Connect with us

Kerala

സ്വര്‍ണക്കടത്ത്; നൗഷാദ് സമ്പാദിച്ചത് 60 കോടി

Published

|

Last Updated

കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ പി എ നൗഷാദ് ഒന്നര വര്‍ഷം കൊണ്ട് സ്വര്‍ണക്കടത്തിലൂടെ നേടിയത് 60 കോടിയോളം രൂപ. ഇതില്‍ ഏറെയും ദുബൈയിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്നും കസ്റ്റംസിന് സൂചന ലഭിച്ചു. ഒന്നര വര്‍ഷത്തിനിടെ ദുബൈയില്‍ നിന്ന് രണ്ടായിരം കിലോയിലധികം സ്വര്‍ണം ഇയാള്‍ കടത്തിയത്. ഒരു കിലോ സ്വര്‍ണം കടത്തിക്കൊണ്ടുവരുമ്പോള്‍ ക്യാരിയര്‍മാര്‍ക്കും എമിഗ്രേഷന്‍ ഉദ്യോഗസ്ഥനും നല്‍കുന്ന തുക കഴിച്ച് ഇയാള്‍ക്ക് രണ്ടര ലക്ഷത്തിലധികമാണ് പ്രതിഫലം ലഭിച്ചിരുന്നു. ഈ കണക്കനുസരിച്ച് നൗഷാദ് ഇക്കാലയളവില്‍ സമ്പാദിച്ചത് 60 കോടിയോളം രൂപയാണ്. എന്നാല്‍ ഇതുവരെ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഇതിന്റെ ഒരു ഭാഗം മാത്രമേ സ്വത്തുക്കളായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. ഏഴ് നില അപ്പാര്‍ട്ട്‌മെന്റ്, ആഡംബര വില്ലകള്‍, നിരവധി ആഡംബര കാറുകള്‍, ഏക്കര്‍ കണക്കിന് ഭൂമി എന്നിവ നൗഷാദിന് മൂവാറ്റുപുഴയില്‍ ഉള്ളതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
നൗഷാദിന്റെ സ്വര്‍ണക്കടത്ത് – ഹവാല സംഘത്തില്‍പ്പെട്ട എട്ട് പേരെ കൂടി അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുകയാണ് കസ്റ്റംസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് സമന്‍സ് അയച്ചെങ്കിലും ആരും മറുപടി നല്‍കുകയോ ഹാജരാകുകയോ ചെയ്തിട്ടില്ല. ഇതില്‍ ആറ് പേര്‍ മൂവാറ്റുപുഴ സ്വദേശികളും രണ്ട് പേര്‍ മലപ്പുറം സ്വദേശികളുമാണ്. ഇവരില്‍ മലപ്പുറം പട്ടിക്കാട് സ്വദേശി മുഹമ്മദ് സലിം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. മറ്റ് പ്രതികളും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ കോടതി തീരുമാനം വരെ കസ്റ്റംസിന് കാത്തിരിക്കേണ്ടിവരും. അതേ സമയം സ്വര്‍ണക്കടത്ത് കേസില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ അസിസ്റ്റന്റ് ജാബിറിനൊപ്പം അറസ്റ്റിലായ പിതാവ് മൂവാറ്റുപുഴ സ്വദേശി എ കെ ബഷീറിനെ ഇന്നലെ ജയിലലടച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ബഷീറിനെ ഇന്നലെ വൈകീട്ട് ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയത്.
ഹൃദയ സംബന്ധമായ അസുഖമുള്ളതിനാല്‍ ബഷീറിന് ജയില്‍ അധികൃതര്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കും. നേരത്തെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റിമാന്‍ഡിലായ ബഷീറിനെ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ സൂക്ഷിച്ചത്.

---- facebook comment plugin here -----

Latest