ശമ്പള പരിഷ്‌കരണം പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ മതിയെന്ന് റിപ്പോര്‍ട്ട്

Posted on: July 10, 2015 6:00 am | Last updated: July 10, 2015 at 12:57 am
SHARE

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം പത്ത് വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന് ധനവിനിയോഗ പരിശോധന സമിതി ശിപാര്‍ശ ചെയ്തു. മദ്യനയത്തെ തുടര്‍ന്ന് എക്‌സൈസ് വരുമാനം കുറഞ്ഞുവെന്നും നയത്തില്‍ മാറ്റം വരുത്തണമെന്നും സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തെ ധനസ്ഥിതി വളരെ മോശമാണെന്നാണ് ഡോ. കെ പുഷ്പാംഗന്‍ അധ്യക്ഷനായ പബ്ലിക് എക്‌സ്‌പെന്‍ഡീച്ചര്‍ റിവ്യു കമ്മിറ്റിയുടെ നാലാം റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. നികുതി ഇനത്തില്‍ വലിയ ചോര്‍ച്ചയുണ്ടായി. അഞ്ച് വര്‍ഷം കൂടുമ്പോഴുള്ള ശമ്പള പരിഷ്‌കരണം നിര്‍ത്തണമെന്നാണ് പ്രധാന ശിപാര്‍ശ. കേന്ദ്ര സര്‍വീസ് മാതൃകയില്‍ പരിഷ്‌കരണം പത്ത് വഷത്തിലൊരിക്കല്‍ മതിയെന്നാണ് നിര്‍ദേശം.
സബ്‌സിഡി അര്‍ഹരായവര്‍ക്ക് മാത്രം പരിമിതപ്പെടുത്തണം, അധികമുള്ള ജീവനക്കാരെ പുനര്‍വിന്യസിക്കണം, നികുതി പിരിവ് ഊര്‍ജിതമാക്കണം, നികുതിയേതര വരുമാനം കൂട്ടണം എന്നിവയാണ് മറ്റ് പ്രധാന ശിപാര്‍ശകള്‍. മദ്യനയത്തില്‍ മാറ്റം വേണമെന്നാണ് മറ്റൊരു ശിപാര്‍ശ.
എക്‌സൈസ് വരുമാനത്തില്‍ വലിയ കുറവുണ്ടാക്കിയ മദ്യനയം അയല്‍സംസ്ഥാനങ്ങളില്‍ വരുമാനം കൂടാനും ഇടയാക്കിയെന്നാണ് കണ്ടെത്തല്‍. അതിനിടെ, പത്താം ശമ്പള കമ്മീഷന്‍ ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും.
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കണമെന്നും ശമ്പളം രണ്ടായിരം രൂപ മുതല്‍ പന്ത്രണ്ടായിരം രൂപവരെ കൂട്ടാനും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായ കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്.