ആശാറാം ബാപ്പു പീഡനക്കേസിലെ ഒരു സാക്ഷി കൂടി ആക്രമിക്കിപ്പെട്ടു

Posted on: July 11, 2015 8:02 pm | Last updated: July 12, 2015 at 12:27 am
SHARE

Asaram_18092013

ഷാജഹാന്‍പൂര്‍: ആശാറാം ബിപ്പു പീഡനക്കേസിലെ ഒരു സാക്ഷി കൂടി ആക്രമിക്കപ്പെട്ടു. കൃപാല്‍ സിങ്ങ്(35) ആണ് ആക്രമത്തിനിരയായത്. വെള്ളിയാഴ്ച ഷാജഹാന്‍പൂരില്‍ വെച്ച് ആണ് കൃപാല്‍ സിങ്ങിന് വെടിയേറ്റത്. പീഡനക്കേസില്‍ ആള്‍ദൈവമായിരുന്ന ആശാറാം ബാപ്പുവിനെതിരെ സാക്ഷി പറഞ്ഞവരില്‍ ആക്രമിക്കപ്പെടുന്ന ഒന്‍പതാമത്തെ ആളാണ് കൃപാല്‍ സിങ്ങ്.
ബൈക്കില്‍ വീട്ടിലേക്ക് പോവുമ്പോഴാണ് കൃപാല്‍ സിങ്ങ് ആക്രമിക്കപ്പെട്ടത്. മറ്റൊരു ബൈക്കിലെത്തിയ രണ്ട് പേരില്‍ പിന്നിലിരുന്നയാള്‍ കൃപാല്‍ സിങ്ങിന് നേരെ നിറയൊഴിക്കുകയായിരുന്നു. പിന്നിലാണ് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ കൃപാലിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെടിവെച്ചവര്‍ ആശാറാം ബാപ്പുവിനെതിരില്‍ മൊഴി കൊടുത്തതിനെതിരെ മുന്നറിയിപ്പ് നല്‍കിയതായി കൃപാല്‍ സിങ്ങ് പറഞ്ഞു.
16കാരിയായ വിദ്യാര്‍ഥിനി ബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ കൃപാല്‍ സിങ്ങ് ആശാറാം ബാപ്പുവിനെതിരെ സാക്ഷി മൊഴി നല്‍കിയിരുന്നു. മൂന്ന് മാസം മുമ്പാണ് മൊഴി പോലീസ് രേഖപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് കൃപാല്‍ സിങ്ങിനെതിരെ നിരന്തരം ഭീഷണിയുണ്ടായിരുന്നതായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. 74കാരനായ ആശാറാം ബാപ്പു 2013 സെപ്റ്റംബറിലാണ് പീഡനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജോധ്പൂര്‍ ജയിലിലാകുന്നത്. രണ്ട് മാസം മുമ്പ് ബാപ്പുവിനും മകന്‍ സായിക്കും എതിരെ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് മറ്റൊരു കേസും പോലീസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതുവരെ ആക്രമിക്കപ്പെട്ട ഒന്‍പത് പ്രതികളില്‍ 2 പേര്‍ കൊല്ലപ്പെട്ടിരുന്നു.