കൊച്ചി സ്മാര്‍ട്‌സിറ്റിയില്‍ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ ഐടി ടവര്‍

Posted on: July 11, 2015 5:13 pm | Last updated: July 11, 2015 at 5:14 pm
SHARE

ദുബൈ: പാര്‍പ്പിട, വാണിജ്യ, റീടെയ്ല്‍, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുള്ള ദക്ഷിണേന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ പ്രസ്റ്റിജ് ഗ്രൂപ്പ് കൊച്ചി സ്മാര്‍ട്‌സിറ്റിയില്‍ ഐ ടി ടവര്‍ നിര്‍മിക്കും. സ്മാര്‍ട്‌സിറ്റി പദ്ധതിയിലെ 246 ഏക്കറില്‍ 2.61 ലക്ഷം ച. അടിയില്‍ നിര്‍മിക്കുന്ന ഐ ടി ടവറിനായുള്ള കരാറില്‍ സ്മാര്‍ട്‌സിറ്റിയും പ്രസ്റ്റീജ് ഗ്രൂപ്പും കൊച്ചിയിലെ സ്മാര്‍ട്‌സിറ്റി ഓഫീസില്‍ ഒപ്പുവെച്ചു.
ബെംഗളൂരുവില്‍ സര്‍ജാപൂര്‍-മാറത്തഹള്ളി ഔട്ടര്‍ റിംഗ് റോഡില്‍ സ്ഥിതി ചെയ്യുന്ന പ്രസ്റ്റിജ് ഗ്രൂപ്പിന്റെ രണ്ട് ഐടി പാര്‍ക്കുകളില്‍ ജെപി മോര്‍ഗന്‍, ഒറക്ക്ള്‍, നോക്കിയ, എയര്‍ടെല്‍, ആള്‍ടെയ്ര്‍ എന്‍ജിനീയറിങ് തുടങ്ങിയ ഐടി ഭീമന്മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 22 ഏക്കറില്‍ 40,000 ച. അടി വീതം വിസ്തൃതിയുള്ള രണ്ട് ഭാഗങ്ങളായി മൂന്ന് ടവറുകള്‍ അടങ്ങുന്നതാണ് ടെക് പാര്‍ക്-11 ഇലക്ട്ര. 3.6-3.8 ലക്ഷം ച. അടി വിസ്തൃതിയുള്ളതാണ് ടെക് പാര്‍ക്-111. കേരളത്തിന്റെ അഭിമാന പദ്ധതിയായ സ്മാര്‍ട്‌സിറ്റിയുടെ കോ-ഡെവലപ്പര്‍മാരാകാന്‍ പ്രമുഖ കമ്പനികളെത്തുന്നുവെന്നത് സന്തോഷകരമായ കാര്യമാണെന്ന് കൊച്ചി സ്മാര്‍ട്‌സിറ്റി എം ഡിയും സി ഇ ഒയുമായ ഡോ. ബാജു ജോര്‍ജ് പറഞ്ഞു.
കൂടാതെ പ്രസ്റ്റീജ് പോലൊരു പ്രമുഖ റിയല്‍ എസ്റ്റേറ്റ് കോ-ഡെവലപ്പറെ ലഭിക്കുന്നതിലൂടെ കമ്പനി നിര്‍മിക്കുന്ന കെട്ടിടവും കൊച്ചി സ്മാര്‍ട്‌സിറ്റിയുടെ ബിസിനസ് ടൗണ്‍ഷിപ്പ് വിഭാവനം ചെയ്തിരിക്കുന്ന ലോകോത്തര നിലവാരത്തിലാകുമെന്ന കാര്യം ഉറപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം റോഡുകളുടെയും പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് അടിസ്ഥാനസൗകര്യ വികസനം ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, വിനോദം തുടങ്ങിയ മേഖലകളില്‍ വന്‍കിട കമ്പനികളുമായി ചേര്‍ന്നുള്ള സംയുക്ത വികസന പദ്ധതികളും നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
കേരള സര്‍ക്കാരിന്റെയും ദുബൈ ഹോള്‍ഡിംഗിന്റെയും സംയുക്ത പദ്ധതിയായ കൊച്ചി സ്മാര്‍ട്‌സിറ്റി കോ-ഡെവലപ്പര്‍മാറുമായി ചേര്‍ന്ന് 30 മാസത്തിനുള്ളില്‍ ഐടി, ഐ ടി ഇ എസ് കമ്പനികളെ ഉള്‍ക്കൊള്ളുന്ന ആകെ 50 ലക്ഷം ച.അടി വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കും. ഇതിലൂടെ 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐ സി ടി), മീഡിയ, ഫിനാന്‍സ്, റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ വിഭാഗങ്ങള്‍ കൂടി ഉള്‍കൊള്ളുന്നതാണ് പദ്ധതി. ദുബൈ സ്മാര്‍ട്‌സിറ്റി, മാള്‍ട്ട സ്മാര്‍ട് സിറ്റി എന്നിവയ്ക്ക് ശേഷമുള്ള ദുബൈ ഹോള്‍ഡിംഗിന്റെ മൂന്നാമത്തെ പദ്ധതിയാണ് കൊച്ചി സ്മാര്‍ട്‌സിറ്റി.

