മെഗനെ അല്‍ ഐന്‍ മൃഗശാലയിലേക്ക് കൊണ്ടുപോയി

Posted on: July 10, 2015 6:14 pm | Last updated: July 10, 2015 at 6:14 pm
SHARE

&MaxW=640&imageVersion=default&AR-150709124അബുദാബി: ഒടുവില്‍ മെഗനെ അല്‍ ഐന്‍ മൃഗശാലയിലേക്ക് കൊണ്ടുപോയി. മുസഫ്ഫ വ്യവസായ മേഖലയിലെ ഗ്രോസറിക്ക് സമീപം തൊഴിലാളികളില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചും ചുറ്റുവട്ടത്തെ മരത്തിലും പാര്‍ക്ക് ചെയ്ത വാഹനങ്ങളിലും കുറുമ്പുകാട്ടിയും കഴിഞ്ഞുവന്ന മെഗാനെന്ന പെണ്‍കുരങ്ങിനെയാണ് മൃഗശാല അധികൃതരെത്തി തഞ്ചത്തില്‍ പിടികൂടി കൊണ്ടുപോയത്.
കഴിഞ്ഞ ആഴ്ചയായിരുന്നു ഈ കുരങ്ങ് ഭക്ഷണം തേടി രാവിലെയും വൈകുന്നേരവും ഗ്രോസറിക്ക് സമീപം എത്താന്‍ തുടങ്ങിയത്. വളരെ വേഗം പ്രദേശത്തെ തൊഴിലാളികളുടെയും താമസക്കാരുടെയും പ്രിയപ്പെട്ടവളായി മെഗാന്‍ മാറിയിരുന്നു. കുരങ്ങ് സ്വതന്ത്രമായി വിഹരിക്കുന്നത് കണ്ട സമീപത്തെ സെക്യൂരിറ്റി ജീവനക്കാരന്‍ യു എ ഇ അനിമല്‍ ആക്ഷന്‍ അധികൃതരെ അറിയിച്ചതോടെയാണ് മൃഗശാലയില്‍ നിന്നുള്ള സംഘം എത്തി കൈയോടെ പിടികൂടിയത്.
നോമ്പു തുറക്കുന്ന സമയത്തായിരുന്നു കുരങ്ങ് പതിവായി എത്തിയിരുന്നതെന്ന് താമസക്കാരില്‍ ഒരാള്‍ വ്യക്തമാക്കി. കുരങ്ങ് പതിവായി വരാറുള്ള സ്ഥലത്ത് ചെന്നപ്പോള്‍ ആദ്യം കാണ്ടെത്താന്‍ സാധിച്ചില്ലെന്നും പിന്നീട് കാറിന് മുകൡ കുരങ്ങിന്റെ കാല്‍പാടുകള്‍ തിരിച്ചറിഞ്ഞതോടെ നടത്തിയ അന്വേഷണമാണ് പിടികൂടുന്നതില്‍ കലാശിച്ചതെന്നും സംഘത്തിന് നേതൃത്വം നല്‍കിയ അനിമല്‍ ആക്ഷന്‍ യു എ ഇ സ്ഥാപക മിലാനി സ്റ്റോണ്‍സ് വ്യക്തമാക്കി. ഗ്രോസറിയില്‍ തീറ്റതേടി എത്തിയ മെസാന്‍ ലോറിയുടെ മുകളില്‍ ഇരിക്കവേ മൃഗശാലയില്‍ നിന്നുള്ള സംഘം പഴക്കുല പ്രദര്‍ശിപ്പിച്ച് ആകര്‍ഷിച്ച് വലയിലാക്കുകയായിരുന്നു.
കുരങ്ങിന്റെ സുരക്ഷക്ക് ഭീഷണിയുണ്ടാവുമെന്ന ഭയത്താലാണ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതെന്ന് ബംഗ്ലാദേശ് സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ മുഹമ്മദ് ആലം വ്യക്തമാക്കി. കുരങ്ങ് കറങ്ങിനടക്കുന്നുണ്ടെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് മുഹമ്മദ് മെയില്‍ അയക്കുകയായിരുന്നുവെന്ന് സ്‌റ്റോണ്‍ വ്യക്തമാക്കി. തങ്ങള്‍ എക്‌സോട്ടിക്കായ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവരല്ലെന്നും കറങ്ങിനടക്കുന്ന മൃഗങ്ങളായ നായകളെയും പൂച്ചകളെയുമാണ് സാധാരണ രക്ഷിക്കാറെന്നും അവര്‍ വിശദീകരിച്ചു.