ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് തമിഴകത്ത് അഭ്യൂഹങ്ങള്‍

Posted on: July 11, 2015 12:21 am | Last updated: July 11, 2015 at 12:21 am
SHARE

jayalalithaന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് സംസ്ഥാനത്ത് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. ഡി എം കെ പ്രസിഡന്റും മുന്‍മുഖ്യമന്ത്രിയുമായ കരുണാനിധിയാണ് ജയയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ട് ചെന്നൈയില്‍ പ്രസ്താവന നടത്തിയത്. അവര്‍ പൂര്‍ണ വിശ്രമമെടുക്കണമെന്നും ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജയലളിത കഴിഞ്ഞ രണ്ട് മാസമായി ചെന്നൈയിലെ വീട്ടില്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് എ ഐ എ ഡി എം കെ പാര്‍ട്ടി നേതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം അടിയന്തരമായി കരള്‍ മാറ്റ ശസ്ത്രക്രിയക്കായി ജയലളിത സിംഗപ്പൂരിലേക്ക് പോയേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റവിമുക്തയായ ശേഷം മേയ് 23ന് ജയലളിത വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ചടങ്ങ് ആകെ 25 മിനുട്ടാണ് നീണ്ടത്. അവര്‍ക്കൊപ്പം 28 മന്ത്രിമാരും 14 പേര്‍ വീതമുള്ള രണ്ട് ബാച്ചുകളായി കൂട്ടസത്യപ്രതിജ്ഞ ചെയ്തത് ജയയുടെ അനാരോഗ്യം കാരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം ആദ്യം നടന്ന ഇഫ്താര്‍ പരിപാടിയില്‍ ജയലളിത പങ്കെടുത്തില്ല. പകരം ധനമന്ത്രിയും തന്റെ വിശ്വസ്തനുമായ പനീര്‍ശെല്‍വത്തെയാണ് അയച്ചത്. മുഖ്യമന്ത്രിയായി തിരിച്ചെത്തിയ ശേഷം ചെന്നൈ മെട്രോയുടെ ഉദ്ഘാടന ചടങ്ങും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരുന്നു ജയ നിര്‍വഹിച്ചത്. ജയയുടെ പാര്‍ട്ടിയായ അണ്ണാ ഡി എം കെയുടെ ഉടമസ്ഥതയിലുള്ള ജയ ടി വിക്കും സര്‍ക്കാര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും മാത്രമാണ് ചടങ്ങില്‍ പ്രവേശനം അനുവദിച്ചത്.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സെക്രട്ടേറിയറ്റില്‍ എത്തുമായിരുന്നെങ്കിലും ജയലളിത 30 മിനുട്ടില്‍ കൂടുതല്‍ ഓഫീസില്‍ ചെലവഴിച്ചിരുന്നില്ല. പൊതുപരിപാടികള്‍ ഉണ്ടെങ്കില്‍ അത് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങുമായിരുന്നു എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് പ്രശസ്ത ദദൈ്വവാരികയായ നക്കീരന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ചികിത്സക്കായി ജയ ഉടന്‍ തന്നെ അമേരിക്കയിലേക്ക് പോയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ഇത്തരം റിപ്പോര്‍ട്ടുകള്‍ക്കെതിരെ സാധാരണ നിയമനടപടിയുമായി മുന്നോട്ട് പോകുന്ന ജയലളിത വാര്‍ത്തയെക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. കേസിനു പോയാല്‍ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ കോടതി മുമ്പാകെ വെളിപ്പെടുത്തേണ്ടി വരുമെന്ന ആശങ്കയാണ് ഈ മൗനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.