പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത വര്‍ഷം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും

Posted on: July 10, 2015 4:23 pm | Last updated: July 11, 2015 at 11:25 am
SHARE
MODI WITH NAVAS SHARIF
ഉഫയില്‍ ഷാംഗ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേന്റെ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക് പ്രധാനമന്ത്രി നവാസ് ഷരീഫും ഹസ്തദാനം ചെയ്യുന്നു

ഉഫ: പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത വര്‍ഷം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. ഷാംഗ്ഹായ് കോ ഒാപ്പറേഷന്‍ ഓര്‍ഗനൈസേന്റെ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്. അടുത്ത വര്‍ഷം പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയിലേക്കുള്ള നവാസ് ശരീഫിന്റെ ക്ഷണം മോഡി സ്വീകരിക്കുകയായിരുന്നു.

ഇരു രാജ്യങ്ങളിലെയും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കൂടിക്കാഴ്ചക്കും ചര്‍ച്ചയില്‍ തീരുമാനമായി. ഭീകരവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ഡല്‍ഹിയില്‍ ചേരും. ഇരുരാജ്യങ്ങളുടെയും പിടിയിലുളള മത്സ്യത്തൊഴിലാളികളെ രണ്ടാഴ്ചക്കകം വിട്ടുനല്‍കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായിട്ടുണ്ട്. മുംബൈ ഭീകരാക്രമണ കേസിലെ പ്രതി സാകിഉര്‍ റഹ്മാന്‍ ലഖ്‌വിയുടെ വിചാരണ വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പാക്കിസ്ഥാന്‍ ഉറപ്പ് നല്‍കി.