വിംബിള്‍ഡണ്‍: സെറീന-മുഗുരുസ ഫൈനല്‍ സെറീന-മുഗുരുസ ഫൈനല്‍

Posted on: July 10, 2015 6:00 am | Last updated: July 10, 2015 at 12:44 am
SHARE

2A601B9F00000578-3154855-image-a-56_1436447213919

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ പത്തൊമ്പത് വര്‍ഷത്തിന് ശേഷം ഒരു സ്പാനിഷ് താരം ഫൈനലില്‍ പ്രവേശിച്ചു – ഗാര്‍ബിന്‍ മുഗുരുസ ! സെമിഫൈനലില്‍ 6-2,3-6,6-3ന് പോളണ്ടിന്റെ അഗ്നിയെസ്‌ക റവാന്‍സ്‌കയെ തോല്‍പ്പിച്ചു. ഫൈനലില്‍ മുഗുരുസക്ക് നേരിടേണ്ടത് കിരീട ഫേവറിറ്റായ അമേരിക്കയുടെ സെറീന വില്യംസിനെ. സെമിയില്‍ റഷ്യന്‍ താരം മരിയഷറപോവയെ 6-2,6-4ന് തോല്‍പ്പിച്ചാണ് സെറീന തന്റെ എട്ടാമത് വിംബിള്‍ഡണ്‍ ഫൈനലിന് യോഗ്യത നേടിയത്. അരാന്റ സാഞ്ചസ് വിസാരിയോ ആണ് വിംബിള്‍ഡണില്‍ അവസാനമായി ഫൈനല്‍ കളിച്ച സ്പാനിഷ് വനിത. എന്നാല്‍, 1994ല്‍ കിരീടം നേടിയ കൊഞ്ചിത മാര്‍ട്ടിനെസാണ് വിംബിള്‍ഡണിലെ അവസാന സ്പാനിഷ് വനിതാ ചാമ്പ്യന്‍.
ഇരുപത്തൊന്നുകാരിയായ മുഗുരുസയുടെ കുതിപ്പ് സ്പാനിഷ് മാധ്യമങ്ങള്‍ ആവേശത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. പുരുഷ സിംഗിള്‍സില്‍ സൂപ്പര്‍ താരം റാഫേല്‍ നദാല്‍ പുറത്തായതോടെ മുരുഗുസയുടെ മുന്നേറ്റത്തിന് വന്‍ ശ്രദ്ധപിടിച്ചു പറ്റാന്‍ സാധിച്ചു. ആദ്യമായാണ് മുരുഗുസ ഒരു ഗ്രാന്‍സ്ലാം ഫൈനലിലെത്തുന്നത്. മൂന്ന് തവണ സെമിഫൈനലിസ്റ്റായ പോളണ്ടിന്റെ റവാന്‍സ്‌കക്കെതിരെ മിതത്വമുള്ള പ്രകടനമാണ് യുവതാരം കാഴ്ചവെച്ചത്. ആകെ ഒരു കിരീടം മാത്രമാണ് മുരുഗുസയുടെ പേരിലുള്ളത്. എന്നാല്‍, ഇതൊന്നും സ്പാനിഷ് താരത്തിന്റെ പ്രകടനത്തില്‍ നിഴലിച്ചില്ല. ഇരുപതാം സീഡായ മുരുഗുസ മത്സരത്തില്‍ തന്റെ മുപ്പത്തൊമ്പതാം വിന്നര്‍ പായിച്ചതാണ് സെമിജയം ഉറപ്പാക്കിയത്. അടുത്താഴ്ച വരുന്ന പുതിയ റാങ്കിംഗില്‍ ആദ്യ പത്തിലേക്ക് മരുഗുസ കയറും.
കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപണില്‍ അമേരിക്കയുടെ സെറീന വില്യംസിനെ അട്ടിമറിച്ചതാണ് ഗ്രാന്‍സ്ലാമില്‍ മുരുഗുസയുടെ മേല്‍വിലാസം. 2014, 2015 ഫ്രഞ്ച് ഓപണുകളില്‍ ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം പോകാന്‍ സ്പാനിഷ് താരത്തിന് സാധിച്ചിട്ടില്ല. വിംബിള്‍ഡണില്‍ അഞ്ചാം സീഡായ കരോലിന വോസ്‌നിയാക്കിയെയും പത്താം സീഡായ ഏഞ്ചലീക് കെര്‍ബറെയും അട്ടിമറിച്ചാണ് മുരുഗുസ സെമിയിലെത്തിയത്.