തൂക്കുകയര്‍ വിധിക്കുന്നതില്‍ ഒന്നാം സ്ഥാനം ഉത്തര്‍പ്രദേശിന്

Posted on: July 11, 2015 11:58 pm | Last updated: July 11, 2015 at 11:58 pm
SHARE

hangന്യൂഡല്‍ഹി: ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വധശിക്ഷ വിധിക്കുന്നതില്‍ ഏറ്റവും മുന്നില്‍ ഉത്തര്‍പ്രദേശെന്ന് കോമണ്‍വെല്‍ത്ത് ഹ്യൂമണ്‍ റൈറ്റ്‌സ് ഇനീഷ്യേറ്റീവ് (സി എച്ച് ആര്‍ ഐ) നടത്തിയ പഠന റിപ്പോര്‍ട്ട്. 1998നും 2103നും ഇടയില്‍ 506 പേര്‍ക്കെതിരെയാണ് ഉത്തര്‍പ്രദേശ് തൂക്കുകയര്‍ വിധിച്ചത്. ഇതേ കാലയളവില്‍ 178 പേരെ വധശിക്ഷക്ക് വിധിച്ച ബിഹാര്‍ രണ്ടാം സ്ഥാനത്തുണ്ട്. മധ്യപ്രദേശില്‍ 162 പേര്‍ക്കും മഹാരാഷ്ട്രയില്‍ 160 പേര്‍ക്കും മരണശിക്ഷ വിധിച്ചപ്പോള്‍ മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ ഈ ശിക്ഷ വിധിച്ചത് കേവലം ഓരോ ആള്‍ക്ക് മാത്രമാണ്. 1998- 2013 കാലയളവിനുള്ളില്‍ ഇന്ത്യയില്‍ മൊത്തം 2,052 പേരെയാണ് വധശിക്ഷക്ക് വിധിച്ചത്.
2007ലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷാ വിധികള്‍ വിവിധ കോടതികള്‍ പുറപ്പെടുവിച്ചത്. 186 പേരെയാണ് ആ വര്‍ഷം മരണത്തിന് വിധേയമാക്കണമെന്ന് കോടതികള്‍ ഉത്തരവിട്ടത്. 1998ല്‍ 55 പേര്‍ക്കെതിരെ വധശിക്ഷ വിധിച്ചതാണ് ഏറ്റവും കുറഞ്ഞ എണ്ണം. പുതിയ നൂറ്റാണ്ടിലെ ആദ്യ 13 വര്‍ഷത്തിനുള്ളില്‍ 1600 പേരെ മരണശിക്ഷക്ക് വിധേയമാക്കാനാണ് കോടതികള്‍ വിധിച്ചത്. ഇതേ വര്‍ഷങ്ങള്‍ക്കിടയില്‍ 4,497 വധശിക്ഷകള്‍ ജീവപര്യന്തമായി കുറക്കുകയും ചെയ്തിട്ടുണ്ട്. ഇത് വര്‍ഷത്തില്‍ 128 എന്ന ശരാശരിയിലാണ്.
കണക്കുകള്‍ സൂചിപ്പിക്കുന്നത് മറ്റ് ചില രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയില്‍ ഇപ്പോഴും മരണശിക്ഷ വിധിക്കുന്നതില്‍ മാറ്റം വന്നിട്ടില്ല എന്നുതന്നെയാണെന്ന് സി എച്ച് ആര്‍ ഐയിലെ വെങ്കടേഷ് നായക് പറഞ്ഞു. മനുഷ്യാവകാശം എന്ന ആശയത്തോട് പൂര്‍ണമായും വിയോജിച്ച് നില്‍ക്കുന്ന ഒന്നാണ് വധശിക്ഷ എന്നത്. ആരുടെ ജീവനെടുക്കാനും ഭരണകൂടത്തിന് അവകാശമില്ല. വധശിക്ഷക്ക് വിധേയരായവര്‍ മരിച്ചു എന്നെങ്കിലും പറയാം. പക്ഷേ, ഉടന്‍ തൂക്കിലേറ്റപ്പെടും എന്ന് ഉറപ്പുള്ള ഒരു തടവുകാരന്റെ മാനസികാവസ്ഥ ഭീകരമാണ്. ഒരോ നിമിഷവും അനിശ്ചിതത്വം നിറഞ്ഞതാണ്. തൂക്കിക്കൊല്ലാനുള്ള ഉത്തരവ് എത്തും വരെ അവര്‍ക്ക് ഉറങ്ങാനോ എഴുന്നേറ്റിരിക്കാനോ കഴിയില്ല. ഇത്തരം പീഡനഘട്ടത്തിലൂടെ ഒരു മനുഷ്യനെ കടത്തിവിടുന്നത് ക്രൂരമാണെന്നും നായക് കൂട്ടിച്ചേര്‍ത്തു.