ചാരക്കേസ്: സര്‍ക്കാരിനും സിബി മാത്യൂസിനും സുപ്രീംകോടതി നോട്ടീസ്

Posted on: July 9, 2015 4:28 pm | Last updated: July 12, 2015 at 12:27 am

supreme courtന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും മുന്‍ ഡിജിപി സിബി മാത്യൂസിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതിരുന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലേയെന്നു കോടതി ആരാഞ്ഞു. ജസ്റ്റീസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി. പന്ത് എന്നിവരടങ്ങിയ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്.

സിബി മാത്യൂസിനു പുറമെ റിട്ടയേര്‍ഡ് എസ്പിമാരായ കെ കെ ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരേയും നടപടി വേണമെന്നാണു ഹര്‍ജിയില്‍ ആവശ്യം. നിയമവിരുദ്ധമായ അറസ്റ്റിന് ഇവരും ഉത്തരവാദികളാണെന്നു സിബിഐ കണ്‌ടെത്തിയിട്ടുണ്‌ടെന്നും നമ്പി നാരായണന്‍ കോടതിയെ അറിയിച്ചു.