 

സ്മാര്‍ട് സിറ്റി വൈകില്ല
Mr. Jaber Bin Hafez, Vice Chairman, SmartCity Kochi and CEO of SmartCity Dubaiദുബൈ: സ്മാര്‍ട്‌സിറ്റി പദ്ധതി നിശ്ചയിച്ച പ്രകാരം തന്നെ പൂര്‍ത്തീകരിക്കുമെന്ന് കൊച്ചി സ്മാര്‍ട്‌സിറ്റി വൈസ് ചെയര്‍മാനും ദുബൈ സ്മാര്‍ട്‌സിറ്റി സി ഇ ഒയുമായ ജാബിര്‍ ബിന്‍ ഹാഫിസ് പറഞ്ഞു. കേരളത്തിന്റെ സ്വപ്‌നപദ്ധതി സാക്ഷാത്കരിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ല.
‘പദ്ധതി വിഭാവനം ചെയ്ത രീതിയില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുവരുത്തും. പദ്ധതിയുടെ ദൈനംദിന പുരോഗതി നിരീക്ഷിക്കാന്‍ സ്മാര്‍ട്‌സിറ്റി എം ഡി ബാജു ജോര്‍ജിനെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനായി അദ്ദേഹം കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും,’ ജാബര്‍ ബിന്‍ ഹാഫിസ് പറഞ്ഞു.
‘പദ്ധതിയുടെ ഒന്നാംഘട്ടം തുറക്കുമ്പോള്‍ സ്മാര്‍ട്‌സിറ്റിയുമായി സഹകരിക്കുന്ന പുതിയ കമ്പനികളെ സംബന്ധിച്ച് കേരളത്തിന് ഏറെ അത്ഭുതങ്ങള്‍ ഞങ്ങള്‍ കരുതിവെച്ചിട്ടുണ്ട്. സ്മാര്‍ട്‌സിറ്റിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനായി പ്രമുഖ കമ്പനികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.’
‘90,000 പേര്‍ക്ക് നേരിട്ട് ജോലി നല്‍കാന്‍ കഴിയുന്ന പദ്ധതി നിശ്ചയിച്ച പ്രകാരം 2019-ല്‍ തന്നെ കമ്മീഷന്‍ ചെയ്യും. രാജ്യത്തെ ടിയര്‍-1 നഗരങ്ങള്‍ക്ക് ബദലെന്ന നിലയില്‍ ഈയടുത്തിറങ്ങിയ നാസ്‌കോം റിപ്പോര്‍ട്ട് കൊച്ചിയെ വിശേഷിപ്പിച്ചിരുന്നു.
തൊഴില്‍ വൈദഗ്ധ്യമുള്ള ആളുകളുടെ ലഭ്യത കാരണം കൊച്ചി ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഏറെ സാധ്യതകള്‍ നല്‍കുന്ന നഗരമായി മാറും. സമൃദ്ധമായ ഈ ലഭ്യതകള്‍ പ്രയോജനപ്പെടുത്തി വളരാന്‍ ഇത്തരം കമ്പനികള്‍ക്ക് സ്മാര്‍ട്‌സിറ്റി അനുയോജ്യമായ വേദിയൊരുക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.