Connect with us

Kerala

സംസ്ഥാനത്തിന്റെ പൊതുകടം 1,19,009 കോടി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം കുതിച്ചുയരുകയാണെന്ന് മൂന്നാം പൊതുചെലവ് അവലോകന സമിതിയുടെ റിപ്പോര്‍ട്ട്. 2010 മാര്‍ച്ചിലെ കണക്ക് അനുസരിച്ച് 70,969 കോടി രൂപയായിരുന്ന കടം 2013 സാമ്പത്തിക വര്‍ഷത്തിലെത്തിയപ്പോള്‍ 1,19,009 കോടിയായി വര്‍ധിച്ചു. വളര്‍ച്ചാ നിരക്ക് കുറയുന്നതിന് ഒപ്പം റവന്യുകമ്മിയും കൂടുന്നതായി സമിതിയുടെ നാലാമത്തെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തരകടം, കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള വായ്പയും മുന്‍കൂറും ഉള്‍പ്പെടെയുള്ള മൊത്തം കടത്തില്‍ 60 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊതുവിപണിയില്‍ നിന്നുള്ള ധനസമാഹരണം ഇരട്ടിയോളമായതാണ് കടം വര്‍ധിക്കാന്‍ കാരണായി പറയുന്നത്.
ഡോ. കെ പുഷ്പാംഗദന്‍ ചെയര്‍മാനും ഡോ. കെ വി ജോസഫ്, ഡോ. മേരി ജോര്‍ജ്, ഡോ. വി നാഗരാജന്‍ നായിഡു എന്നിവര്‍ അംഗങ്ങളുമായ സമിതിയുടെ റിപ്പോര്‍ട്ട് ഇന്നലെ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. സംസ്ഥാനത്തിന്റെ മൊത്തം ചെലവിലും വര്‍ധനയുണ്ട്. വരവില്‍ ഭൂരിഭാഗവും ചെലവിടുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മറ്റു ആനുകുല്യങ്ങളും നല്‍കുന്നതിനാണ്. 2011-12 ലെ കണക്ക് അനുസരിച്ച വരുമാനത്തിന്റെ പകുതിയോളമാണ് (48.6 ശതമാനം) ഈയിനത്തിലെ ചെലവ്. ശമ്പളത്തിനും പെന്‍ഷനും മാത്രം 24,782 കോടി രൂപയാണ് മാറ്റിവെക്കുന്നത്. 2010 – 11 ല്‍ ഇത് 16,805 കോടി രൂപ (43.32 ശതമാനം) ആയിരുന്നു. ഈ പ്രവണത മൂലധനച്ചെലവില്‍ കാര്യമായ കുറവ് വരുത്തുന്നത് സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്കിനെ ബാധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര ജീവനക്കാരുടെ മാതൃകയില്‍ സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം പത്ത് വര്‍ഷത്തിലൊരിക്കലായി നിജപ്പെടുത്തണമെന്നും സമിതി ശിപാര്‍ശ ചെയ്തു.
റവന്യുകമ്മി വര്‍ധിച്ചിട്ടുണ്ടെങ്കിലും അപകടകരമല്ല. 2012-13ല്‍ 9351 കോടി രൂപയായിരുന്നത് (62.33ശതമാനം) 13-14ല്‍ 11308 കോടി രൂപ (66.74 ശതമാനം)ആയിട്ടുണ്ട്. നികുതി വരുമാനത്തില്‍ വളര്‍ച്ചയുണ്ടെങ്കിലും നികുതിയേതര വരുമാനത്തില്‍ കുറവാണ് രേഖപ്പെടുത്തുന്നത്. വില്‍പ്പന നികുതിയും മൂല്യവര്‍ധിത നികുതിയുമാണ് സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ ഗണ്യഭാഗവും (70 ശതമാനം) സംഭാവന ചെയ്യുന്നത്. കേന്ദ്ര വിഹിതം സംസ്ഥാനം ഫലവത്തായി ചെലവിടുന്നില്ലെന്ന പരാതി പരിശോധിച്ച സമിതി ഫണ്ട് പരമാവധി ചെലവിടണമെന്നും ശിപാര്‍ശ ചെയ്തു. മൂലധനച്ചെലവിന്റെ വളര്‍ച്ചാ നിരക്കില്‍ മുന്‍കാലങ്ങളില്‍ രേഖപ്പെടുത്തിയ വര്‍ധന കുറയുന്നു. 14.5 ശതമാനത്തില്‍ നിന്നും 6.4 ശതമാനമായി കുറഞ്ഞു. പദ്ധതിച്ചെലവിലും ഈ പ്രവണത ദൃശ്യമാകുന്നുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി. പണം ചെലവഴിക്കുന്നതില്‍ വകുപ്പുകള്‍ തമ്മിലുള്ള അന്തരം വര്‍ധിച്ചു. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നൂതന സംവിധാനങ്ങളുടെയും ആശയങ്ങളുടെയും പോരായ്മ കാരണമാണ് ഇത് സംഭവിക്കുന്നത്.
പഞ്ചായത്തുകളുടെ പദ്ധതിവിഹിതം ചെലവിടുന്നതും കുറയുന്നു. പദ്ധതികള്‍ക്ക് കൃത്യസമയത്ത് ഭരണാനുമതി നല്‍കാത്തതാണ് പഞ്ചായത്തുകള്‍ക്ക് പദ്ധതി വിഹിതം കൃത്യമായി ചെലവിടാന്‍ കഴിയാത്തത്. നേരത്തെ തന്നെ അനുമതി നല്‍കിയാല്‍ ഫലപ്രദമായി രീതിയില്‍ പരമാവധി തുക വിനിയോഗിക്കാനാകും. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോത്പാദനവും കടവും തമ്മിലുള്ള അനുപാതം കൂടിയിട്ടുണ്ടെങ്കിലും 13-ാം ധനകാര്യകമ്മീഷന്‍ നിര്‍ദേശിച്ച പരിധിക്കുള്ളില്‍ നിര്‍ത്താനായി. നിലവിലെ മദ്യനയം കൊണ്ട് സംസ്ഥാനത്തിനുണ്ടായ നഷ്ടം അന്യസംസ്ഥാനങ്ങള്‍ക്ക് ഗുണകരമായി. ഈ നഷ്ടം നികത്തുന്നതിന് വാര്‍ഷികാടിസ്ഥാനത്തിലുളള നയത്തിന് പകരം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മദ്യനയം രൂപവത്കരിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്തു.
നികുതിയേതര വകുമാനം കൂട്ടുന്നതിന്റെ ഭാഗമായി കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴ, ഫീസ് പുതുക്കല്‍, വിഭവ സമാഹരണം, തുടങ്ങിയവ സംബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ കര്‍മ പദ്ധതി തയാറാക്കി നടപ്പാക്കണം. ലോട്ടറിയില്‍ നിന്നും വരുമാനം കൂടുന്നുണ്ടെങ്കിലും ചെലവ് അധികരിക്കുന്നത് ഒഴിവാക്കാന്‍ ധനവകുപ്പ് കൃത്യമായ അവലോകന സംവിധാനം രൂപവത്കരിക്കണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നുണ്ട്.

Latest