വ്യാപം: കുറ്റാരോപിതരുടെ പട്ടികയില്‍ ഗവര്‍ണറുടെ സ്ഥാനം പത്താമത്

Posted on: July 9, 2015 6:00 am | Last updated: July 9, 2015 at 1:04 am
SHARE

Governor-Ram-Naresh-Yadav

ഭോപാല്‍: വ്യാപം തട്ടിപ്പുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസിലെ കുറ്റാരോപിതരുടെ പട്ടികയില്‍ മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവ് പത്താം സ്ഥാനത്താണെന്ന് തെളിയിക്കുന്ന പോലീസ് രേഖകള്‍ ഒരു ദേശീയ ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടു. പക്ഷേ, ഭരണഘടനയനുസരിച്ചുള്ള പരിരക്ഷ കാരണം അദ്ദേഹം അന്വേഷണത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുകയാണ്. അദ്ദേഹത്തിന്റെ കൂടെ കുറ്റാരോപിതരുടെ പട്ടികയിലുള്ള ഭൂരിഭാഗം പേരും ഇന്ന് ജയിലിലാണ്.
ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ട രേഖകള്‍ ശരിയാണെങ്കില്‍ ഗവര്‍ണര്‍ തീര്‍ച്ചയായും അന്വേഷണത്തിന് വിധേയനാകേണ്ടതാണെണും മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ബി ജെ പി ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവി ദിഗ്‌വിജയ് സിംഗ് പറഞ്ഞു. ഗവര്‍ണറെ പുറത്താക്കിയാല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുമെന്ന ഭയമാണ് ബി ജെ പിക്കെന്നും ദിഗ്‌വിജയ് സിംഗ് ആരോപിച്ചു.
കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഗവര്‍ണര്‍ രാംനരേഷ് യാദവും മകന്‍ ശൈലേഷ് യാദവും കുറ്റാരോപിതരുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം ചേര്‍ക്കപ്പെടുന്നത്. വ്യാപം കേസ് അന്വേഷിക്കുന്ന പ്രത്യേക ദൗത്യ സേനയുടെ എഫ് ഐ ആറില്‍ ഇവരുടെ പേരുണ്ട്. ഗവര്‍ണര്‍ സ്ഥാനത്ത് തുടരുന്നിടത്തോളം രാം നരേഷ് യാദവിനെതിരെ അന്വേഷണം വേണ്ടെന്നും എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് പോലീസ് മൊഴിയെടുക്കണമെന്നും ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണറുടെ മകന്‍ ശൈലേഷ് യാദവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. വ്യാപം കേസില്‍ അറസ്റ്റിലായ വീര്‍പാല്‍ സിംഗ് എന്നയാളുടെ മൊഴി പ്രകാരം, ഇയാള്‍ പത്ത് പേരുടെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ ഓഫീസില്‍ വെച്ച് മൂന്ന് ലക്ഷം രൂപ ശൈലേഷ് യാദവിന് നല്‍കിയിട്ടുണ്ട്.
എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം മുന്‍ യു പി എ സര്‍ക്കാറിന്റെ കാലത്ത് നിയമിച്ച ഗവര്‍ണര്‍മാരെയെല്ലാം പിരിച്ചുവിട്ട് പുതിയ നിയമനം നടത്തിയിരുന്നു. എന്നാല്‍ രാം നരേഷ് യാദവിനെ പിരിച്ചുവിടാന്‍ അവര്‍ തയ്യാറായതുമില്ല. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
500ഓളം കുറ്റാരോപിതരുള്ള വ്യാപം അഴിമതി കേസില്‍ അറസ്റ്റിലായ 2000ത്തോളം പേരില്‍ മൂന്നില്‍ രണ്ടും വിദ്യാര്‍ഥികളോ അവരുടെ രക്ഷിതാക്കളോ ആ ണ്. വിദ്യാര്‍ഥികളും രക്ഷിതാക്കളുമായി 900ത്തോളം പേരാണ് വ്യാപം കേസില്‍ അറസ്റ്റിലായിട്ടുള്ളത്. സര്‍ക്കാര്‍ കോളജുകളില്‍ പ്രവേശനം നേടുന്നതിനോ അധ്യാപകര്‍, ഡോക്ടര്‍, പോലീസ് എന്നിങ്ങനെ സര്‍ക്കാര്‍ ജോലി തരപ്പെടുത്തുന്നതിനോ തെറ്റായ വഴികളില്‍ കൂടി ശ്രമിച്ചവരാണ് ഇവര്‍. കേസുമായി ബന്ധപ്പെട്ട് 56 എഫ് ഐ ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എന്നാല്‍, 77 ലക്ഷം ഉദ്യോഗാര്‍ഥികള്‍ നിയമനം ലഭിക്കുന്നതിന് വേണ്ടി കൈക്കൂലി നല്‍കിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.