ബാര്‍കോഴ: വിജിലന്‍സ് നടപടിക്കെതിരെ എല്‍ ഡി എഫ് നിയമയുദ്ധത്തിന്

Posted on: July 10, 2015 6:00 am | Last updated: July 10, 2015 at 12:18 am
SHARE

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍കോഴ കേസില്‍ അന്വേഷണം അവസാനിപ്പിക്കാനുള്ള വിജിലന്‍സ് നടപടിയെ നിയമപരമായി നേരിടാന്‍ എല്‍ ഡി എഫ് തീരുമാനം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നേരത്തെ നല്‍കിയ പരാതിയില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകുന്നതിനൊപ്പം എല്‍ ഡി എഫ് സ്വന്തം നിലയിലും നിയമനടപടി സ്വീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന മുന്നണിയുടെ അടിയന്തരയോഗം തീരുമാനിച്ചു. കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിയമനടപടിയുമായി ഏതുകോടതിയെ സമീപിക്കണമെന്നത് നിയമവിദഗ്ദരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാഠപുസ്തക പ്രശ്‌നത്തില്‍ ഇടതു വിദ്യാര്‍ഥി യുവജന സംഘടനകള്‍ നടത്തുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമരക്കാര്‍ക്കെതിരേയുള്ള പോലിസ് മര്‍ദനത്തില്‍ പ്രതിഷേധിച്ചും നാളെ പ്രാദേശികതലത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണമെന്നും യോഗം ആവശ്യപ്പെട്ടു.