ഉത്തരേന്ത്യയില്‍ കനത്ത മഴ: ഒന്‍പത് മരണം, റെയില്‍ പാളങ്ങള്‍ വെള്ളത്തിനടിയില്‍

Posted on: July 12, 2015 3:13 pm | Last updated: July 19, 2015 at 9:26 am
SHARE

delhi rainന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ ജനജീവിതം താറുമാറാക്കി. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍,ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ നാല് ദിവസമായി കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ ഇന്ന് വിവിധ സംസ്ഥാനങ്ങളിലായി ഒന്‍പത് പേരാണ് മരിച്ചത്.

ഡല്‍ഹിയില്‍ പല താഴ്ന്ന പ്രദേങ്ങളും വെള്ളത്തിനടിയിലായി. ട്രാഫിക് സംവിധാനങ്ങളും താളം തെറ്റിയിട്ടുണ്ട്. കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ 200 മില്ലി മീറ്റര്‍ മഴയാണ് ഡല്‍ഹിയില്‍ പെയ്തത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

ബീഹാറില്‍ കനത്ത മഴയില്‍ വീടിന്റെ ചുമരിടിഞ്ഞു വീണ് ഒരു കുടുംബത്തില്‍ മൂന്നുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷീലാ ദേവി(45), അവരുടെ മകള്‍ ആശാ ദേവി(28), പേരക്കുട്ടി ജ്യോതികുമാര്‍ (12) എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശില്‍ രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ മതിലിടിഞ്ഞു വീണ് 10 വയസുള്ള കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.

ബംഗാളില്‍ മാള്‍ഡാ ഡിവിഷനില്‍ റെയില്‍വേ ട്രാക്കുകള്‍ വെള്ളത്തിനടിയിലായി. ഇത് മൂലം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നിരവധി ട്രെയിനുകള്‍ ബീഹാര്‍ വഴി തിരിച്ചു വിട്ടതായി ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ രാജേഷ് അഗര്‍വാള്‍ പറഞ്ഞു.