാസി വോട്ടിനെ അസാധ്യമാക്കിത്തീര്‍ക്കും. അതേസമയം കൃത്യമായ ഗൃഹപാഠത്തോടെ കുറ്റമറ്റ സംവിധാനം ഒരുക്കാന്‍ സാധിച്ചില്ലെങ്കില്‍ വിദൂര വോട്ട് എന്ന സങ്കല്‍പ്പം തന്നെ പ്രതിക്കൂട്ടിലായേക്കാം. അത് കോടതി ഇടപെടലിന് വഴിവെക്കുകയും ചെയ്യും. അതുകൊണ്ട് വേഗവും അവധാനതയും ഒത്തിണങ്ങിയ സമീപനമാണ് ഇക്കാര്യത്തില്‍ വേണ്ടത്. വളരെക്കുറച്ച് പ്രവാസികള്‍ മാത്രമേ ഇപ്പോള്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ളൂ. ഒരവസരം കൂടി നല്‍കുകയും അത് ഫലപ്രദമായി ഉപയോഗിക്കുകയും വേണം. ഒരു കാര്യം പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇടുങ്ങിയ കക്ഷിരാഷ്ട്രീയ വടംവലിക്ക് ആതിഥേയ രാഷ്ട്രത്തെ വേദിയാക്കരുത്.

---- facebook comment plugin here -----

Latest