Connect with us

Malappuram

തിരൂരില്‍ മാര്‍ച്ചിനിടെ സംഘര്‍ഷം; ഏഴ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

Published

|

Last Updated

തിരൂര്‍: വ്യാഴാഴ്ച തിരൂര്‍ ഡി ഇ ഒ ഓഫീസിലേക്ക് നടന്ന മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. പുത്തനത്താണി കുന്നത്ത്പറമ്പില്‍ ഫൈസല്‍ (35), മുട്ടന്നൂര്‍ ചെറിയവറ്റോളി ബാബുരാജ്(32), മംഗലം കളത്തില്‍ പറമ്പില്‍ ഷാജിത് (30), തൃപ്രങ്കോട് അമ്മേയില്‍ക്കര അഭിജിത്ത് (23), ബി പി അങ്ങാടി നെല്ലാഞ്ചേരി സൈഫുദ്ധീന്‍(40), തിരൂര്‍ കടവത്ത്പടി ധനേഷ്(23), മംഗലം തൈക്കൂട്ടത്തില്‍ സതീഷ്( 29) എന്നിവരെയാണ് പൊന്നാനി മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. മാര്‍ച്ചിനിടെ പോലീസിനെ അക്രമിച്ച സംഭവത്തില്‍ ഡി വൈ എഫ് ഐ ബ്ലോക്ക് നേതാക്കളുള്‍പ്പടെ അമ്പതോളം പേര്‍ക്കെതിരെ കോസെടുത്തിരുന്നു. ഇന്നലെ രാവിലെ പത്തരയോടെയാണ് വിവിധ ഇടങ്ങളില്‍ നിന്നായി ഏഴ് ഡി വൈ എഫ് ഐക്കാരെ തിരൂര്‍ എസ് ഐ വിശ്വനാഥന്‍ കാരയിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന 332, 333, 352 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ഇനിയും അറസ്റ്റുകളുണ്ടാകുമെന്ന് എസ് ഐ അറിയിച്ചു. വൈകിട്ട് പൊന്നാനി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം തിരൂര്‍ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.