തളിപ്പറമ്പില്‍ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

Posted on: July 10, 2015 6:00 am | Last updated: July 10, 2015 at 1:00 am
SHARE

തളിപ്പറമ്പ്: കാറും ബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കുപ്പം മുക്കുന്ന് സ്വദേശികളായ തുന്തക്കാച്ചി കണ്ണൂക്കാരന്‍ ആമിന (72) ഇളയ സഹോദരി മറിയം (65) ബന്ധുവായ കാര്‍ ഡ്രൈവര്‍ ബത്താലി ലത്വീഫ് (38) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറും എതിരെ വരികയായിരുന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഇവരുടെ മറ്റൊരു ബന്ധു ചെര്‍ക്കളയിലെ ഇച്ച എന്ന അബ്ദുര്‍റഹ്മാന്‍ (65) കുപ്പം മുക്കുന്നിലെ കെ പി കുഞ്ഞാമിന (40) എന്നിവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 2.30ന് കോരംപീടിക ദേശീയ പാതയില്‍ ബസ് സ്റ്റോപ്പിനടുത്തെ മരമില്ലിന് സമീപത്താണ് അപകടം.
കണ്ണൂരില്‍ നിന്ന് കാസര്‍ക്കോട്ടേക്ക് പോകുകയായിരുന്ന ബസ് മറ്റൊരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. അമിത വേഗത്തില്‍ വന്ന ബസ്സിന്റെ ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മാട്ടൂലിലെ ബന്ധുവിന്റെ മരണ വീട്ടില്‍ പോയി തിരിച്ചു വരികയായിരുന്നു കാറിലുള്ളവര്‍. പരേതനായ മമ്മു- ഫാത്വിമ ദമ്പതികളുടെ മകനാണ് മരിച്ച ലത്വീഫ്. ഭാര്യ: നസീമ. മക്കള്‍: നാഫിയ, നാഫില, നിഹാല്‍, ഫാത്വിമ. പരേതനായ കൊങ്ങായി അബ്ദുല്ലയാണ് ആമിനയുടെ ഭര്‍ത്താവ്. മക്കള്‍: ഹസ്സന്‍ (ദുബൈ), ആഇശ, ഖദീജ, ഫാത്വിമ, മറിയം, ജമീല. പരേതനായ യു എം മുഹമ്മദ് കുഞ്ഞിയാണ് മറിയത്തിന്റെ ഭര്‍ത്താവ്. മക്കള്‍: ആസിയ, സാഹിദ, ഫൗസിയ, ഇസ്സുദ്ദീന്‍, അബ്ദുറശീദ്, ഇര്‍ഷാദ്.