സാറയെയും നൂര്‍ഹാനെയും കാത്തിരുന്നത് രണ്ട് വിസ്മയങ്ങള്‍

Posted on: July 10, 2015 6:16 pm | Last updated: July 10, 2015 at 6:16 pm
SHARE

1895667423ദുബൈ: രണ്ട് വിസ്മയങ്ങളാണ് സ്വദേശീ വിദ്യാര്‍ഥിനിയായ സാറ അബ്ദുര്‍റഹ്മാന്‍ അഹ്മദിനെയും ഈജിപ്തുകാരിയായ നൂര്‍ഹാന്‍ സലാല്‍ അല്‍ ദീന്‍ അലിയെയും കാത്തിരുന്നത്. പ്ലസ്ടു പരീക്ഷയില്‍ യു എ ഇയില്‍ ഒന്നാം റാങ്ക് പങ്കിട്ടുവെന്നതാണ് ഒന്ന്. ഇക്കാര്യം അറിയിച്ചത് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആയിരുന്നുവെന്നത് രണ്ടാമത്തേത്. സഅബീല്‍ കൊട്ടാരത്തിലേക്ക് അതിഥികളായി എത്തിയപ്പോഴാണ് രണ്ട് വിസ്മയങ്ങളും.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രി ശൈഖ് ഹംദാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ എന്നിവരും ഇരുവരെയും അഭിനന്ദിച്ചു. സയന്‍സ് വിഭാഗത്തില്‍ സാറ അബ്ദുര്‍റഹ്മാനും നൂര്‍ ഹാന്‍ സലാല്‍ അല്‍ ദീനും 99.9 ശതമാനം മാര്‍ക്കുണ്ട്. ഇരുവരുടെയും മാര്‍ക് ലിസ്റ്റ് ശൈഖ് മുഹമ്മദ് ആണ് കൈമാറിയത്. ഇന്നലെ യു എ ഇയിലെ പൊതുവിദ്യാലയങ്ങളിലെ പ്ലസ് ടു പരീക്ഷാഫലം പുറത്തുവന്നു. 39,734 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ സയന്‍സ് വിഭാഗത്തില്‍ 89.4 ശതമാനവും സാഹിത്യ വിഭാഗത്തില്‍ 67.8 ശതമാനവും വിജയമുണ്ട്. സ്വകാര്യ സ്‌കൂളുകളെക്കാള്‍ പൊതു വിദ്യാലയങ്ങളാണ് കൂടുതല്‍ നേട്ടം കൈവരിച്ചത്. സാഹിത്യ വിഭാഗത്തില്‍ സ്വദേശി വിദ്യാര്‍ഥിനിയായ ഹിന്ദ് അലി സാലിം മുഹമ്മദ് അല്‍ കഅബി 99.88 ശതമാനത്തോടെ ഒന്നാം റാങ്കും ഫാത്വിമ അബ്ദുല്ലത്വീഫ് മുഹമ്മദ് ഇബ്‌റാഹീം 99.81 ശതമാനത്തോടെ രണ്ടാം റാങ്കും നേടി. വിജയികളെ ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി, വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ ബിന്‍ ഇബ്‌റാഹീം അല്‍ ഹമ്മാദിയും അഭിനന്ദിച്ചു.