ഓഫറുകളുടെ പെരുമഴ: പെരുന്നാള്‍ വിപണി തേടി കച്ചവടക്കാരും ഉപഭേക്താക്കളും

Posted on: July 10, 2015 3:24 pm | Last updated: July 10, 2015 at 3:24 pm
SHARE

കോഴിക്കോട്: കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലുള്ള വസ്ത്രശേഖരവും, ഫാന്‍സി ഐറ്റങ്ങളുമായി പെരുന്നാളിനെ വരവേല്‍ക്കാന്‍ വസ്ത്രവ്യാപാര വിപണി ഒരുങ്ങി. നഗരത്തിന്റെ ഹൃദയഭാഗത്തെ വ്യാപാര കേന്ദ്രമായ മിഠായിത്തെരുവും, പുതിയ സ്റ്റാന്റും, കല്ലായിയുമെല്ലാം പെരുന്നാള്‍ തിരക്കിലേക്കമര്‍ന്നു കഴിഞ്ഞു.
റമസാന്‍ അവസാനത്തിലേക്ക് കടന്നതോടെ ആളുകള്‍ ഷോപ്പിംഗിലേക്ക് കടന്നു. പുതുവസ്ത്രം എന്നത് പെരുന്നാളിന് ഒഴിച്ചു കൂടാന്‍ പറ്റാത്തതായതിനാല്‍ മുഴുവന്‍ വിശ്വാസികളും പുതുവസ്ത്രം വാങ്ങാനെത്തും എന്ന പ്രതീക്ഷയില്‍ കച്ചവടക്കാര്‍ വന്‍തോതില്‍ തന്നെ വസ്ത്രശേഖരം എത്തിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍, സൂറത്ത് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും വസ്ത്രശേഖരം കോഴിക്കോട്ടെത്തിച്ചിരിക്കുന്നത്. പുതിയ മോഡലിലുള്ള പലതരം വസ്ത്രങ്ങള്‍ നഗരത്തിലെ വിവിധ വസ്ത്രശാലകളില്‍ എത്തിക്കഴിഞ്ഞു.
നിറ വൈവിധ്യമാണ് മിക്ക വിപണിയുടേയും പ്രത്യേകത. വസ്ത്ര വിപണിയും, മറ്റു വിപണികളുമെല്ലാം ഉപഭോക്താക്കളെ മാടിവിളിക്കുന്ന കാഴ്ചകളാണ് നഗരത്തിലെവിടെയും കാണുന്നത്. വസ്ത്രവിപണിയെപ്പോല തന്നെ ഫാന്‍സിയിലും മറ്റു മേഖലകളിലും തിരക്കുകളുടെ കാലമാണിപ്പോള്‍. ഓഫറുകളുടെ പെരുമഴയുമായി ഗൃഹോപകരണസ്ഥാപനങ്ങളും സജീവമാണ്. റംസാന്‍-ഓണം മേളകളുമായാണ് പല വ്യാപാര സ്ഥാപനങ്ങളും ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നത്. ഷോപ്പിംഗ്മാളുകളിലും തിരക്കിന് കുറവില്ല.
നിറങ്ങളുടെ വിസ്മയം മിഠായിത്തെരുവിന്റേതു മാത്രമാകുമ്പോള്‍ ഏതു പ്രായക്കാരെയും ആകര്‍ഷിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ കാഴ്ചക്ക്് തിളക്കമേകുന്നു. എക്കാലത്തേയും ട്രെന്റായ ചുരിദാറിന്റെ പലതരം മോഡലുകള്‍ കടകളില്‍ എത്തിക്കഴിഞ്ഞു. പെണ്‍കുട്ടികള്‍ക്കുള്ള പലാസ ടോപ്പുമുതല്‍ വിവിധ മോഡലിലുള്ള പര്‍ദ്ദ വരെ കടകളില്‍ ആകര്‍ഷകമാണ്. സാധാരണക്കാരന് യോജിച്ച വിലകളില്‍ ഇവ ലഭ്യവുമാണ്. മിഠായിത്തെരുവിന്റെ വഴിയോരക്കച്ചവടങ്ങളില്‍ കുട്ടികള്‍ക്കുള്ള വസ്ത്രം 50 രൂപ മുതല്‍ ലഭിക്കും. ഉടുപ്പുകള്‍ക്ക് 100 രൂപയാണ് വില. മാക്‌സികള്‍ 160 രൂപക്കും ലഭിക്കും. പെണ്‍കുട്ടികളുടേ വേഷം പോലെത്തന്നെ ആണ്‍കുട്ടികളുടെ വേഷവും ഇവിടെ വിറ്റഴിയുന്നുണ്ട്. 200 രൂപക്ക് ഷര്‍ട്ടും, 350 രൂപക്ക് പാന്റും ഇവിടെ ലഭ്യമാണ്. മുണ്ടുകള്‍ 200, ബെഡ് ഷീറ്റുകള്‍ക്ക് 150 എന്നിങ്ങനെ പോകുന്നു മിഠായിത്തെരുവിലെ വില.
നഗരത്തിലെ വന്‍കിട സ്ഥാപനങ്ങളിലെല്ലാം രാത്രി വളരെ വൈകിയും വ്യാപാരം നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ വസ്ത്രങ്ങള്‍ക്ക് വില വര്‍ധിച്ചിട്ടുണ്ടെന്ന് ഉപഭോക്താക്കള്‍ പറയുന്നു. എന്നാല്‍ പാളയം സ്റ്റാന്റിന്റെ പണി നടക്കുന്നത് കച്ചവടത്തിന്റെ മാറ്റു കുറക്കുന്നുവെന്നാണ് വ്യാപാരികള്‍ പറയുന്നത്.