Connect with us

Kerala

കണ്ണൂരില്‍ പോലീസും സമരക്കാരും ഏറ്റുമുട്ടി; 30 പേര്‍ക്ക് പരുക്ക്

Published

|

Last Updated

 

കണ്ണൂര്‍: പാഠപുസ്തകം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച എസ് എഫ് ഐ സമരങ്ങള്‍ക്കു നേരെയുണ്ടായ പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.
കണ്ണൂര്‍ സിവില്‍സ്റ്റേഷനിലെ വിദ്യാഭ്യാസ ഓഫീസിലേക്കും തളിപ്പറമ്പ് താലൂക്കാഫീസ് അങ്കണത്തിലെ വിദ്യാഭ്യാസ ഓഫീസിലേക്കും നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് മണിക്കൂറുകളോളം നീണ്ട സംഘര്‍ഷത്തില്‍ കലാശിച്ചത്. അക്രമങ്ങളില്‍ 20 ഓളം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കും പത്ത് പോലീസുകാര്‍ക്കും പരുക്കേറ്റു.
പോലീസ് മര്‍ദനത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാത്തതില്‍ പ്രതിഷേധിച്ച് കണ്ണുര്‍ ടൗണ്‍ സ്റ്റേഷന്‍ സി പി എം നേതാക്കള്‍ ഉപരോധിച്ചതും ഏറെ നേരം സംഘര്‍ഷാവസ്ഥക്കിടയാക്കി. കണ്ണൂരിലെ സിവില്‍ സ്റ്റേഷന്‍ അനക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഡി ഇ ഒ ഓഫീസിലേക്ക് രാവിലെ 11.30 ഓടെയാണ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയത്. ഗേറ്റിനു മുന്നില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത് പ്രകടനക്കാരെ പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച സമരക്കാര്‍ കൊടി കെട്ടിയ വടി ഉപയോഗിച്ച് പോലീസുകാരെ മര്‍ദിക്കാന്‍ ശ്രമിച്ചു. ഏതാനും കല്ലുകളും പോലീസുകാര്‍ക്കു നേരേ എറിഞ്ഞു. പിന്നീട് പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നു പ്രസംഗം ആരംഭിച്ചു. പോലീസ് ഇവര്‍ക്കു വലയവും തീര്‍ത്തു.
ഇതിനിടെ സമരക്കാര്‍ വീണ്ടും പ്രകോപിതരായി. ഇതേത്തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ചിതറിയോടി. പലയിടത്തായി കൂട്ടം കൂടി നിന്ന് കല്ലേറ് നടത്തി. ഇതോടെ പോലീസ് പലതവണ ഗ്രനേഡും ടിയര്‍ഗ്യാസും പ്രയോഗിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം സമയം സംഘര്‍ഷം നീണ്ടു നിന്നു. പിന്നീട് പലവഴിക്കായി പിരിഞ്ഞു പോയ പ്രവര്‍ത്തകരെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി മര്‍ദിച്ചു. പേലീസിന്റെ മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ സജിത്ത് (26) രാഹുല്‍(24) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ ടൗണ്‍ സി ഐ. എം പി ആസാദ് ഉള്‍പ്പെടെയുള്ള പത്ത് പോലീസുകാര്‍ക്കും ചികിത്സ നല്‍കി.
അതിനിടെ കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ കാണാന്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി ശിവദാസന്റെ നേതൃത്വത്തില്‍ നിരവധി നേതാക്കളും പ്രവര്‍ത്തകരുമെത്തി. ഇവര്‍ക്കിടയില്‍ നിന്ന് കഴിഞ്ഞ ദിവസം എസ് എഫ് ഐ നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് അഫ്‌സലിനെ ടൗണ്‍ എസ് ഐ സനല്‍കുമാര്‍ കസ്റ്റഡിയിലെടുത്തത് വീണ്ടും പ്രതിഷേധത്തിനിടയാക്കി. അഫ്‌സലിനെ എസ് ഐ മര്‍ദിച്ചുവെന്നാരോപിച്ച് ഡി വൈ എഫ് ഐ-സി പി എം നേതാക്കള്‍ സ്റ്റേഷനില്‍ കുത്തിയിരിപ്പു തുടങ്ങി. ഇതിനിടെ സ്ഥലത്തെത്തിയ സി പി എം സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജനെ പോലീസ് അകത്തേക്കു പ്രവേശിപ്പിച്ചില്ല. തുടര്‍ന്ന് ബലംപ്രയോഗിച്ച് അകത്തേക്കു കടന്ന ജയരാജനും സ്റ്റേഷനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഏറെ സമയത്തിനു ശേഷം ജില്ലാ പോലീസ് ചീഫ് പി എന്‍ ഉണ്ണിരാജന്‍ സ്ഥലത്തെത്തി നേതാക്കളുമായി സംസാരിച്ചു. അഫ്‌സലിനെ മര്‍ദിച്ചിട്ടുണ്ടങ്കില്‍ സ്റ്റേഷനിലെ സി സി ടി വി ദൃശ്യം നോക്കി നടപടിയെടുക്കാമെന്ന് പോലീസ് മേധാവിയുടെ ഉറപ്പിന്മേല്‍ കുത്തിയിരിപ്പു സമരം അവസാനിപ്പിക്കുകയായിരുന്നു.

Latest