കുഞ്ഞമ്മക്ക് ഇനി പേരക്കുട്ടിയുടെ തണല്‍

Posted on: July 9, 2015 10:37 am | Last updated: July 9, 2015 at 10:37 am
SHARE
കുഞ്ഞമ്മയെ പേരക്കുട്ടിയായ രതീഷ് വീട്ടിലേക്ക് കൊണ്ടുപോകുന്നു
കുഞ്ഞമ്മയെ പേരക്കുട്ടിയായ രതീഷ് വീട്ടിലേക്ക് കൊണ്ടുപോകുന്നു

വളാഞ്ചേരി: മക്കളുപേക്ഷിച്ച് വൃദ്ധ സദനത്തിലായ വള്ളിക്കുന്ന് സ്വദേശിനി കുഞ്ഞമ്മക്ക് പേരക്കുട്ടി അഭയം നല്‍കും. രണ്ട് ആണ്‍ മക്കളും രണ്ട് പെണ്‍മക്കളുമുണ്ടായിട്ടും ആരും തിരിഞ്ഞ് നോക്കാനില്ലാതെ കിടന്ന കുഞ്ഞമ്മയെ ഒരാഴ്ച മുമ്പാണ് തവനൂരിലെ സര്‍ക്കാര്‍ വൃദ്ധ സദനത്തിലാക്കിയത്. തകര്‍ന്ന് വീഴാറായ പ്ലാസ്റ്റിക് കൂരക്ക് കീഴിലുള്ള ഇവരുടെ ജീവിതത്തെ കുറിച്ച് സിറാജില്‍ വാര്‍ത്ത നല്‍കിയിരുന്നു.
കുടുംബ വഴക്കിനെ തുടര്‍ന്നാണ് അരിയല്ലൂര്‍ സര്‍ക്കാര്‍ യു പി സ്‌കൂളിന് പിന്‍വശത്തെ പ്ലാസ്റ്റിക് ഷീറ്റിട്ട കൂരയില്‍ താമസിക്കാന്‍ പരേതനായ നമ്പ്യാരു വീട്ടില്‍ കറപ്പന്‍ കുട്ടിയുടെ ഭാര്യ കുഞ്ഞമ്മക്ക് (75) ദുരവസ്ഥ വന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരിച്ചതോടെയാണ് ഒറ്റക്കായത്. കുഞ്ഞമ്മയുടെ ദയനീയ അവസ്ഥ വായിച്ചറിഞ്ഞ് തകര്‍ന്ന് വീഴാറായ വീട്ടിനുള്ളില്‍ നിന്ന് കുഞ്ഞമ്മയെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാരും സാമൂഹ്യ പ്രവര്‍ത്തകരും മക്കളെ ചെന്ന് കണ്ടെങ്കിലും ഇവര്‍ വിസമ്മതിക്കുകയായിരുന്നു.
തുടര്‍ന്ന് പരപ്പനങ്ങാടി പോലീസും പരപ്പനങ്ങാടി കോടതിയും ഇടപെട്ടാണ് തവനൂര്‍ വൃദ്ധ സദനത്തിലാക്കിയത്. ഒരാഴ്ചത്തെ വൃദ്ധസദന വാസത്തിന് ശേഷം പേരക്കുട്ടിയായ രതീഷ് (22) ആണ് ഇന്നലെ അമ്മമ്മയെ കൊണ്ടുപോകാനായി അമ്മയേയും കൂട്ടി തവനൂര്‍ വൃദ്ധസദനത്തിലെത്തിയത്.