‘ജനഗണമന’യില്‍ കല്യാണ്‍ സിംഗിന്റെ തിരുത്തല്‍ നിര്‍ദേശം

Posted on: July 9, 2015 6:00 am | Last updated: July 9, 2015 at 1:13 am

ജയ്പൂര്‍: ‘ജനഗണമന…’ എന്നു തുടങ്ങുന്ന ദേശീയഗാനത്തിന് ഭേദഗതി നിര്‍ദേശവുമായി രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ്. ‘അധിനായക ജയ ഹേ…’ എന്ന വരിയിലെ ‘അധിനായകന്‍’ എന്നത് ബ്രിട്ടീഷ് ഭരണകാലത്തെ അനുസ്മരിക്കുന്നതാണെന്ന വിശദീകരണവുമായാണ് അദ്ദേഹം തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്. രാജസ്ഥാന്‍ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു കല്യാണ്‍ സിംഗ്.
ദേശീയഗാനം രചിച്ച രവീന്ദ്രനാഥ ടാഗോറില്‍ തനിക്ക് പൂര്‍ണവിശ്വാസവും ബഹുമാനവും ഉണ്ട്. എന്നിരുന്നാലും ‘അധിനായക’ പ്രയോഗം നീക്കം ചെയ്യുന്നതാണ് ഉചിതം. പകരം ‘മംഗള്‍’ എന്ന വാക്ക് ചേര്‍ക്കാം.
ഗവര്‍ണറുടെ പേരിന് മുന്നില്‍ ചേര്‍ക്കുന്ന ‘മഹാന്‍’ പ്രയോഗം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഗള്‍ ഭരണാധികാരി അക്ബറിനല്ല രാജ്യത്തിന് പ്രചോദനമായിരുന്ന രജപുത് ഭരണാധികാരികള്‍ക്കാണ് മഹാന്‍ വിശേഷണം വേണ്ടതെന്ന് കഴിഞ്ഞ ദിവസം കല്യാണ്‍ സിംഗ് അബിപ്രായപ്പെട്ടിരുന്നു. വിക്‌ടോറിയ രാജ്ഞിയല്ല ഝാന്‍സി റാണിയാണ്, ഔറംഗസേബല്ല ശിവജിയാണ് മഹാനെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കൂടിയായ കല്യാണ്‍ സിംഗ് ദേശീയഗാനത്തിന് തിരുത്തുമായി രംഗത്തെത്തിയത്.
അതേസമയം, കല്യാണ്‍ സിംഗിന്റെ അഭിപ്രായത്തെ തള്ളി പശ്ചിമബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന ബി ജെ പി നേതാവ് തഥാഗത റോയിയും സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടും രംഗത്തെത്തി. സ്വാതന്ത്ര്യം ലഭിച്ച് 67 വര്‍ഷം പിന്നിട്ട ഈ സാഹചര്യത്തില്‍ ദേശീയഗാനത്തില്‍ ഒരു തിരുത്തിന്റെ ആവശ്യവും ഇല്ലെന്ന് തഥാഗത റോയി പറഞ്ഞു. കല്യാണ്‍ സിംഗ് വെറുമൊരു ആര്‍ എസ് എസ് പ്രചാരകിനെ പോലെയാണ് സംസാരിക്കുന്നതെന്ന് വൃന്ദാ കാരാട്ടും പ്രതികരിച്ചു.