Connect with us

Kerala

വയറല്‍ ബാധിച്ച് കലക്ടര്‍ ബ്രോ മുങ്ങി

Published

|

Last Updated

കോഴിക്കോട്: സോഷ്യല്‍ മീഡിയയിലെ സജീവ ഇടപെടലിലൂടെ പുതുതലമുറയുടെ കണ്ണിലുണ്ണിയായ കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്ത് തന്റെ സ്വകാര്യ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തത്കാലത്തേക്ക് മരവിപ്പിച്ചു. ഫേസ്ബുക്കിലൂടെ കലക്ടര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം ഫേസ്ബുക്ക് പേജിന്റെ പേരും കലക്ടര്‍ മാറ്റിയിട്ടുണ്ട്. അത് ഇങ്ങനെ: വയറല്‍ ബാധിച്ച് മുങ്ങിയ ബ്രോ. അതേസമയം ഔദ്യോഗിക ഫേസ്ബുക്ക് പേജായ Collector Kozhikode എന്ന പേജില്‍ താന്‍ സജീവമായിരിക്കുമെന്നും കലക്ടര്‍ പറയുന്നു.

ഫേസ്ബുക്ക് അക്കൗണ്ടിന്റെ പ്രവര്‍ത്തനം തത്കാലത്തേക്ക് നിര്‍ത്തുന്നുവെന്ന് കാണിച്ച് കലക്ടര്‍ പോസ്റ്റിയത് ഇങ്ങനെ: ഇതെന്റെ സ്വകാര്യ അക്കൗണ്ടാണ്. ഫ്രണ്ട്‌സ് റിക്വസ്റ്റ് താങ്ങാനാവുന്നില്ല.
നമ്മുടെ കൂട്ടത്തില്‍ തന്നെ ഉള്ള ബ്രോകള്‍ക്ക് അസൂയ, കുശുമ്പ്, പുച്ഛം എന്നിവ കലശലായി വരാന്‍ മാത്രം ഇപ്പൊതന്നെ ആയി. ഇനീം വൈറല്‍ ബാധിച്ചാല്‍ അത് ഞമ്മക്ക് താങ്ങൂല്ല. “ഓവറാക്കി ചളമാക്കരുത്” എന്ന ആപ്തവാക്യം നമുക്ക് ഈയവസരത്തില്‍ ഓര്‍ക്കാം.ഇതും റിപ്പോര്‍ട്ട് ചെയ്ത് വൈറല്‍ ആക്കല്ലേ… മാധ്യമ സുഹൃത്തുക്കള്‍ ശ്രദ്ധിക്കുമല്ലൊ, സഹകരിക്കുമല്ലൊ. പ്ലീസ്!
വൈറല്‍ ബാധിച്ച ബ്രോ “കുറച്ച്” ദിവസത്തേക്ക് ബ്രേക്ക് എടുക്കട്ടെ. ഒഫീഷ്യല്‍ അക്കൗണ്ട് Collector Kozhikode ആണ്.
ഒഫീഷ്യല്‍ എഫ്.ബി. തുടര്‍ന്നും സജീവമായിരിക്കും എന്ന് അറിയിക്കട്ടെ.

കലക്ടര്‍ എപ്പോഴും ഫേസ്ബുക്കിലാണെന്നും ഫോണ്‍ പോലും എടുക്കുന്നില്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് ആരോപണമുന്നയിച്ചതോടെയാണ് കോഴിക്കോട് കലക്ടര്‍ നെറ്റിസണ്‍സിനിടയില്‍ താരമായത്. അബുവിനെ രൂക്ഷമായി വിമര്‍ശിച്ചും കലക്ടര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയും നെറ്റിസണ്‍സ് രംഗത്ത് വന്നതോടെ കലക്ടടര്‍ അവരുടെ സ്വന്തമായി. കലക്ടര്‍ക്ക് അവര്‍ പുതിയ പേരും നല്‍കി. കലക്ടര്‍ ബ്രോ.