Connect with us

Gulf

ഉച്ച വിശ്രമ നിയമ ലംഘനം; 11 കമ്പനികള്‍ക്കെതിരെ നടപടി

Published

|

Last Updated

ദുബൈ: ഉച്ചവിശ്രമ നിയമം ലംഘിച്ച 11 കമ്പനികള്‍ക്കെതിരെ നടപടി. തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പല സമയങ്ങളിലായി നടത്തിയ മിന്നല്‍ പരിശോധനയിലൂടെയാണ് നിയമലംഘനം പിടികൂടിയത്.
ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്ന ജൂണ്‍ 15 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ 10,500ഓളം വര്‍ക്ക് സൈറ്റുകളില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധന നടത്തിയതായി അസി. അണ്ടര്‍ സെക്രട്ടറി മെഹര്‍ അല്‍ ഔബാദ് അറിയിച്ചു. കൊടുംചൂടില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിക്കണമെന്ന നിബന്ധനയോട് കമ്പനികള്‍ നല്ലരീതിയില്‍ സഹകരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 99.8 ശതമാനം കമ്പനികളും നിയമം പാലിക്കുന്നുണ്ട്. 11 സ്ഥാപനങ്ങള്‍ നിയമം ലംഘിച്ചതായും കണ്ടെത്തി.
ഉച്ചവിശ്രമ സമയത്ത് തുറസ്സായ പ്രദേശത്ത് ജോലിചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന തൊഴിലാളികളിലൊരാള്‍ക്ക് 5,000 ദിര്‍ഹം എന്ന തോതില്‍ കമ്പനികള്‍ക്ക് പിഴചുമത്തും. പരമാവധി പിഴ 50,000 ദിര്‍ഹമായിരിക്കും.
തുറസ്സായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയുള്ള വിശ്രമം അനുവദിക്കണമെന്നാണ് ചട്ടം.